യുപിഐ ഇടപാടുകളിലെ പ്രശ്നങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിഹരിക്കാന്‍ കഴിയുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അവതരിപ്പിച്ചു. യുപിഐ ഹെല്‍പ് എന്നപേരിലായിരുന്നു ഇത്. എന്‍പിസിഐ സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത ഭാഷാധിഷ്ഠിത മോഡലാണിത്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലാണ് പുതിയ ഉല്‍പന്നം അവതരിപ്പിച്ചത്.
പേയ്‌മെന്റ് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിച്ചെടുത്ത ഇതില്‍ ഉപഭോക്താക്കള്‍ക്ക് ഇടപാടുകളുടെ സ്ഥിതി പരിശോധിക്കാനും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനും സൗകര്യമുണ്ട്. തുടര്‍ച്ചയായ ഇടപാടുകള്‍ക്കുള്ള മാന്‍ഡേറ്റുകള്‍ നിയന്ത്രിക്കാനും ഇതില്‍ സൗകര്യമുണ്ട്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമാകുക. വൈകാതെ കൂടുതല്‍ ഇന്ത്യന്‍ ഭാഷകളില്‍ ഇത് ലഭ്യമാക്കും. ബാങ്കുകള്‍ക്കായി ഓട്ടോമാറ്റിക് പരാതി പരിഹാര സംവിധാനമായി ഇട് പ്രവര്‍ത്തിക്കും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ കുറച്ചുകൊണ്ടുവരാനും ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ഇത് സഹായിക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറഞ്ഞു.
യുപിഐ വഴി പെന്‍ഷന്‍ വിതരണത്തിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സാമ്പത്തിക മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായ 12 പ്രമുഖ ഫിന്‍ടെക് കമ്പനികളുടെ സഹകരണം തേടുമെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് സേട്ടി ഈ ഫെസ്റ്റില്‍ പങ്കെടുത്തുകൊണ്ട് അറിയിച്ചിട്ടുണ്ട്. ഏഴായിരത്തിലേറെ പ്രതിനിധികളും അഞ്ഞൂറിലേറെ നിക്ഷേപകരും പങ്കെടുത്ത സമ്മേളനത്തില്‍ വിവിധ കമ്പനികള്‍ പുതിയ ഫിന്‍ടെക് ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചു.
നിര്‍മ്മിത ബുദ്ധിയുടെ അതിസങ്കീര്‍ണവും അതേസമയം തന്നെ അതിസാധ്യതകളും നിറഞ്ഞ ഒരുലോകമാണ് ഇനി ഉണ്ടാകാന്‍ പോകുന്നത്. മനുഷ്യാധ്വാനം കുറയ്ക്കുകയും എന്നാല്‍ മനുഷ്യസാധ്യമല്ലാത്തവിധം ഡേറ്റ അപഗ്രഥനം സാധ്യമാക്കുകയും ചെയ്യുന്നുവെന്നാണ് നിര്‍മ്മിത ബുദ്ധിയുടെ പ്രത്യേകത. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്ത് നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം മത്സരശേഷിയുടെ അടയാളമായി മാറുകയാണ്.
