എം.മെഹബൂബ്
ഗുരുതരമായ പ്രതിസന്ധികളെയാണ് നാം അഭിമുഖീകരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മുതലാളിത്ത ശക്തികളും അതിനെ പിന്തുണയ്ക്കുന്ന കേന്ദ്രഭരണകൂടവും ശ്രമിക്കുന്ന ഘട്ടത്തില്‍ തന്നെ, സഹകരണ മേഖലയിലെ പ്രതിസന്ധികള്‍ സ്വയം വിമര്‍ശനമായി കൂടി നാം പരിശോധിക്കേണ്ടതുണ്ട്. ചില ആത്മപരിശോധന ഇക്കാര്യത്തില്‍ അനിവാര്യമാണ്.
സഹകരണ പ്രസ്ഥാനം എന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും തിരിച്ചറിയുകയും ആ ലക്ഷ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ച് വലിയ മാറ്റങ്ങളുണ്ടാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഒരു മലയാളിയെ സംബന്ധിച്ച് ജനനം മുതല്‍ മരണം വരെ കാര്യങ്ങള്‍ക്ക് സഹകരണ മേഖലയെ ആശ്രയിക്കാനാകുമെന്ന സ്ഥിതി കേരളത്തിലുണ്ട്. സഹകരണ മേഖലയുമായി ബന്ധപ്പെടാതെ പോകാന്‍ ഒരുമലയാളിക്കും കഴിയുകയുമില്ല. ജനങ്ങളിലെ സ്വാധീനശക്തിയായ വളര്‍ന്ന ആ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് ലോക മുതലാളിത്തത്തിന്റെയും അവരുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ലക്ഷ്യമാണ്. ഏറ്റവും എളുപ്പത്തില്‍ പണമുണ്ടാക്കണമെങ്കില്‍ ചൂഷണം അനിവാര്യമാണ്. ചൂഷണ രഹിത സമ്പദ് വ്യവസ്ഥ എന്നത് സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അതിനാല്‍, ചൂഷണത്തിനായി സഹകരണ പ്രസ്ഥാനത്തെ അറുത്തുമാറ്റുക എന്നതാണ് മുതലാളിത്തത്തിന്റെ ആവശ്യം. ആ ലക്ഷ്യത്തിന് ഏറ്റവും നല്ല രീതിയില്‍ ചൂട്ടുപിടിക്കുന്ന ഒരു ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. ഇത് പെട്ടെന്നുണ്ടായ ഒര കാര്യമല്ല. ഇത് ആംരംഭിച്ചിട്ട് കുറെക്കാലമായി.
1990കളിലാണ് ലോകമുതലാളിത്തം ഈ നയം നടപ്പാക്കാന്‍ തുടക്കം കുറിച്ചത്. അതിന്റെ ഭാഗമായി ഒട്ടേറെ നിയമങ്ങളും പഠനറിപ്പോര്‍ട്ടുകളും ഉണ്ടായി. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, രുഘുരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഭരണഘടനാഭേദഗതി എന്നിവയെല്ലാം ഉണ്ടായപ്പോഴും അതിനെയെല്ലാം നമ്മള്‍ ചെറുത്തുതോല്‍പിച്ചിട്ടുണ്ട്. അതിനെ പ്രതിരോധിക്കാനും ഒരളവോളം അതിനെ മുറിച്ചുകടക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നതല്ല സ്ഥിതി. അതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധികളെയാണ് നാം അഭിമുഖീകരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മുതലാളിത്ത ശക്തികളും അതിനെ പിന്തുണയ്ക്കുന്ന കേന്ദ്രഭരണകൂടവും ശ്രമിക്കുന്ന ഘട്ടത്തില്‍ തന്നെ, സഹകരണ മേഖലയിലെ പ്രതിസന്ധികള്‍ സ്വയം വിമര്‍ശനമായി കൂടി നാം പരിശോധിക്കേണ്ടതുണ്ട്. ചില ആത്മപരിശോധന ഇക്കാര്യത്തില്‍ അനിവാര്യമാണ്. വളരെ ഗൗരവകരമായി അത്തരം ചര്‍ച്ചകള്‍ സഹകരണ മേഖലയിലെ ഏറ്റവും ശക്തമായ സംഘടന എന്ന നിലയില്‍ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനം നടത്തുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടതുണ്ട്.
ഒരുഭാഗത്ത് സഹകരണ മേഖലയെ തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. അവരുടെ ലക്ഷ്യം ഈ പ്രസ്ഥാനത്തിന്റെ ജനകീയ വിശ്വാസ്യത തകര്‍ക്കുക എന്നതാണ്. കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും ശക്തമായ ഒരുവിഭാഗം വായ്പാ സംഘങ്ങളാണ്. രാജ്യത്തെ സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ 68 ശതമാനം കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ സംഭാവനയാണ്. രണ്ടരലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം കേരളത്തിലെ സഹകരണ മേഖലയിലുണ്ട്. ഇന്ത്യയിലെ മറ്റെല്ലാം സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനമേ വരുന്നുള്ളൂ. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും സമീപിക്കുന്നത് സര്‍വീസ് സഹകരണ ബാങ്കുകളെയാണ്.
രാജ്യത്ത് മുതലാളിത്ത താല്‍പര്യമുള്ള നയം നടപ്പാക്കിയപ്പോള്‍, വളര്‍ന്നുവന്നതും ഈ നയത്തിന്റെ ഏറ്റവും വലിയ പ്രചാരകരായി മാറിയതും പുതുതലമുറ ബാങ്കുകളാണ്. സമ്പത്തിനെ കൊള്ളയടിക്കാനായി തുടങ്ങിയ ഇത്തരം ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് വേരോട്ടമില്ലാതെ ചില സ്ഥലങ്ങളിലെങ്കിലും ബ്രാഞ്ചുകള്‍ പൂട്ടിപ്പോയത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ചപോലെ കേരളത്തില്‍ അവര്‍ക്ക് വ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. സഹകരണ മേഖലയ്ക്ക് അകത്തുണ്ടായിരുന്ന വിശ്വാസ്യതയാണ് അവര്‍ക്ക് തടസ്സമായത്. സാധാരണക്കാരന്റെ കൈയിലുള്ള നൂറുരൂപ സഹകരണ ബാങ്കുകളില്‍ ഇടാം എന്ന് തീരുമാനിക്കുന്ന ഒരുവിശ്വാസം വളരെ കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഇന്നതുണ്ടോ എന്നതാണ് വളരെ ഗൗരവത്തോടെ പരിശോധിക്കേണ്ടത്. ഈ മേഖലയ്ക്കാകെ ആകെ കോട്ടം സംഭവിച്ചു എന്നൊന്നും പറയുന്നില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി നിക്ഷേപ സമാഹരണത്തിന്റെ സ്ഥിതിയെന്താണ് എന്ന് വിലയിരുത്തേണ്ടതുണ്ട്. പല ബാങ്കുകളിലും പണം പിന്‍വലിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുകയാണ്. വിശ്വാസ്യതയാണ് പ്രശ്‌നം. ഈ പിന്‍വലിക്കുന്ന പണം കൊണ്ടുപോകാന്‍ കൈയും നീട്ടി ആളുകള്‍ നില്‍ക്കുകയാണ്. അത് സഹകരണ മേഖല തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരും അതിനായി പരിശ്രമിക്കുന്നവരുമാണ് എന്ന് കൂടി ഓര്‍ക്കണം.
ബിജെപി സര്‍ക്കാരിന്റെ പിന്തുണയില്‍ തുടങ്ങുന്ന നിധി പോലുള്ള സ്ഥാപനങ്ങള്‍, മള്‍ട്ടി സ്റ്റേറ്റ് ബാങ്കുകള്‍ ഇതെല്ലാം ഒരുഭാഗത്ത് തുടങ്ങുകയും വളര്‍ന്നുവരികയും ചെയ്യുകയാണ്. ജനങ്ങളെ കൊള്ളയടിച്ചുവളരുക എന്ന കാഴ്ചപ്പാടിലാണ് ഇവരുടെയും പ്രവര്‍ത്തനം. സഹകരണ സംഘങ്ങള്‍ ഇടപെടുന്ന കാര്യങ്ങളിലെല്ലാം നുഴഞ്ഞുകയറുക എന്നത് ബിജെപിയുടെ ഒരുലക്ഷ്യമാണ്. കോഴിക്കോട് ചില ഗൗരവുമുള്ള സംഭവങ്ങള്‍ സമീപകാലത്ത് സംഭവിക്കുകയുണ്ടായി. വിലങ്ങാട് ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ തകര്‍ന്ന വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന ചുമതല ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍വന്ന് ഊരാളുങ്കല്‍ എടുക്കേണ്ടതില്ലെന്നും തങ്ങള്‍ എടുക്കുമെന്നും പറഞ്ഞു. അതിനെക്കാള്‍ നന്നായി ചെയ്യാന്‍ ഞങ്ങള്‍ക്ക് സൊസൈറ്റിയുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. 27 വീടുകള്‍ അവര്‍ ഏറ്റെടുത്തു. അതിന്റെ പണം ആദ്യമേ അവര്‍ കൈപ്പറ്റി. ആ വീടുകള്‍ക്ക് തറയിട്ടു. ആ തറയല്ലാതെ ഇപ്പോള്‍ ആരെയും കാണാനില്ല. ഇതാണ് സാഹചര്യം.
തിരുവനന്തപുരത്ത് ഒരു സംഘം പ്രസിഡന്റായ ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ബിജെപി ഓഫീസില്‍നിന്ന് വിളിച്ചുപറയുന്നവര്ക്കെല്ലാം വായ്പ നല്കി കൊള്ളയടിച്ചതിന്റെ ഫലമാണ് ഈ ആത്മഹത്യയുണ്ടായത്. ആ രീതിയിലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍, നമ്മുടെ സ്ഥാപനങ്ങളില്‍ അത് നടക്കാന്‍ പാടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിശ്വാസ്യത വളരെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. അത് നിലനില്ക്കുന്നില്ലെങ്കില് സ്ഥാപനങ്ങളില്‍ അടിച്ചോര്ച്ച സംഭവിക്കും. സഹകരണ മേഖല പ്രതിസന്ധി നേരിടുകയാണെന്ന് കുറെ കാലമായി നമ്മള്‍ പറയുന്നുണ്ട്. എന്നാല്‍, ഇപ്പോല്‍ അത് സംഭവിച്ചുകഴിഞ്ഞ് സ്ഥാപനങ്ങള്‍ പലതും ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന കാഴ്ചകാണുന്ന നാളുകളെത്തി. വളരെ വളരെ അപകടകരമായ സ്ഥിതിയാണിത്.
വനിതാസംഘങ്ങളുടെയും മിസലേനിയസ് സംഘങ്ങളുടെയും ലേബര്‍ സംഘങ്ങളുടെയും അവസ്ഥ എന്താണെന്ന് പരിശോധിക്കണം. എല്ലാം ക്ഷീണത്തിലാണ്. കാലചക്രം അതിവേഗതയിലാണ് സഞ്ചരിക്കുന്നത്. അതിനനുസരിച്ച് ഓടാന്‍ നമ്മുടെ സഹകരണ സ്ഥാപനങ്ങക്ക് കഴിയുന്നില്ല. സഹകരണ മേഖലയുടെ പ്രധാന വീഴ്ച പ്രൊഫഷണലിസം കുറവാണ് എന്നതാണ്. അതിലേക്ക് എത്താന്‍ ശ്രമം നടക്കുന്നുണ്ട്. പക്ഷെ, എത്തിയിട്ടില്ലെന്നതാണ് വസ്തുത. ഈ മേഖലയില്‍ മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയുന്നില്ല. കേരളാബാങ്കിന്റെ അവസ്ഥപോലും അങ്ങനെയാണ്. കേരളാബാങ്കിന് ആര്‍ടിജിഎസ് സേവനത്തിന് ഐസിഐസിഐയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സഹകരണ മേഖലയിലെ ജീവനക്കാര്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. പക്ഷേ, സര്‍ട്ടിഫിക്കറ്റ് കടലാസിലായിട്ട് കാര്യമില്ല. പുതിയ കാലഘട്ടത്തിന്റെ സഞ്ചാരപഥത്തിനകത്ത് ഓടാന്‍വേണ്ടി നമ്മള്‍ തയ്യാറാകണം. ആ കൂട്ടയാട്ടത്തില്‍ ഞാനും ഞാനും മുമ്പിലെന്ന നിലയില്‍ നിന്നില്ലെങ്കില്‍ നമുക്ക് ഈ ലോകത്തിന്റെ മാറ്റത്തോട് ഒന്നിച്ച് സഞ്ചരിക്കാനാകാതെ നാം പുറന്തള്ളപ്പെടും. അത് ഈ മേഖലയാകെ തകരാന്‍ വഴിവെക്കുകയും ചെയ്യുംയ. ആ അവസ്ഥ ഏതൊണ്ടൊക്കെ മണത്തുതുടങ്ങിയിരിക്കുന്ന അന്തരീക്ഷമാണ് ഇപ്പോള്‍. വളരെ ഗൗരവമാണ് പ്രശ്‌നം. പെട്ടെന്ന് പൊളിഞ്ഞുവീഴില്ല. പക്ഷെ, പൊളിയല്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആകെ പൊളിയും. കാരണം ഇതിനെ തകര്‍ത്ത് കുഴിച്ചുമൂടാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് അപ്പുറത്ത് കേന്ദ്രസര്‍ക്കാര്‍. അവരുടെ ഭരണകൂട രാഷ്ട്രീയം അതാണ്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തിയോട് നമ്മള്‍ നേരത്തെ മല്ലിട്ടതിനേക്കാള്‍ കനപ്പെട്ടരീതിയില്‍ മല്ലിടേണ്ട സ്ഥിതിയാണ്. അതിന് ബുദ്ധിയും പരിശ്രമവും മാത്രം മതിയാവില്ല, പ്രൊഫഷണലിസം കൂടി വേണം.
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഈ രംഗത്തെ ഏറ്റവും ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണ്. ഈ മേഖലയിലെ എല്ലാവിഷയങ്ങളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനകൂടിയാണ് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍. അതിന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുന്നത് സന്തോഷത്തോടെയാണ് ഇവിടുത്തെ പൊതുപ്രസ്ഥാനങ്ങളും വര്‍ഗബഹുജന സംഘടനകളും സ്വീകരിക്കുന്നത്. സംസ്ഥാന സമ്മേളനം, പ്രതിനിധി സമ്മേളനമാത്രമായി ചുരുക്കരുത്. കാരണം ഈ മേഖല അഭിമുഖീകരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രാധാന്യത്തോടെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകേണ്ടതുണ്ട്. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക എന്നതിലൂടെ, പൊതുസമൂഹത്തില്‍ ഗൗരവമായി എത്തിക്കുക എന്നതാണ് സംഭവിക്കുന്നത്. ഈ മേഖലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും. ആ വിശ്വാസ്യതയെ 100 ശതമാനവും കാത്തുസൂക്ഷിക്കുന്ന രീതിയില്‍ ഈ സമ്മേളനത്തിന്റെ പ്രവര്‍ത്തനം മാറേണ്ടതുണ്ട്.
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വഗതസംഘ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍നിന്ന്
