Indian Cooperator

പാവപ്പെട്ടവര്‍ക്ക് ഇനികിടപ്പാടം നഷ്ടമാവില്ല

എസ്. രാജഗോപാല്‍

രിത്രപരമായ ഒരു നിയമം പാസാക്കിയിരിക്കുകയാണു കേരളസര്‍ക്കാര്‍. കേരള ഏക കിടപ്പാടം സംരക്ഷണനിയമം എന്നതാണത്. 15-ാം കേരള നിയമസഭയില്‍ 278-ാം നമ്പര്‍ ബില്ലായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി. രാജീവ് അവതരിപ്പിക്കുകയും ഇതേ സമ്മേളനക്കാലത്തുതന്നെ അതു പാസാക്കുകയും ചെയ്തു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്ത ഒരു നിയമം കേരളത്തില്‍ കൊണ്ടുവന്നതിലൂടെ ഒരു ജനകീയസര്‍ക്കാരിന്റെ ജനകീയമുഖമാണു വ്യക്തമാകുന്നത്. ഭൂപരിഷ്‌കരണനിയമത്തിലൂടെ ഒന്നാം കമ്യൂണിസ്റ്റ്‌സര്‍ക്കാര്‍ നടപ്പാക്കിയ വിപ്ലവകരമായ ഭരണകൂടഇടപെടലിന്റെ രണ്ടാംപതിപ്പെന്ന് ഇതിനെ വിശേഷിപ്പിക്കാനാവും. എടുത്ത വായ്പയുടെ പേരില്‍ കടംകയറി പാവങ്ങള്‍ക്ക് ആകെയുള്ള കിടപ്പാടം നഷ്ടമാകുന്നതു തടയുന്ന നിയമമാണിത്.

ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരുമ്പോള്‍ ഉയരുന്ന ചോദ്യം സാധാരണക്കാര്‍ക്കു വായ്പ കിട്ടാതാവുന്ന അപകടകരമായ ഒരു സ്ഥിതിയല്ലേ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത് എന്നതാണ്. എന്നാല്‍, സാമ്പത്തികരംഗത്തു ധനകാര്യസ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്ന ബോധ്യവും പാവങ്ങള്‍ക്ക് അവരുടെ ഏക കിടപ്പാടം നഷ്ടമാകരുതെന്ന കരുതലും ഒരേപോലെ കണക്കിലെടുത്തുള്ള നിയമമാണു കേരളത്തില്‍ കൊണ്ടുവന്നിട്ടുള്ളത് എന്നു കാണാനാവും.

ഇങ്ങനെയൊരു നിയമം എന്താണെന്നു ബില്ലിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്്. ‘ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഏക കിടപ്പാടം പണയപ്പെടുത്തി വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതുമൂലം പണയപ്പെടുത്തിയ കിടപ്പാടം നഷ്ടപ്പെട്ട് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത് ഒഴിവാക്കുന്നതിനും അങ്ങനെയുള്ളവരുടെ കിടപ്പാടം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങള്‍ക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ബില്‍’- ഇതാണു വിശദീകരണം. സര്‍ക്കാരിന്റെ സഹായം അനിവാര്യമായവരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഈ നിയമത്തിലൂടെ സംഭവിക്കുന്നത്. കടം മുഴുവനായോ ഭാഗികമായോ സര്‍ക്കാര്‍ ഏറ്റെടുത്തു ജപ്തിനടപടിയില്‍നിന്നു പാവപ്പെട്ട കുടുംബങ്ങളെ മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. ഇതിലൂടെ ബാങ്കുകള്‍ക്ക് അവരുടെ വായ്പത്തുക നഷ്ടമാകുന്നില്ല. അതുകൊണ്ടുതന്നെ, ഒരു കിടപ്പാടം മാത്രമുള്ളവര്‍ക്കു ഭാവിയില്‍ വായ്പ കിട്ടാതാകുമെന്ന ആശങ്കയും ഇതിലുണ്ടാകുന്നില്ല.

ബാങ്കിങ് ഒരു കേന്ദ്രവിഷയമാണ്. അതില്‍ കേന്ദ്രനിയമമാണു ബാധകമാവുക. ബാങ്കുകളില്‍ പണയപ്പെടുത്തിയ വസ്തുവിന്റെ വായ്പയില്‍ തിരിച്ചടവ് മുടങ്ങിയാല്‍ എളുപ്പത്തില്‍ ജപ്തി ചെയ്തു വസൂലാക്കാനുള്ള നിയമം കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. സര്‍ഫാസി എന്ന പേരിലുള്ള ഈ നിയമമനുസരിച്ച് ബാങ്കുകള്‍ക്കു ജപ്തി നടപ്പാക്കുന്നതിനു കോടതികളുടെ അനുമതി ആവശ്യമില്ല.

ജപ്തി നടത്താനുള്ള ബാങ്കുകളുടെ അവകാശത്തെ പുതിയ നിയമം തടയുന്നില്ല. പകരം, ജപ്തി ചെയ്യപ്പെടുമ്പോള്‍ പാവങ്ങള്‍ക്കുണ്ടാകുന്ന സാമൂഹിക അരക്ഷിതാവസ്ഥ ഇല്ലാതാക്കുകയാണു ചെയ്യുന്നത്. കേരളനിയമം കേന്ദ്രം കൊണ്ടുവന്ന സര്‍ഫാസിനിയമത്തിന് എതിരാണെന്നും ഇതു നിലനില്‍ക്കില്ലെന്നുമാണ് ഒരുവിഭാഗം കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാങ്കുകളുടെ ഒരു അധികാരത്തെയും തടയുന്നില്ലെന്നും പാവപ്പെട്ടവരുടെ വായ്പാബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയാണു ചെയ്യുന്നതെന്നും ഈ നിയമനിര്‍മാണത്തിനുള്ള ബില്ലില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ ഈ ആക്ടിലെ വ്യവസ്ഥകള്‍ തത്സമയം പ്രാബല്യത്തിലുള്ള മറ്റു നിയമങ്ങള്‍പ്രകാരം ധനകാര്യസ്ഥാപനത്തിനു നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവകാശത്തെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കാത്തതും മറ്റു നിയമങ്ങള്‍ക്കു തടസ്സം വരുത്താത്തതുമായിരിക്കും’ – ഇതാണു നിയമത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യം.

കേരള ഏക കിടപ്പാടം സംരക്ഷണനിയമം എന്തിനാണു സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് അതിന്റെ ഉദ്ദേശ്യ കാരണമായി ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയാണ് : ‘ എല്ലാവര്‍ക്കും ഭൂമിയും പാര്‍പ്പിടവും ഉറപ്പുവരുത്താന്‍ ഏതൊരു ക്ഷേമസര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. ഭാരതത്തിന്റെ ഭരണഘടനയുടെ 39-ാം അനുച്ഛേദത്തില്‍ സമൂഹത്തിന്റെ ഭൗതികവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്ക്ക് ഉതകുന്നവിധത്തില്‍ വിതരണം ചെയ്യുക എന്നത് ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി,
എല്ലാവര്‍ക്കും കിടപ്പാടം ഉറപ്പുവരുത്തുക എന്നതും ഈ സര്‍ക്കാരിന്റെ നയതീരുമാനങ്ങളില്‍ ഉള്‍പ്പെടു ത്തിയിരുന്നു. ഈ തീരുമാനം സംസ്ഥാനത്തു നടപ്പില്‍ വരുത്തുന്നതിനുള്ള നയം പ്രാപ്തമാക്കുന്നതിനുവേണ്ടി ഈ സര്‍ക്കാര്‍ 2021 ല്‍ത്തന്നെ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനത്തില്‍നിന്ന് ഏക കിടപ്പാടം പണയപ്പെടുത്തി വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതുമൂലം പണയപ്പെടുത്തിയ ഏക കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിട്ടുള്ള കുടുംബങ്ങള്‍ കുടിയിറക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നത് ഒഴിവാക്കുന്നതിനും അങ്ങനെയുള്ളവരുടെ കിടപ്പാടം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുമായി ഒരു നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബില്‍. ഈ നിയമം ഭാരതത്തിന്റെ ഭരണഘടനയുടെ 39-ാം അനുച്ഛേദം (ജെ) ഖണ്ഡത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശകതത്വം പ്രാപ്തമാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ നയം നടപ്പില്‍ വരുത്തുന്നതിനാണെന്നു പ്രഖ്യാപിക്കുന്നു. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഏക കിടപ്പാടം പണയപ്പെടുത്തി വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതുമൂലം ധനകാര്യസ്ഥാപനം സ്വീകരിക്കുന്ന ജപ്തിനടപടികളുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കു വിധേയമായി സംരക്ഷണം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകും’. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന ഉറപ്പാണ് ഈ ബില്ലിന്റെ ഉദ്ദേശ്യകാരണമായി ഇങ്ങനെ ചൂണ്ടിക്കാട്ടാന്‍ കാരണം.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തു ജപ്തി നേരിടുന്നവര്‍ ക്കാണ് ഈ നിയമപ്രകാരം സര്‍ക്കാരിന്റെ സഹായം ലഭ്യമാവുക. ധനകാര്യസ്ഥാപനങ്ങളെ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ് : ധനകാര്യസ്ഥാപനം എന്നാല്‍ ഭാരതീയ സ്റ്റേറ്റ് ബാങ്കോ അല്ലെങ്കില്‍ 1959 ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( സബ്സിഡിയറി ബാങ്ക്സ് ) ആക്ട് രണ്ടാം വകുപ്പ് (കെ) ഖണ്ഡത്തിന്റെ അര്‍ഥവ്യാപ്തിക്കുള്ളില്‍ വരുന്ന ബാങ്കോ ഏതെങ്കിലും ഷെഡ്യൂള്‍ഡ്ബാങ്കോ അല്ലെങ്കില്‍ കേരള സഹകരണസംഘം ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍, സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വിജ്ഞാപനം ചെയ്യുന്ന മറ്റു ധനകാര്യസ്ഥാപനങ്ങള്‍’.

സഹകരണസംഘം മുതല്‍ വാണിജ്യബാങ്കുകള്‍വരെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ വായ്പകള്‍ക്ക് ഈ നിര്‍വചനത്തിലൂടെ സര്‍ക്കാര്‍സഹായത്തിന് അര്‍ഹതയുണ്ടാകും. ഇനി ജപ്തി നേരിടുന്നവര്‍ക്കെല്ലാം സഹായം ലഭ്യമാക്കുക എന്നതല്ല ഈ നിയമത്തിന്റെ ലക്ഷ്യം. വായ്പാബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് എട്ടു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ അധികാരമുണ്ടാകുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തിരിച്ചടവ്ബാധ്യത പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരു കുടുംബത്തിന് ഒന്നില്‍ക്കൂടുതല്‍ തവണ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

മറ്റു മാനദണ്ഡങ്ങള്‍ ഇവയാണ്:

കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള നിയമം നടപ്പാക്കുന്നതിനു രണ്ടു തലത്തിലുള്ള സമിതികളാണു രൂപവത്കരിക്കുക. ജില്ലാതല കിടപ്പാട സംരക്ഷണസമിതിയും സംസ്ഥാനതല സമിതിയും. സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെയാണ് ഈ രണ്ടു സമിതികളും രൂപവത്കരിക്കുക. ജില്ലാതലസമിതിയില്‍ എട്ട് അംഗങ്ങളാണുണ്ടാവുക. ജില്ലാവികസന കമ്മീഷണറായിരിക്കും ചെയര്‍പേഴ്സണ്‍. പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധി, സഹകരണമേഖലയില്‍നിന്നും ബാങ്കിങ്‌മേഖലയില്‍നിന്നും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഓരോ പ്രതിനിധി, ജില്ലാ ലീഡ് ബാങ്കിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങള്‍. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) എക്സ് ഒഫീഷ്യോ അംഗവും ജില്ലാതല കിടപ്പാടം സംരക്ഷണസമിതിയുടെ മെംബര്‍സെക്രട്ടറിയുമാകും.

സംസ്ഥാനതല കിടപ്പാടം സംരക്ഷണസമിതിയില്‍ ആറ് അംഗങ്ങളാണുണ്ടാവുക. ആസൂത്രണ സാമ്പ ത്തികകാര്യവകുപ്പ് സെക്രട്ടറിയായിരിക്കും സമിതിയുടെ ചെയര്‍പേഴ്സണ്‍. കേരള ദുരന്തനിവാരണ അതോറിറ്റി മെംബര്‍സെക്രട്ടറി, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രതിനിധി, കേരളബാങ്കിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ക്കു പുറമെ, ധനകാര്യവകുപ്പ് സെക്രട്ടറി നാമനിര്‍ദേശം ചെയ്യുന്ന ഡെപ്യൂട്ടിസെക്രട്ടറിപദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ എക്സ് ഒഫീഷ്യോ അംഗമായിരിക്കും. അദ്ദേഹമാണു സമിതിയുടെ മെംബര്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുക.

കിടപ്പാടം കടത്തില്‍നിന്നു മുക്തമാക്കണമെങ്കില്‍ ജില്ലാതലസമിതിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഈ അപേക്ഷ പരിശോധിച്ച് വായ്പ തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കേണ്ടത് ഈ സമിതിയാണ്. അതിനായി ബന്ധപ്പെട്ട കക്ഷികളെയും ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികളെയും കേള്‍ക്കണം. തിരിച്ചടവ്ബാധ്യതകള്‍ രമ്യമായി പരിഹരിക്കുന്നതിന് അനുരഞ്ജനശ്രമങ്ങള്‍ ഈ സമിതിക്കു നടത്താം. അതിലൂടെ തിരിച്ചടവ് തുക പുന:ക്രമീകരിക്കുന്നതിനോ പലിശത്തുകയില്‍ ഇളവ് അനുവദിക്കുന്നതിനോ ഗഡുക്കള്‍ പുന:ക്രമീകരിച്ചു കിട്ടുന്നതിനോ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനോ ഉള്ള നടപടികള്‍ സമിതി കൈക്കൊള്ളും. കടമെടുത്തയാള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ തിരിച്ചടവിനുള്ള മാര്‍ഗങ്ങള്‍ ഇല്ലെന്നോ അനുരഞ്ജനത്തിനു സാധ്യതയില്ലെന്നോ ജില്ലാസമിതിക്കു ബോധ്യപ്പെട്ടാലാണു ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാനതലസമിതിക്കു സമര്‍പ്പിക്കേണ്ടത്. ജില്ലാതലസമിതി ശുപാര്‍ശ നല്‍കുന്നതിനുമുമ്പായി അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. രേഖകള്‍സഹിതമുള്ള ഈ റിപ്പോര്‍ട്ടും സംസ്ഥാനതലസമിതിക്കു നല്‍കണം.

പണയപ്പെടുത്തിയ വസ്തുവിന്റെ കമ്പോളവിലയും കടമെടുത്തയാളിന്റെയും കുടുംബത്തിന്റെയും പേരില്‍ മറ്റു വസ്തുക്കളുണ്ടെങ്കില്‍ അതിന്റെ കമ്പോളവിലയും ഉള്‍പ്പെടുത്തിയുള്ള സ്റ്റേറ്റ്മെന്റ് തയ്യാറാക്കണം. കടമെടുത്തയാള്‍ക്കോ കുടുംബത്തിനോ സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭിക്കുകയോ ഭൂമി പതിച്ചുകിട്ടുകയോ ചെയ്തിട്ടുണ്ടോയെന്നതുസംബന്ധിച്ചു താലൂക്ക്തഹസില്‍ദാരുടെ സാക്ഷ്യപത്രം വാങ്ങണം. പണയപ്പെടുത്തിയ വസ്തുക്കളുടെ കമ്പോളവിലയും ധനകാര്യസ്ഥാപനത്തിനു തിരിച്ചടവ്ഇനത്തില്‍ നല്‍കേണ്ട തുകയും താരതമ്യം ചെയ്യുമ്പോള്‍ തിരിച്ചടവ് നടത്തുന്നതു ഗുണകരമാണോയെന്നതും സമിതി ശുപാര്‍ശയുടെ ഭാഗമായി ചേര്‍ക്കണം. തിരിച്ചടവ്ബാധ്യത പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു പകരം സര്‍ക്കാരിന്റെ ഏതെങ്കിലും പുനരധിവാസപദ്ധതിയിലോ ഭവനപദ്ധതിയിലോ ഉള്‍പ്പെടുത്തി മറ്റൊരു കിടപ്പാടം ലഭ്യമാക്കുന്നതിന്റെ ആവശ്യകതസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യണം.

വായ്പാതിരിച്ചടവ് തടസ്സപ്പെട്ടതിനുള്ള കാരണങ്ങള്‍ സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ ഉള്‍പ്പെടുത്തണം. പണയപ്പെടുത്തിയ വസ്തുവില്‍ ഉള്‍പ്പെട്ട ഏക കിടപ്പാടം മാത്രം സംരക്ഷിച്ചുകൊണ്ട് ശേഷിക്കുന്ന വസ്തുക്കള്‍ ജപ്തിനടപടികള്‍ക്കു വിധേയമാക്കുന്നതിനുള്ള സാധ്യതയും ജില്ലാതലസമിതി പരിശോധിക്കണം. ഇതും സംസ്ഥാനതലസമിതിക്കു റിപ്പോര്‍ട്ട് ചെയ്യണം. സംസ്ഥാനതല കിടപ്പാടംസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ധനകാര്യസ്ഥാപനത്തിന്റെ പ്രതിനിധികളുമായും ചര്‍ച്ച ചെയ്തു പണയപ്പെടുത്തിയ വസ്തുവിന്മേല്‍ ധനകാര്യ സ്ഥാപനം കൈക്കൊണ്ട നിയമനടപടികള്‍ ഒഴിവാക്കുന്നതിനും വില്‍പന അവസാനിപ്പിക്കുന്നതിനും കുടിയൊഴിപ്പിക്കാതിരിക്കാനുമുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനാവശ്യമായ ശുപാര്‍ശകളും റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ജില്ലാതലസമിതി അപേക്ഷ ലഭിച്ച് മുപ്പതു പ്രവൃത്തിദിനത്തിനുള്ളില്‍ നടപടി സ്വീകരിക്കണം. സമയപരിധി നീട്ടുന്നതിനു മതിയായ കാരണങ്ങളുണ്ടെന്നു ജില്ലാസമിതി ചെയര്‍മാനു ബോധ്യപ്പെട്ടാല്‍ അതിനുള്ള കാരണം രേഖപ്പെടുത്തിക്കൊണ്ട് പതിനഞ്ചു ദിവസംകൂടി അനുവദിക്കാം.

ജില്ലാതലസമിതിയില്‍നിന്നു റിപ്പോര്‍ട്ട് ലഭിച്ചാല്‍ അറുപതു ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുത്ത് സംസ്ഥാനസമിതി ഉത്തരവിറക്കണം. ഇതിനുമുമ്പു ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കേണ്ടതുണ്ട്. ഇതിനുശേഷമാണ് അപേക്ഷ നിരസിച്ചോ അപേക്ഷ പുനപ്പരിശോധന നടത്തുന്നതിനു ജില്ലാതലസമിതിക്കു നിര്‍ദേശം നല്‍കിക്കൊണ്ടോ രേഖാമൂലമുള്ള ഉത്തരവിറക്കേണ്ടത്. അപേക്ഷ പുനപ്പരിശോധിക്കാന്‍ ജില്ലാതലസമിതിയോട് ആവശ്യപ്പെടുകയാണെങ്കില്‍ മുപ്പതു ദിവസത്തിനുള്ളില്‍ അതില്‍ ജില്ലാസമിതി നടപടി സ്വീകരിക്കണം. കുടിശ്ശികയായ വായ്പയുടെ തിരിച്ചടവ് പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ ഏറ്റെടുത്ത് ധനകാര്യസ്ഥാപനത്തിന്റെ ബാധ്യത ഒഴിപ്പിച്ച് കിടപ്പാടം വീണ്ടെടുക്കുക എന്ന നിര്‍ദേശം സംസ്ഥാനതലസമിതിക്കു നല്‍കാം.

തിരിച്ചടവ്തുക പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാരിന് ഏറ്റെടുക്കാം. അത്തരം കേസുകളില്‍ അങ്ങനെയുള്ള തിരിച്ചടവ്തുക ജില്ലാകളക്ടര്‍ മുഖേന ധനകാര്യസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണു നിക്ഷേപിക്കേണ്ടത്. അതിന്റെ ബാധ്യത സംസ്ഥാനതല കിടപ്പാടം സംരക്ഷണസമിതിയില്‍ നിക്ഷിപ്തമായിരിക്കും. തിരിച്ചടവ്തുക ധനകാര്യസ്ഥാപനത്തിനു നല്‍കി ജപ്തി അവസാനിപ്പിക്കുമ്പോള്‍ പണയപ്പെടുത്തിയ വസ്തുവിന്റെ ആധാരം ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ധനകാര്യസ്ഥാപനത്തില്‍നിന്നു മടക്കിവാങ്ങി ജില്ലാകളക്ടറുടെ പക്കലാണു താത്കാലികമായി സൂക്ഷിക്കേണ്ടത്. അതും സംസ്ഥാനതലസമിതിയുടെ ചുമതലയാണ്. ജപ്തിനടപടി പൂര്‍ണമായും അവസാനിക്കുന്ന ഘട്ടത്തില്‍ പണയപ്പെടുത്തിയ വസ്തുവിന്റെ ആധാരവും മറ്റു രേഖകളും നിബന്ധനകള്‍ക്കു വിധേയമായി ഉടമയ്ക്കു മടക്കിനല്‍കേണ്ട
ബാധ്യതയും സംസ്ഥാനതലസമിതിക്കാണ്.

പ്രധാന കടക്കാരനു തിരിച്ചടവിനുള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കുകയും അദ്ദേഹം തിരിച്ചടവ് നടത്താതിരിക്കുകയും ജാമ്യവ്യവസ്ഥകള്‍ മൂലം ജാമ്യം നല്‍കിയ ആളിന്റെ ഏക കിടപ്പാടം നഷ്ടമാകുന്ന സ്ഥിതിയുണ്ടാവുകയും ചെയ്താല്‍ തുക പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരികയാണെങ്കില്‍ നിര്‍ണയിക്കപ്പെട്ടപ്രകാരമുള്ള പലിശയും അനുബന്ധചെലവുകളും റവന്യൂറിക്കവറി ആക്ടനുസരിച്ച് ഭൂമിയിലുള്ള കരക്കുടിശ്ശികയെന്ന പോലെ പ്രധാന കടക്കാരനില്‍നിന്ന് ഈടാക്കിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും.

സംസ്ഥാനതലസമിതിയുടെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ മുപ്പതു ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. ചീഫ് സെക്രട്ടറി അല്ലെങ്കില്‍ അദ്ദേഹം ഇതിനായി നാമനിര്‍ദേശം ചെയ്യുന്ന ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറി മുമ്പാകെ നിശ്ചിത ഫോറത്തിലും രീതിയിലുമാണ് അപ്പീല്‍ ഫയല്‍ ചെയ്യേണ്ടത്. അപ്പീല്‍വാദിക്കു പറയാനുള്ളതുകൂടി കേട്ട് മുപ്പതു ദിവസത്തിനകം ഈ അപ്പീലില്‍ തീരുമാനമെടുക്കണം. അപ്പീല്‍അധികാരി കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കും. ഈ നിയമപ്രകാരമുള്ള ഏതെങ്കിലും അന്വേഷണത്തിന്റെ ആവശ്യത്തിലേക്കു ജില്ലാ-സംസ്ഥാനതലസമിതികള്‍ക്കും അപ്പീല്‍അധികാരിക്കും ഒരു സിവില്‍ക്കോടതിയുടെ അധികാരമുണ്ടായിരിക്കും. ഏതൊരാളെയും നിര്‍ബന്ധിതമായി ഹാജരാക്കുന്നതിനും അയാളെ വിസ്തരിക്കുന്നതിനും അധികാരമുണ്ടായിരിക്കും. പ്രമാണങ്ങള്‍ കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടാം. സത്യവാങ്മൂലത്തിന്മേല്‍ തെളിവ് സ്വീകരിക്കാം. സാക്ഷികളെ വിസ്തരിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കാം. ഈ നിയമം അനുശാസിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ ജില്ലാ-സംസ്ഥാനതലസമിതികളുടെ ചെയര്‍പേഴ്സണോ അതിലെ അംഗങ്ങള്‍ക്കോ എതിരായി ഒരുവിധ പ്രോസിക്യൂഷനോ നിയമനടപടികളോ നിലനില്‍ക്കുന്നതല്ല.

സാമ്പത്തികപ്രതിസന്ധി ഏറെയുള്ള സംസ്ഥാനമാണു കേരളം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം വെട്ടിക്കുറയ്ക്കുന്ന രീതിയാണ് കേരളത്തിന്റെ കാര്യത്തില്‍ കുറച്ചുകാലമായി സ്വീകരിക്കുന്ന സമീപനം. ദുരന്തബാധിതഘട്ടത്തില്‍പ്പോലും സാമ്പത്തികസഹായം നല്‍കാത്ത സ്ഥിതിയാണു നിലവിലുള്ളത്. വയനാട്ടിലെ കൊടുംദുരിതം പേറിയ ജനങ്ങളുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച സമീപനത്തെഹൈക്കോടതിക്കുപോലും വിമര്‍ശിക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണു സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയുണ്ടാകുന്ന ഒരു ജനകീയനിയമം കേരളം നടപ്പാക്കുന്നത്. ഈ ബാധ്യത എങ്ങനെ കുറയ്ക്കാനാകുമെന്നും ബദല്‍രീതിയെന്താണെന്നുമുള്ള പരിശോധനയും ഈ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആലോചിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു കിടപ്പാടം സംരക്ഷണനിധി എന്നൊരു സംവിധാനത്തിനു രൂപംനല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നത്.

നിയമത്തില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ഈ നിയമം നടപ്പാക്കുന്നതിനുള്ള സാമ്പത്തികച്ചെലവ് നികത്തുന്നതിനു സര്‍ക്കാര്‍ ഒരു നിധി രൂപവത്കരിക്കും. കേരള കിടപ്പാടം സംരക്ഷണനിധി എന്ന പേരിലായിരിക്കുമിത്. ഇതിലേക്ക് എങ്ങനെ തുക വകയിരുത്തണമെന്നതും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഗ്രാന്റിനത്തില്‍ അനുവദിക്കുന്ന തുക, വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നു ലഭിക്കുന്ന സംഭാവനകള്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്കു വിധേയമായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ടില്‍നിന്നു സര്‍ക്കാര്‍ വകയിരുത്തുന്ന തുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സര്‍ക്കാര്‍ വകയിരുത്തുന്ന തുക, സഹകരണമേഖലയില്‍നിന്നുള്ള സംഭാവനകള്‍, നിര്‍ണയിക്കപ്പെട്ട മറ്റു മാര്‍ഗങ്ങളില്‍നിന്നു ലഭിക്കുന്ന തുക എന്നിവയാണു നിധിയിലേക്കു മാറ്റുക’. പാവങ്ങളെ സഹായിക്കാനുള്ള ഓരോ മനുഷ്യന്റെയും മനോഭാവത്തെ ഒരു പൊതുഫണ്ടാക്കി മാറ്റുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

ആവശ്യം വരുന്ന ഘട്ടത്തില്‍ ആവശ്യപ്പെട്ടു സ്വീകരിക്കുന്നതിനു പകരം, ആര്‍ക്കും എപ്പോഴും നന്മ ലക്ഷ്യമിട്ടുള്ള സംഭാവന ഇതിലേക്കു നല്‍കാനാകും. ഇതിനൊപ്പം സര്‍ക്കാരിന്റെ വിഹിതവും സ്വരുക്കൂട്ടിവെക്കും. ചുരുക്കത്തില്‍, ഇടതുപക്ഷസര്‍ക്കാരിന്റെ ജനകീയബദലിന്റെയും ജനപക്ഷ മനോഭാവത്തിന്റെയും കരുണയാര്‍ന്ന ഭരണകൂടസമീപനത്തിന്റെയും അടയാളമാണു കേരളനിയമസഭ പാസാക്കിയ കേരള ഏക കിടപ്പാടം സംരക്ഷണനിയമം.