ഡോ.ടി.എം. തോമസ് ഐസക്
ദേശീയ സഹകരണ നയത്തില്‍ കേരളം കരുതലയോടെ ഇരിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഏറെയുള്ളത്. ഒറ്റനോട്ടത്തില്‍ നല്ല പദ്ധതികളും നിര്‍ദ്ദേശങ്ങളുമെന്ന് തോന്നുമെങ്കിലും അതില്‍ അന്തര്‍ലീനമായി കിടക്കുന്ന അപകടങ്ങള്‍ ഏറെയുണ്ട്. സഹകരണത്തിലൂടെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സഹകാര്‍ഭാരതി മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശത്തിലൂടെയാണ് ഈ അജണ്ട കേന്ദ്രം നയരൂപത്തില്‍ കൊണ്ടുവരുന്നത്. ഇത് ഒരുചെറിയകളിയല്ല. കരുതലോടെ കാത്തിരിക്കേണ്ടതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും ജനകീയമായി പ്രതിരോധിക്കേണ്ടതുമായ ഒന്നാണ്…..
കേന്ദ്രസര്‍ക്കാര്‍ ദേശീയ സഹകരണ നയം പ്രഖ്യാപിച്ചതിനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നതില്‍ സര്‍ക്കമില്ല. കേരളത്തില്‍ സഹകരണ പ്രസ്ഥാനം ശക്തിയാര്‍ജിച്ചത് പുരോഗമന ആശയങ്ങളിലൂന്നിക്കൊണ്ട് കൂടിയാണ്. എല്ലാവിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കുന്ന തത്വശാസ്ത്രമാണ് സഹകരണത്തിന്റേത്. അതില്‍ വിള്ളലുണ്ടാകുന്ന നയപരമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നതാണ് ദേശീയ സഹകരണ നയം വിലയിരുത്തുമ്പോള്‍ ബോധ്യമാകുന്നത്. ദേശീയ സഹകരണ നയത്തേക്കുറിച്ച് കേരള സര്‍ക്കാരിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നിലപാട് എടുത്തിട്ടും കേന്ദ്രം എന്തുകൊണ്ടാണ് ഈ നയത്തില്‍തന്നെ ഉറച്ചുനില്‍ക്കുന്നത്. അതിന്റെ രാഷ്ട്രീയമാണ് പ്രധാനം. ആ രാഷ്ട്രീയത്തിന്റെ പ്രത്യേകതയും അപകടവും കേരളത്തിലെ മുഴുവന്‍പേരും തിരിച്ചറിയേണ്ടതുണ്ട്. എല്‍ഡിഎഫും യുഡിഎഫും സഹകരണ മേഖലയിലെ കേന്ദ്രത്തിന്റെ നയത്തെക്കുറിച്ച് ഉറച്ച് ചിന്തിക്കേണ്ടതുണ്ട്.
യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് എന്നാണ് ഭരണഘടന രാഷ്ട്രത്തെ നിര്‍വചിക്കുന്നത്. ഫെഡറല്‍ സംവിധാനമെന്നത് ഭരണഘടനയുടെ മാറ്റാന്‍ പറ്റാത്ത ഒന്നാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സഹകരണം സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണ്. സംസ്ഥാനത്തിന്റെ അധികാരവിഷയങ്ങളായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം കൃഷി തുടങ്ങിയവയൊക്കെ ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, സഹകരണം ഇപ്പോഴും സംസ്ഥാന വിഷയമാണ്. അങ്ങനെയിരിക്കെയാണ് ദൗര്‍ഭാഗ്യവശാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 97-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. അതില്‍ ഭരണഘടനയിലെ വ്യവസ്ഥകളില്‍ സഹകരണ മേഖലയെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഏകപക്ഷീയമായി ഭേദഗതി കൊണ്ടുവന്നു. സുപ്രീംകോടതി അത് തള്ളി. പാര്‍ല്ലമെന്റില്‍ നിയമം പാസാക്കാന്‍ അധികാരമുള്ള വിഷയമല്ല സഹകരണം എന്നത് തന്നെയാണ് അതിന് കാരണം. സഹകരണത്തെ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റണമെങ്കില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും സമ്മതിക്കണം. അതുകൊണ്ട്, ഇത് ഭരണഘടനാവിരുദ്ധമായി നടപടിയായി കണ്ടാണ് സുപ്രീംകോടതി അത് തള്ളിയത്. ഗുജറാത്തിലെ ഹൈക്കോടതി ആദ്യം തള്ളുകയും അത് സുപ്രീംകോടതി ശരിവെക്കുകയുമാണ് ഉണ്ടായത്. ഇവിടുന്ന് തുടങ്ങുകയാണ് രാഷ്ട്രീയം.
ഈ നിയമഭേദഗതിയെ പിന്‍പറ്റിയാണ് ബിജെപിയുടെ സഹകരണ മേഖലയിലെ സംഘടനയായ സഹകാര്‍ ഭാരതി അതിന്റെ പ്രവര്‍ത്തന ലക്ഷ്യം ചിട്ടപ്പെടുത്തിയിട്ടുള്ളത്. 97-ാം ഭരണഘടനാഭേദഗതി കൊണ്ടുവരുമ്പോള്‍ ബി.ജെ.പി. പ്രതിപക്ഷത്തായിരുന്നു. എന്നിട്ടും ഈ ഭരണഘടനാ ഭേദഗതിയെ ബി.ജെ.പി. അനുകൂലിച്ചു. അതിന് കാരണം, ഈ ഭേദഗതിയുടെ അന്തസത്തയുടെ ചാലക ശക്തി സഹകാര്‍ ഭാരതിയാണ് എന്നതാണ്. വൈദ്യനാഥന്‍ കമ്മീഷന് മുമ്പില്‍ സഹകാര്‍ ഭാരതി കൊടുത്ത നിര്‍ദ്ദേശങ്ങളില്‍ പലതും ഈ ഭരണഘടനാ ഭേദഗതിയില്‍ വന്നിട്ടുണ്ട്. നമ്മുടെ ചര്‍ച്ച അവിടുന്നാണ് തുടങ്ങേണ്ടത്. എന്താണ് ഈ സഹകാര്‍ ഭാരതി. എങ്ങനെയാണ് അവര്‍ വ്യത്യസ്തമാക്കുന്നത്. സഹകാര്‍ ഭാരതി ആര്‍.എസ്.എസ്. അഫിലിയേഷനുള്ള സംഘപരിവാര്‍ സംഘടനയല്ല. പക്ഷേ, അവരിലൂടെ സംഘപരിവാറിന് ലക്ഷ്യമുണ്ട്. സഹകാര്‍ ഭാരതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നയവും പദ്ധതികളും സ്‌കീമുകളുമായി പുറത്തിറക്കി നടപ്പാക്കുമ്പോള്‍ അതിലൂടെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണ് സ്ഥാപിക്കപ്പെടുന്നത്. ഇത് എങ്ങനെയാണ് നടപ്പാവുന്നത് എന്നത് നമ്മള്‍ കൃത്യമായി പരിശോധിക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.
ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം നമ്മുടെ പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി ഉയര്‍ന്നുവന്നതാണ്. വികസനത്തിന്റെ മൂന്നാം തൂണ്‍ എന്ന നിലയിലാണ് അത് മാറിയത്. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒപ്പം മൂന്നാമതായി നില്‍ക്കുന്നതാണ് സഹകരണ പ്രസ്ഥാനം. ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനവും എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സമീപനവുമാണ് സഹകരണ പ്രസ്ഥാനത്തിന്റെ രീതി. അതുകൊണ്ടുതന്നെ വളര്‍ച്ചയ്ക്കുള്ള ഉപകരണം എന്ന നിലയിലാണ് സഹകരണം മാറുന്നത്. ഇതിന് ഒരു മൂല്യാടിത്തറ കൂടി വേണമെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നത്. എന്താണ് ആര്‍.എസ്.എസ്. കണക്കാക്കുന്ന മൂല്യാടിത്തറ എന്നതാണ് പ്രധാനം. സഹകരണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ മൂല്യം പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയുമാണ്. ലോകമെമ്പാടും സഹകരണ പ്രസ്ഥാനം വളര്‍ന്നുവെന്നത് തൊഴിലാളികളുടെ സമരത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമായിട്ടാണ്. നമ്മുടെ നാട്ടില്‍ അത് സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൂടിയാണ് വളര്‍ന്നത്. ഊരാളുങ്കലിന്റെ മൂല്യബോധം നവോത്ഥാനത്തിന്റെ മൂല്യബോധമാണ്. ജാതിവെറിക്കെതിരെയുള്ള സമരത്തില്‍നിന്നാണ് വാഗ്ഭടാന്ദന്‍ ഊരാളുങ്കല്‍ സൊസൈറ്റി തുടങ്ങുന്നത്. ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള സമരത്തില്‍ വാഗ്ഭടാനന്ദന് ഒപ്പം നിന്നവരെ പണിക്ക് വിളിക്കാന്‍ സവര്‍ണജാതിക്കാര്‍ തയ്യാറാകാതെ വന്നപ്പോഴാണ് അവര്‍ക്കുവേണ്ടി ഒരു സംഘമുണ്ടാക്കാന്‍ തയ്യാറായത്. അത് സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു മൂല്യബോധത്തെ അടിസ്ഥാനമാക്കി ഒരു സഹകരണ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് സഹകാര്‍ ഭാരതിയുടെ ലക്ഷ്യം.
യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് പോയി. യു.പി.എ. ഭരണം അവസാനിക്കുന്നതിന് മുമ്പുതന്നെ ഭരണാഭേദഗതി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. പക്ഷേ, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതാണ് ആ അപ്പീലാണ്, ഇത് ഭരണാഘടാവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളിയത്. ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കം മുഴുവന്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുമെന്നായിരുന്നു നീക്കം. അതിനാണ് മൂന്ന് കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്നത്. കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ കോര്‍പ്പറേറ്റ് ഏജന്‍സികളെ ഏല്‍പിക്കുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അഗ്രിബിസിനസുകള്‍ ചെയ്യണമെന്നതാണ് രീതി. അതിനായി ഇന്ത്യയുടെ പുരോഗതിക്ക് രണ്ടാം ഹരിത വിപ്ലവം വേണം. ആ ഹരിത വിപ്ലവം നടത്താന്‍ പോകുന്നത് സര്‍ക്കാരല്ല, അഗ്രിബിസനിസ് ആയിരിക്കും. കൃഷിക്കാരന് വായ്പ കൊടുക്കാന്‍ അദാനി ക്യാപ്പിറ്റലുണ്ടാകും. അവന്റെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കില്ല. പകരം അഗ്രി ബിസിനസുകള്‍ ചെയ്യും. അങ്ങനെ കാര്‍ഷികോല്‍പന്നങ്ങള്‍ ഈ അഗ്രി ബിസിനസ് യൂണിറ്റുകള്‍ വാങ്ങണമെങ്കില്‍, വിത്തും വളവും എല്ലാം എന്താകണമെന്ന് അദാനിക ക്യാപ്പിറ്റല്‍ പറയും. ഇതാണ് മോഡല്‍. അങ്ങനെയാണ് ഡല്‍ഹിയില്‍ സമരം നടന്നതും അതില്‍ സമ്പന്നരായ കര്‍ഷകരടക്കം പങ്കെടുക്കുന്ന സ്ഥിയുണ്ടായതും.
ഭരണഘടനാ ഭേദഗതിയില്ലാതെ, സംസ്ഥാനങ്ങളുടെ അധികാരം നേരിട്ട് ലംഘിക്കാതെ എങ്ങനെ സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പുതിയ കാഴ്ചപ്പാടിലേക്ക് സഹകരണ മേഖലയെ കൊണ്ടുപോകാം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി ചെയ്ത കാര്യമാണ് സഹകരണ മന്ത്രാലയത്തിന്റെ രൂപവത്കരണം. പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുന്നതിലൂടെ ചില കാര്യങ്ങള്‍ ചെയ്യാനാകും. സഹകരണം സംസ്ഥാന വിഷയമാണെന്ന ഭരണഘടനാവ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം നിയമം നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മന്ത്രാലയത്തിലൂടെ സ്കീമുകളുണ്ടാക്കി പണം ചെലവഴിക്കാനാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നൊരു രീതി സഹകരണ മേഖലയിലും വരുകയാണ്. സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ കേന്ദ്രത്തിന് സ്കീമുണ്ടാക്കാം. അതുവഴി സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടക്കാം. ഇതാണ് സഹകരണ മേഖലയില്‍ കൊണ്ടുവരുന്നത്.
കാര്‍ഷികമേഖല ലക്ഷ്യമിട്ടുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കത്തിന്റെ തുടര്‍ച്ചയാണ് സഹകരണ മേഖലയിലും സംഭവിക്കുന്നത്. സഹകരണ മേഖലയെ പുതിയ നയരീതിയുടെ അടിസ്ഥാനത്തില്‍ പുനസംഘടിപ്പിച്ച് 2047ല്‍ വരാനുള്ള രാഷ്ട്രനിര്‍മ്മാണത്തിന് ഒരു പങ്കുവഹിക്കുക എന്നതാണ് കാഴ്ചപ്പാട്. ഇത് മുന്നോട്ടുവെക്കുന്നത് സഹകാര്‍ ഭാരതിയാണ്. അതിനെ ആര്‍.എസ്.എസ് ശരിവെക്കുകയും ചെയ്തു. 2025-ല്‍ വിജയദശമി ദിനത്തിലെ അവരുടെ പ്രസംഗത്തില്‍പോലും ചൂണ്ടിക്കാട്ടിയിട്ടുള്ളത്, യുവജനങ്ങളോട് സഹകരണ സംഘങ്ങളുടെ ഭാഗമാകണമെന്നാണ്. അതായത്, സഹകരണ പ്രസ്ഥാനത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതിനും അവരെ സ്വാധീനിക്കുന്നതിനും കഴിയുന്ന ഉപാധിയായി സംഘപരിവാര്‍ കാണുന്നുവെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. അതിനെ തുടര്‍ന്നാണ് സഹകരണ മേഖലയില്‍ ചില നയം മാറ്റങ്ങളുണ്ടാകുന്നത്.
1.25ലക്ഷം കോടിയാണ് സഹകരണ മേഖലയില്‍ ധാന്യ സംഭരണ ശാലകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് മാറ്റിവെച്ചിട്ടുള്ളത്. 2000 കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ഇത് വേണമെങ്കില്‍ ആ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ നയങ്ങള്‍ക്ക് വഴങ്ങണം. ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനും എഫ്.പി.ഒ. ആരംഭിക്കുന്നതിനുമെല്ലാം കോടികള്‍ മാറ്റിവെച്ചുകൊണ്ടുള്ള ഒട്ടേറെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതാണ് മുമ്പില്ലാത്ത രീതിയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിബന്ധനകളോട് തയ്യൊറാക്കുന്ന രീതി. സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിന്റെ പ്രാഥമികമായ ലക്ഷ്യവും ഇതാണ്. 97-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി തള്ളിക്കളഞ്ഞപ്പോള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ ബാധിക്കുന്ന രീതിയിലുള്ള നിയമനിര്‍മ്മാണമാകാമെന്ന് വ്യക്തമാക്കുക കൂടി ചെയ്തിട്ടുണ്ട്. അങ്ങനെയാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. അതില്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലും സംഘത്തെ ഒരു മള്‍ട്ടി സ്റ്റേറ്റ് സംഘത്തിന് ലയിപ്പിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നു. പുതിയ മള്‍ട്ടി സ്റ്റേറ്റ് സംഘം തുടങ്ങുമ്പോള്‍ അതത് സംസ്ഥാനത്തിന്റെ എന്‍.ഒ.സി. വേണമെന്ന നേരത്തെയുള്ള വ്യവസ്ഥ മറികടക്കാനുള്ള ഒന്നായിരുന്നു ഇത്.ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. സഹകരണ സംഘം നിയമം അനുസരിച്ച് രൂപവത്കരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് ഏത് ബാങ്കുമായും ലയിപ്പിക്കാമെന്നാണ് കൊണ്ടുവന്ന മാറ്റം. അത് സഹകരണ ബാങ്ക് ആകണമെന്നുപോലുമില്ല. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന് പേര് ഉപയോഗിക്കാന്‍ പാടില്ല. മറ്റ് സേവനങ്ങള്‍ നല്‍കാന്‍ പാടില്ല ഇങ്ങനെ ഒട്ടേറെ നിയമഭേദഗതികളെല്ലാം കൊണ്ടുവന്നു. ഇതെല്ലാം ഒരു ഫ്രെയിം വര്‍ക്കിനുള്ളില്‍ സംഭവിക്കുന്നുവെന്നത് വളരെ പ്രധാന്യത്തോടെ വിലയിരുത്തേണ്ടതാണ്.
സഹകാര്‍ ഭാരതി 2022-ല്‍ ഒരു കോഓപ്പറേറ്റീവ് സമ്മിറ്റ് നടത്തിയിരുന്നു. അതില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്ക് ജനകീയ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിന് ഈ ആശയങ്ങള്‍ പല തലത്തില്‍ ചര്‍ച്ചയാക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം. ചര്‍ച്ചകളിലൂടെ ഈ ലക്ഷ്യത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കിയെടുക്കാന് 50,000 യുവാക്കളെയാണ് സഹകാര്‍ ഭാരതി റിക്രൂട്ട് ചെയ്യുന്നത്. അതിനായി യുവാക്കള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികളും സ്കീമുകളും ആസൂത്രണ ചെയ്തു. കര്‍ഷക ഓര്‍ഗനൈസേഷനുകള്‍ അത്തരത്തിലുള്ളതാണ്. അതുമാത്രമല്ല, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ അനുബന്ധമായി സ്വാശ്രയ കൂട്ടായ്മകളുണ്ടാക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നു.
കേരളത്തില്‍ കുടുംബശ്രീ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കൂട്ടായ്മയാണ്. അത് പല സംസ്ഥാനങ്ങളും മാതൃകയായി അംഗീകരിച്ചതുമാണ്. എന്നാല്‍, സംഘപരിവാര്‍ അജണ്ട നടപ്പാക്കാനായി കുടുംബശ്രീയ്ക്ക് പകരം അക്ഷയശ്രീ എന്ന പേരില്‍ സ്വാശ്രയ കൂട്ടായ്്മ ഉണ്ടാക്കുകയാണ്. ഇതിന് സഹകരണ മന്ത്രാലയത്തിന്റെ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കും. അക്ഷയശ്രീ കൂട്ടായ്മയില്‍ അംഗങ്ങളായവര്‍ക്ക് ഒരുകോടിരൂപവരെ വായ്പ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. സിഡിഎസ്സും ഗ്യാരന്റിയും ഒന്നും വേണ്ട. ജാതിയും മതവും അടിസ്ഥാനമാക്കിയെല്ലാം സ്വാശ്രയ ഗ്രൂപ്പുകളുണ്ടാക്കുകയാണ്. ഇതെല്ലാം കേന്ദ്രസഹായത്തിലുള്ളതാണ്.
ഈ സാഹചര്യത്തിലാണ് കേന്ദ്രസഹകരണ നയം വരുന്നത്. അതില്‍വരുന്ന ഒന്ന് നോക്കൂ. ഏകീകൃത ബൈലോ. എന്തിനാണ് നമ്മുടെ നാട്ടിലെ സംഘങ്ങള്‍ക്ക് ഏകീകൃത ബൈലോ കൊണ്ടുവരുന്നത്. അത് അംഗീകരിച്ചില്ലെങ്കില്‍ നബാര്‍ഡില്‍നിന്ന് പണം കിട്ടില്ല. അതില്‍ എല്ലാ മേഖലയും ഉള്‍പ്പെടുത്തുകയാണ്. മത്സ്യം, ക്ഷീരം എന്നിങ്ങനെ എല്ലാ മേഖലകളും കേന്ദ്ര വ്യവസ്ഥയുടെ ഭാഗമായി കേന്ദ്രീകൃത നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതൊരു ചെറിയ കളിയല്ല. ഇതിന്റെ ലക്ഷ്യം രാഷ്ട്രീയം തന്നെയാണ്. 1978-ല്‍ ആരംഭിച്ച സഹകാര്‍ ഭാരതി 2001 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, കേരളം അവര്‍ക്ക് വഴങ്ങുന്നില്ല. കേരളത്തിലെ മതനിരപേക്ഷ ശക്തിയുടെ അടിത്തറ എല്ലാവരും അംഗങ്ങളായിട്ടുള്ള അയല്‍ക്കൂട്ടങ്ങളും സഹകരണ സംഘങ്ങളുമൊക്കെയാണ്. ഇങ്ങനെയുള്ള സംവിധാനങ്ങളാണ് കേരളത്തിന്റെ ശക്തിയായി നില്‍ക്കുന്നത്. അതിനിടയില്‍ സഹകാര്‍ഭാരതിക്കും സംഘപരിവാര്‍ അജണ്ടയ്ക്കും വേരുറപ്പിക്കാനാകില്ല. അവര്‍ക്ക് ലക്ഷ്യം നേടണമെങ്കില്‍ കേരളത്തിലെ മതനിരപേക്ഷയുടെ അടിത്തറ പൊളിക്കണം. അതിനുള്ള മാര്‍ഗമാണ്, അക്ഷയശ്രീ എന്ന സ്വാശ്രയ സംഘങ്ങള്‍, കൃത്യമായ ലക്ഷ്യത്തോടെ തുടങ്ങുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം.
2026 ആകുമ്പോഴേക്കും 1500 സൂപ്പര്‍മാര്‍ക്കറ്റുളുണ്ടാക്കണമെന്നതാണ് സഹകാര്‍ ഭാരതിയുടെ തീരുമാനം. അതിന് സഹകരണ സംഘങ്ങളാണ് അഗ്രഗേറ്റര്‍. 140 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയാണ് മറ്റൊരു തീരുമാനം. മലബാറിലാണ് ഇതിപ്പോള്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ആവശ്യം. അതിന് പ്രത്യേക കാരണമുണ്ട്. മലബാറിലെ മുസ്ലീങ്ങള്‍ക്ക് വാണിജ്യത്തില്‍ നല്ല പങ്കാളിത്തമുണ്ട്. ഈ പങ്കാളിത്തം കുറച്ചുകൊണ്ടുവന്ന്, അതിന് പകരം ഹിന്ദു ബിസിനസ് വിഭാഗം ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ശാന്തമായി ജീവിക്കുന്ന മനുഷ്യരെ ഭിന്നിപ്പിച്ച് രണ്ടുതലയ്ക്കാക്കിയാല്‍ മാത്രമേ ഇവര്‍ക്ക് നമ്മുടെ നാട്ടില്‍ കയറാനാകുള്ളൂ. ഈ രാഷ്ട്രീയ പദ്ധതിയാണ് കേരളത്തിലെ സഹകരണ മേഖലയിലും കൊണ്ടുവരുന്നത്. ഇതൊക്കെ സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ്സിന്റെ മുഴുവന്‍ സമയ പ്രചാരകരുണ്ട്. ഇതാണ് വെല്ലുവിളി. ഇതിനെതിരായിട്ട് നമ്മള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍, ആഭ്യന്തരമായി കൂടി മെച്ചപ്പെടേണ്ടതുണ്ട്. ഇവിടെയുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ വരുന്നത്. നമ്മെുടെ പ്രസ്ഥാനത്തിന്റെ ശക്തി വിശ്വാസ്യതയാണ്. കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ഇതില്‍ നല്ല ചുമതല വഹിക്കാനുണ്ട്. സര്‍ക്കാര്‍ ഇത്തരം അപചയങ്ങളെ ചെറുക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന് പൂര്‍ണമായി പിന്തുണ നല്‍കി, വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ട്.
