മരണശേഷം അക്കൗണ്ടിലെ പണവും ലോക്കറിലെ സാമഗ്രികളും അവകാശികള്‍ക്കു ലഭ്യമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പുതുക്കി. കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് പരിഷ്‌കരിച്ച ചട്ടമെന്ന് ആര്‍ബിഐ അറിയിച്ചു. 2026 മാര്‍ച്ച് 31നകം ബാങ്കുകള്‍ പുതുക്കിയ ചട്ടം നടപ്പാക്കണം. അക്കൗണ്ടുകളിലെയും ലോക്കറുകളിലെയും ക്ലയിമുകള്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ വ്യവസ്ഥ.
സഹകരണ ബാങ്കുകളില്‍ അഞ്ചു ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണ് ബാലന്‍സ് എങ്കില്‍ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഉടമയോ ഇല്ലെങ്കില്‍ പോലും നിയമപരമായ അവകാശികള്‍ക്ക് തുക ക്ലെയിം ചെയ്യാം. ഈ പരിധിക്കു മുകളിലാണെങ്കില്‍ അധികരേഖകള്‍ നല്‍കണം. ബാങ്കിന്റെ ഭാഗത്ത് താമസമുണ്ടായാല്‍ പ്രതിവര്‍ഷം നാല് ശതമാനം വീതം അധികപലിശ നഷ്ടപരിഹാരം നല്‍കണം.
ലോക്കറുകളുടെ കാര്യത്തില്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപവീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും പുതുക്കിയ ചട്ടം പറയുന്നു. മരിച്ചുപോയവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലയിമുകള്‍ നടപടിക്രമത്തിലെ അവ്യക്തത മൂലം അവകാശികള്‍ക്ക് ലഭ്യമാകാന്‍ കാലതാമസം നേരിടുന്നുവെന്ന പ്രശ്‌നം മനസിലാക്കിയാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്.
ഒരു അക്കൗണ്ടില്‍ നോമിനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ലയിം തീര്‍പ്പാക്കുന്നതിന് മറ്റ് രേഖകള്‍ ആവശ്യപ്പെടേണ്ടതില്ല. ജോയിന്റ് അക്കൗണ്ടാണെങ്കിലും, ഒരാള്‍ മരണപ്പെട്ടാല്‍ അടുത്ത അക്കൗണ്ട് ഹോള്‍ഡര്‍ക്ക് പണം കൈമാറാം. ഇങ്ങനെയുള്ള കൈമാറ്റത്തിന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, കോടതി അംഗീകരിച്ച വില്‍പത്രങ്ങള്‍, ലെറ്റര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഡെംനിറ്റി (നഷ്ടപരിഹാര) ബോണ്ട്, ആള്‍ജാമ്യം എന്നിവ ബാങ്കുകള്‍ ആവശ്യപ്പെടേണ്ടതില്ല. പകരം നിശ്ചിത ക്ലെയിം ഫോം, മരണസര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ തിരിച്ചറിയല്‍ രേഖ എന്നിവ മതി.
ഇനി അക്കൗണ്ടില്‍ നോമിനിയെ ഉള്‍പ്പെടുത്തിയില്ലെങ്കിലും, ജോയിന്റ് അക്കൗണ്ട് ഹോള്‍ഡര്‍ അല്ലെങ്കിലും അക്കൗണ്ടിലെ തുക എത്രയാണെന്ന് നോക്കിയാണ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം കേസുകളില്‍, അക്കൗണ്ടിലെ തുക സഹകരണ ബാങ്കുകളില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണെങ്കില്‍ , ക്ലെയിം ഫോം, മരണസര്‍ട്ടിഫിക്കറ്റ്, അവകാശിയുടെ തിരിച്ചറിയല്‍ രേഖ, ഇന്‍ഡെംനിറ്റി (നഷ്ടപരിഹാര) ബോണ്ട്, മറ്റ് അവകാശികളുണ്ടെങ്കില്‍ അവരുടെ എതിര്‍പ്പില്ലാരേഖ, നിയമപരമായ അവകാശിയെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുടുംബത്തിനു പരിചയമുള്ള ഒരു വ്യക്തിയുടെ സത്യപ്രസ്താവന എന്നിവ ഹാജരാക്കിയാല്‍ പണം കൈമാറാം. ഇത്തരം കേസുകളില്‍ ബാങ്കുകള്‍ ആള്‍ജാമ്യം ആവശ്യപ്പെടേണ്ടതില്ല.
അക്കൗണ്ടിലെ തുക മുകളില്‍ പറഞ്ഞ പരിധിയില്‍ കൂടുതലാണെങ്കില്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനു പകരം കുടുംബത്തിനറിയാവുന്ന ഒരു വ്യക്തിയുടെ സത്യപ്രസ്താവന (നോട്ടറി/ജഡ്ജി സാക്ഷ്യപ്പെടുത്തിയത്) നല്‍കാം. ഇത്തരം കേസുകളില്‍ മുന്‍പ് പറഞ്ഞ രേഖകള്‍ക്കൊപ്പം ആള്‍ജാമ്യവും ആവശ്യപ്പെടാം. ജോയിന്റ് അക്കൗണ്ടുകളാണെങ്കില്‍ എല്ലാ ഉടമകളുടെയും മരണത്തിനു ശേഷം മാത്രമേ നോമിനികള്‍ക്ക് അവകാശമുണ്ടാകൂ.
നോമിനി ഇല്ലാതാരിക്കുകയും അക്കൗണ്ട് ഉടമയ്ക്ക് വില്‍പത്രം ഉണ്ടായിരിക്കുകയും ചെയ്താല്‍, അത്തരം കേസുകളില്‍ ബാങ്ക് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില്‍പത്രത്തില്‍ നിയമപരമായ അവകാശിയല്ലാത്ത ഒരാളെയാണ് ഗുണഭോക്താവായി ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കില്‍ ആ ആളില്‍നിന്ന് ആവശ്യമായ എല്ലാ രേഖകളും ബാങ്ക് നേടിയിരിക്കണം. വില്‍പത്രമുണ്ടെങ്കില്‍ കോടതി അംഗീകാരം നല്‍കിയ പ്രൊബേറ്റ് അനുസരിച്ച് ബാങ്കുകള്‍ക്ക് സെറ്റില്‍ ചെയ്യാം. മറ്റ് തര്‍ക്കങ്ങളോ നിയമതടസങ്ങളോ ഇല്ലെങ്കില്‍ പ്രൊബൈറ്റ് ഇല്ലാതെയും ക്ലയിം തീര്‍പ്പാക്കാനുള്ള വിവേചനാധികരമുണ്ടാകും. ക്ലയിം തീര്‍പ്പാക്കിയത് ശേഷവും മരിച്ചയാളുടെ അക്കൗണ്ടിലേക്ക് പണം വന്നാല്‍, അക്കൗണ്ട് ഉടമ മരണപ്പെട്ടുവെന്ന് പണം അയച്ച ആളെ അറിയിക്കുകയും തുക മടക്കി നല്‍കുകയും വേണം. ഇങ്ങനെ ചെയ്തുവെന്ന കാര്യം അവകാശികളെയും ബാങ്ക് അറിയിക്കണം. ബാങ്ക് പണം നല്‍കുന്നത് തടഞ്ഞുകൊണ്ട് കോടതിയില്‍നിന്ന് ഉത്തരവുണ്ടെങ്കില്‍ ഉത്തരവ് പ്രാബല്യത്തിലുള്ള കാലയളവില്‍ ക്ലെയിം അപേക്ഷ പരിഗണിക്കരുത്.
