സഹകരണമേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷന്‍ 2031 വികസന സെമിനാര്‍. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങള്‍ക്കു രൂപം നല്‍കാന്‍ ഇവയില്‍ യുവാക്കള്‍ക്ക് അംഗത്വം നല്‍കി ജിം, ക്ലബ്, ടര്‍ഫ് എന്നിവ സംഘങ്ങളുടെ പരിധിയില്‍ സ്ഥാപിക്കുക, കായികമേഖലയുടെ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് പഞ്ചായത്തുകളില്‍ ടര്‍ഫ് യൂണിറ്റുകള്‍ ആരംഭിച്ച്, മിതമായ നിരക്കില്‍ യുവജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക തുടങ്ങി നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ മുന്നോട്ടുവച്ചു.
സഹകരണ ബാങ്കിംഗ് മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയുള്ള എല്ലാ സേവനങ്ങളും നല്‍കുക, മുതിര്‍ന്ന പൗരന്മാര്‍ക്കു നല്‍കുന്നതുപോലെ യുവാക്കള്‍ക്കും നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയമായ പലിശ നല്‍കുക, ഹൈസ്‌കൂള്‍ തലം മുതല്‍ സഹകരണമേഖല പാഠ്യവിഷയമാക്കുക തുടങ്ങിയ ആശയങ്ങളും പ്രതിനിധികള്‍ മുന്നോട്ടു വച്ചു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി ഒരു ലോജിസ്റ്റിക്‌സ് സഹകരണ സംഘം ആരംഭിക്കുക, യുവാക്കള്‍ക്കു നൈപുണ്യ പരിശീലനം നല്‍കുക, ഇ-സേവാ കേന്ദ്രങ്ങള്‍ പോലെയുള്ളവ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു.
