Indian Cooperator

സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലുകളെ ചെറുക്കണം; സഹകാര്‍ ഭാരതിക്ക് ചില ലക്ഷ്യങ്ങളുണ്ട്

ദേശീയ സഹകരണനയത്തിലൂടെയും കേന്ദ്ര സഹകരണമന്ത്രാലയത്തിലൂടെയും ഉണ്ടാകുന്ന തെറ്റായ ഇടപെടലുകളെ രാഷ്ട്രീയമായും നിയമപരമായും കൂട്ടായി നേരിടുന്നതിനു സംസ്ഥാനസര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഫലപ്രദമായ സംവിധാനമുണ്ടാക്കണമെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി കടന്നുകയറാനുള്ള സഹകാര്‍ഭാരതിയുടെ പരിശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയജാഗ്രത പുലര്‍ത്തണമെന്നും ഫെബ്രുവരി 21, 22 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ്സില്‍ സഹകരണം എന്ന വിഷയത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ പാക്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഹരീന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനതാത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലാതെ നടപ്പാക്കാന്‍ കഴിയാവുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിശദവിവരങ്ങള്‍ സഹകരണവകുപ്പ് മനസ്സിലാക്കുകയും അവയില്‍ നമുക്ക് നടപ്പാക്കാന്‍ പറ്റാവുന്നവ തിരഞ്ഞെടുത്ത് നമ്മുടെ രാഷ്ട്രീയ മുന്‍കൈയോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയണമെന്നും ഹരീന്ദ്രന്‍ നിര്‍ദേശിച്ചു. കാരണം, അത്തരം പദ്ധതികളിലൂടെ കിട്ടുന്ന വന്‍തോതിലുള്ള ഫണ്ട് സംസ്ഥാനത്തിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്താന്‍ നമുക്കു സാധിക്കും

സംസ്ഥാനസര്‍ക്കാറില്‍നിന്നും സഹകരണമേഖലക്കുള്ള ബജറ്റ്‌വിഹിതം ഇപ്പോള്‍ വളരെ പരിമിതമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി., കുടുംബശ്രീ ഉള്‍പ്പെടെയുള്ള നിരവധി മേഖലക്ക് ഓരോ ബജറ്റിലും നീക്കിവെക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രതന്നെയോ, പലതിലും അതിനേക്കാള്‍ ഉപരിയായോ സാമൂഹികസാമ്പത്തിക പ്രാധാന്യമുള്ള സഹകരണമേഖലക്കുള്ള സംസ്ഥാന ബജറ്റ് വിഹിതം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഹരീന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനപ്രകാരം സഹകരണമേഖലയിലൂടെ നടപ്പാക്കിയ കര്‍ഷക കടാശ്വാസഇളവുകള്‍, കാര്‍ഷിക വായ്പകള്‍ക്ക് പ്രഖ്യാപിച്ച പലിശസബ്‌സിഡി തുടങ്ങി സഹകരണസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കോടിക്കണക്കിനു രൂപയുടെ കുടിശ്ശികത്തുക പോലും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരം കാണണം.

ഖാദി ഗ്രാമ വ്യവസായബോര്‍ഡ്, വ്യവസായവകുപ്പ്, ടൂറിസംവകുപ്പ് എന്നിവയെല്ലാം സബ്‌സിഡിയും ഓഹരി പങ്കാളിത്തവും ഉറപ്പാക്കി നിരവധി സംരംഭക വായ്പാപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത്തരം പദ്ധതികളെല്ലാം കേരളത്തിലെ സഹകരണമേഖലയിലൂടെ നടപ്പാക്കാന്‍ കഴിയണം. കുടുംബശ്രീ അക്കൗണ്ടുകള്‍പോലും സഹകരണബാങ്കുകളില്‍നിന്നു നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യം മനസ്സിലാക്കി അതൊഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ വേണം ഹരീന്ദ്രന്‍ നിര്‍ദേശിച്ചു.

ചില സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സഹകരണമേഖലയുടെ വിശ്വാസ്യതയെ ചെറിയൊരു അളവോളം ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം, സഹകരണമേഖലയുടെ സാങ്കേതിക പരിമിതിയും വളരെ വേഗം മറികടക്കാന്‍ നമുക്കാവണം. തെറ്റായ കാര്യങ്ങള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ ധാരാളം മുന്‍കരുതലുകള്‍ ഇപ്പോള്‍ സംസ്ഥാനസര്‍ക്കാറിന്റെ മുന്‍കൈയില്‍ നടപ്പാക്കപ്പെടുന്നുണ്ട്. അവ സ്വാഗതാര്‍ഹമാണ്. സാമ്പത്തികക്ക്രമക്കേടു കൊണ്ട് തകര്‍ച്ചയിലേക്ക് പോയ സംഘങ്ങളുടെ എണ്ണം പരിമിതമാണ്. എന്നാല്‍, നടത്തിപ്പുമായി ബന്ധപ്പെട്ട കഴിവുകേടുകളുടെ ഫലമായാണ് ഒരു കൂട്ടം സംഘങ്ങള്‍ പ്രതിസന്ധിയിലേക്ക് വീണുപോയത്.

കേരളത്തില്‍ സഹകരണസംഘങ്ങളുടെ സാന്ദ്രത വളരെ കൂടുതലാണ്. മാത്രമല്ല, കുടുംബശ്രീ ഉള്‍പ്പെടെയുള്ള മൈക്രോ ഫൈനാന്‍സ് കൂട്ടായ്മകളും നാട്ടിന്‍പുറത്തെ വായ്പാസാധ്യതകളെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ വായ്പാസംഘങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ടോ എന്നു ഗൗരവമായി പരിശോധിക്കണം. ദീര്‍ഘകാലമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും പുനരുദ്ധരിക്കാന്‍ പ്രയാസകരവുമായ സംഘങ്ങളെ കണ്ടെത്തി സമാപ്തീകരണ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ കഴിയണം. നഷ്ടത്തിലുള്ള സംഘങ്ങളുടെ കാര്യത്തിലെങ്കിലും കേരളബാങ്കിന്റെയും സഹകരണവകുപ്പിന്റെയും കര്‍ശനമായ മേല്‍നോട്ടവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിരന്തരം ഉറപ്പാക്കണം.

സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ പുതുക്കണമെന്ന നിയമവ്യവസ്ഥ പാലിക്കണം. നിലവിലുള്ള ക്ലാസിഫിക്കേഷന്റെ യോഗ്യതാമാനദണ്ഡങ്ങളില്‍ നിന്നും പുറകോട്ടു പോയ സംഘങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ക്ലാസിഫിക്കേഷന്‍ പുന:ക്രമീകരിക്കാന്‍ നടപടിയുണ്ടാകണം.

കേരള സഹകരണ നിക്ഷേപഗ്യാരണ്ടി ഫണ്ട് ബോര്‍ഡിന്റെ കൈവശമുള്ളതും പലിശ കൊടുക്കേണ്ടതില്ലാത്തതുമായ കോര്‍പ്പസ്ഫണ്ടില്‍നിന്നു തിരിച്ചടവ് ഉറപ്പായ പദ്ധതികള്‍ നടപ്പാക്കുന്നതിലേക്ക് മൂന്നോ നാലോ ശതമാനം മാത്രം പലിശ ഈടാക്കി വായ്പ അനുവദിക്കുന്നതു പരിഗണിക്കേണ്ടതാണ്. നിക്ഷേപം തിരികെക്കൊടുക്കാന്‍ സംഘങ്ങള്‍ക്കു കഴിയാതെ വരുമ്പോള്‍ കാലതാമസമില്ലാതെ നിക്ഷേപകരുടെ ഗ്യാരണ്ടിത്തുക ലഭ്യമാക്കാന്‍ നടപടി വേണം ഹരീന്ദന്‍ നിര്‍ദേശിച്ചു.

സഹകരണമേഖലയുടെ വിശ്വാസ്യതയും സ്വീകാര്യതയും മെച്ചപ്പെടുത്താന്‍ സോഷ്യല്‍മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാന്‍ കേരളബാങ്ക് മുന്‍കൈയെടുക്കണം. രാജ്യത്തിനകത്തും പുറത്തും കേരളത്തിലെ സഹകരണ മേഖലയുടെ കരുത്തിന്റെ വിളംബരമാണ് കേരള ബാങ്ക്. ഇതിനകം കേരളബാങ്ക് കൈവരിച്ച സാമ്പത്തികപുരോഗതി ഏറെ അഭിമാനകരമാണ്. കേരളബാങ്കിന്റെ രൂപവത്കരണം മുതല്‍ ഇതേവരെ സ്വയം ശക്തിപ്പെടുന്നതിനാണു കേരളബാങ്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചത്. അതോടൊപ്പം, കേരളത്തിലെ സഹകരണമേഖലയെ ആകെ നവീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ അതിനാവണം. കേരളബാങ്കിന്റെ രൂപവത്കരണത്തോടെ അനാഥമായിപ്പോയ നോമിനല്‍ അംഗങ്ങളായ മറ്റിതര സഹകരണസംഘങ്ങളുടെ കാര്യവും കേരളബാങ്ക് പരിഗണിക്കണം.

സാമ്പത്തികവും സാങ്കേതികവും ഭരണപരവുമായ പിന്തുണ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കു ലഭ്യമാക്കുകയാണ് ആവശ്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരളബാങ്കിന്റെ ഭരണസമിതിയംഗത്തിന്റെ നേതൃത്വത്തില്‍ പ്രാഥമികസംഘങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാനും പറ്റുന്ന സംവിധാനമുണ്ടാക്കണം. പ്രാഥമികസംഘങ്ങളില്‍ കേരളബാങ്കിന്റെ പരിശോധനാസംവിധാനവും ശക്തിപ്പെടുത്തണം.

25 ലക്ഷം രൂപ വരെയുള്ള വായ്പ പ്രാഥമിക സഹകരണസംഘങ്ങളിലൂടെ വിതരണം ചെയ്യുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ടതില്ല. അതിനാല്‍, കേരളബാങ്ക് നല്‍കുന്ന വ്യക്തിഗതവായ്പകള്‍ 25 ലക്ഷത്തിനു മുകളില്‍ എന്ന രീതിയില്‍ പരിമിതപ്പെടുത്താന്‍ കഴിയണം. ഇതുവഴി പ്രാഥമിക സഹകരണസംഘങ്ങളുടെ വായ്പാആവശ്യകത വര്‍ധിക്കും. അതിനായി വായ്പപ്പലിശയുടെ മൂന്നു ശതമാനം കുറഞ്ഞ നിരക്കിലുള്ള വായ്പ കേരളബാങ്ക് പ്രാഥമിക സംഘങ്ങള്‍ക്ക് ലഭ്യമാക്കണം.

എല്ലാ തരത്തിലുമുള്ള ബാങ്കിംഗ് ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്നതിന് കേരളബാങ്ക് അഭിമുഖീകരിക്കുന്ന തടസ്സങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി മുന്‍കൈയെടുക്കണം.
നൂറോ നൂറ്റിയിരുപതോ ദിവസങ്ങളുടെ അടിയന്തിര സമയപരിധി തീരുമാനിച്ച് കേരളത്തിലെ സഹകരണമേഖലയെ ആകെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരാനാകണം. അതില്ലാതെ കേരളബാങ്കിനോ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കോ ഇനി മുന്നോട്ടു പോകാന്‍ ആവില്ല ഹരീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പ്രാദേശികവികസനത്തിനു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും സഹകരിച്ചാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. പക്ഷേ, ഇതിന്റെ പ്രയോഗരൂപത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സാധാരണ നിലയില്‍ നേരിട്ട് വായ്പ നല്‍കാനുള്ള സാങ്കേതികപരിമിതികള്‍ മാറ്റേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അതിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിനു സഹകരണസംഘങ്ങളില്‍നിന്നു വായ്പ വാങ്ങുന്നതിനുള്ള സാങ്കേതികതടസ്സങ്ങളും പരിഹരിക്കണം.

പ്രാദേശിക വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹകരണസംഘങ്ങളുടെ ജില്ലാതല കണ്‍സോര്‍ഷ്യം, താലൂക്ക് തല കമ്പനികള്‍ എന്നിവ പരിഗണിക്കണം. ക്ലൗഡ് കിച്ചണുകള്‍, വാഷിംഗ് ആന്‍ഡ് അയേണ്‍ സെന്ററുകള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, ഹൗസ് കീപ്പിംഗ് ഫോഴ്‌സ് എന്നിവ വ്യാപകമായി നടപ്പാക്കുക വഴി സ്വന്തം അടുക്കളുകളില്‍നിന്നു മോചിപ്പിച്ച് കൂടുതല്‍ സ്ത്രീകളെ വേതനം പറ്റുന്ന തൊഴിലാളികളാക്കി രൂപപ്പെടുത്താവുന്നതാണ്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ മാനസികപ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന നിലയില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ സീനിയേഴ്‌സ് റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കണം.

എച്ച്.ഡി.സി, ജെ.ഡി.സി. കോഴ്‌സുകളുടെ സിലബസ് പുതിയകാലത്തെ ബിസിനസ് മാനേജ്‌മെന്റ് സ്ട്രാറ്റജിക്കനുസരിച്ച് നവീകരിക്കണം. സഹകരണമേഖലയില്‍ ഫെലോഷിപ്പുകള്‍ നല്‍കിയുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിന് സംവിധാനമുണ്ടാകണം. മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധിതപരിശീലനം ഉറപ്പാക്കണം. അതിനാവശ്യമായ പ്രത്യേക സിലബസുകളും പരിശീലനപദ്ധതികളും ആവിഷ്‌കരിക്കണം.

സഹകരണതത്വങ്ങളുടെ ഭാഗമായ അംഗങ്ങളുടെ സ്വയംഭരണവും സ്വാതന്ത്ര്യവും, സാമ്പത്തിക പങ്കാളിത്തം എന്നിവയിലേക്കുള്ള അനിയന്ത്രിത കടന്നുകയറ്റം ചെറുക്കാനാകണം. സംഘങ്ങളുടെ ലാഭം വിവിധ പേരുകളില്‍ സംഘങ്ങളില്‍നിന്നു നിര്‍ബന്ധിതമായി പിടിച്ചു കൊണ്ടുപോകുന്ന പ്രവണതയും സ്വയംഭരണ സ്വഭാവത്തെ ഹനിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമങ്ങളും ചട്ടങ്ങളും സഹകരണസംഘങ്ങളുടെ മേല്‍പ്പറഞ്ഞ അവകാശങ്ങളുടെ അപഹരണമായി മാറുന്നില്ലെന്ന് ഉറപ്പാക്കാനാവണം ഹരീന്ദ്രന്‍ നിര്‍ദേശിച്ചു.

Related posts

നെല്ല് സംഭരണത്തിന് സഹകരണ പദ്ധതിയുമായി സര്‍ക്കാര്‍: പിആര്‍എസ് വായ്പരീതി ഒഴിവാക്കുന്നു

Indian Cooperator

ക്രിസ്മസ് പുതുവത്സര സഹകരണ വിപണി ഒരുക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് അനുമതി

Indian Cooperator

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator
error: Content is protected !!