Indian Cooperator

പിന്തുടര്‍ച്ചാവകാശത്തര്‍ക്കത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

രു ഭവനനിര്‍മാണ സഹകരണസംഘത്തില്‍ ഒരാള്‍ക്ക് അംഗത്വം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ സഹകരണസംഘങ്ങളുടെ ഡിവിഷണല്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. മഹാരാഷ്ട്ര സഹകരണസംഘം നിയമപ്രകാരം അംഗത്വം നിയന്ത്രിക്കാനേ അധികാരമുള്ളു. പിന്തുടര്‍ച്ചാവകാശത്തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ഇതൊരു സിവില്‍കോടതിയല്ല. അതിനാല്‍ത്തന്നെ അംഗത്വം അനുവദിച്ച നടപടി റദ്ദാക്കിയ റിവിഷനല്‍ അധികാരികള്‍ തങ്ങളുടെ അധികാരപരിധി ലംഘിച്ചിരിക്കുകയാണ്- ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അമിത് ബോര്‍ക്കറുടെ ബെഞ്ച് ഫെബ്രുവരി ഒമ്പതിനാണ് ഈ ഉത്തരവിട്ടത്.

തെക്കന്‍ മുംബൈയില്‍ പെദ്ദാര്‍ റോഡിലെ അല്‍പന ഭവനനിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വം തേടിക്കൊണ്ടുള്ള പ്രവീണ്‍ ദാവെയുടെ ഹര്‍ജിയിലാണു ബോംബെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. 1974 ല്‍ മൈനറായിരുന്ന പ്രവീണ്‍കുമാറിനെ അല്‍പന ഭവനനിര്‍മാണ സഹകരണസംഘത്തിലെ തന്റെ ഫ്ളാറ്റിന്റെയും ഗാരേജിന്റെയും അവകാശിയായി പിതാവ് നാമനിര്‍ദേശം ചെയ്തു. അതൊരു കമ്പനിക്കു വാടകക്കു നല്‍കിയിരിക്കുകയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രവീണിന്റെ പിതാവ് മരിച്ചു. തന്നെ ഭവനനിര്‍മാണ സഹകരണസംഘത്തില്‍ അംഗമാക്കണമെന്നാവശ്യപ്പെട്ട് പ്രവീണ്‍ 2002 ല്‍ സംഘത്തിനു കത്തെഴുതി. സംഘം അപേക്ഷ നിരസിച്ചു. തുടര്‍ന്ന് അദ്ദേഹം ഡെപ്യൂട്ടി രജിസ്ട്രാറെ സമീപിച്ചു. പ്രവീണിന് അംഗത്വം നല്‍കാന്‍ 2006 ഫെബ്രുവരിയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഭവന സഹകരണസംഘവും വാടകയ്ക്കു താമസിക്കുന്നയാള്‍ എന്നവകാശപ്പെട്ട ഒരാളും ചേര്‍ന്നു ഡിവിഷണല്‍ ജോ. രജിസ്ട്രാര്‍ക്കു റിവിഷന്‍ ഹര്‍ജി നല്‍കി. പ്രവീണിന് അംഗത്വം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ജോ. രജിസ്ട്രാര്‍ റദ്ദാക്കി. നോമിനേഷന്‍ ഫോമില്‍ തിരുത്തിയെഴുത്തുണ്ടെന്നും അതിനാല്‍ നോമിനേഷന്‍രേഖ വിശ്വാസയോഗ്യമല്ലെന്നും ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവില്‍ പറഞ്ഞു.

നിയമപ്രകാരമുള്ള പത്ത് അവകാശികളില്‍ ആറു പേരും പ്രവീണിനനുകൂലമായി നിരാക്ഷേപപത്രം ( എന്‍.ഒ.സി ) നല്‍കിയിട്ടുണ്ടെന്നു പ്രവീണിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. അവകാശികളിലൊരാള്‍ മരിച്ചുപോയി. മറ്റു രണ്ടുപേര്‍ പ്രവീണിന്റെ അവകാശത്തെ എതിര്‍ക്കുന്നുമില്ല. ഒരാള്‍മാത്രമാണു പ്രവീണിന്റെ അവകാശവാദത്തെ എതിര്‍ക്കുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

നോമിനേഷന്‍ ചെയ്തതുകൊണ്ടുമാത്രം ഒരു നോമിനിക്കനുകൂലമായി ഉടമസ്ഥാവകാശം സ്ഥാപിക്കപ്പെടില്ലെന്നു 2016 ല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നു ജസ്റ്റിസ് ബോര്‍ക്കര്‍ ചൂണ്ടിക്കാട്ടി. പ്രവീണിന്റെ പിതാവ് വില്‍പ്പത്രമൊന്നും എഴുതിവെക്കാതെയാണു മരിച്ചത്. ആ നിലയ്ക്കു വ്യക്തിനിയമപ്രകാരം പത്തുപേര്‍ക്കും പിന്തുടര്‍ച്ചാവകാശമുണ്ട്. രേഖകള്‍പ്രകാരം ഭൂരിപക്ഷം അവകാശികളും പ്രവീണിനെ പിന്തുണയ്ക്കുന്നുണ്ട്. പ്രവീണിനു അംഗത്വം നല്‍കിക്കൊണ്ടുള്ള ഉത്തരവിനെ എതിര്‍പ്പറിയിച്ച പിന്തുടര്‍ച്ചാവകാശി എതിര്‍ക്കുന്നില്ലെന്നും ഭവന സഹകരണസംഘവും വാടകക്കാരന്‍ എന്നവകാശപ്പെടുന്ന ഒരാളും മാത്രമാണു ചോദ്യം ചെയ്യുന്നതെന്നും ജസ്റ്റിസ് ബോര്‍ക്കര്‍ പറഞ്ഞു. ഭവന സഹകരണസംഘത്തിലെ അംഗത്വംസംബന്ധിച്ച കാര്യം നിയമപ്രകാരമുള്ള അവകാശികള്‍ക്കിടയിലെ പ്രശ്നമാണ്. ഒരു വാടകക്കാരന് അതിനെ ചോദ്യംചെയ്യാന്‍ അവകാശമില്ല. സഹകരണസംഘംനിയമമോ നിയമാവലിയോ അനുസരിച്ചു പ്രവീണിന്റെ യോഗ്യതയെ സഹകരണസംഘം എതിര്‍ത്തിട്ടില്ല. അവകാശികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അംഗത്വം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ റിവിഷന്‍ അധികാരി ഇടപെടാന്‍ പാടില്ല – ജസ്റ്റിസ് ബോര്‍ക്കര്‍ വിധിയില്‍ വ്യക്തമാക്കി.

Related posts

വിപണിയില്‍  സവാളയുടെ വിലക്കയറ്റം തടയാനാണ് സഹകരണ മേഖലയുടെ ഇടപെടലുമായി എന്‍.സി.സി.എഫ് രംഗത്തുവരുന്നത്

Indian Cooperator

സംഘങ്ങള്‍ ലാഭവിഹിതവരുമാനം അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്താല്‍ നികുതികിഴിവ് കിട്ടും

Indian Cooperator

ക്ഷീരസംഘങ്ങള്‍ക്ക് എല്ലാജില്ലകളിലും അപ്പക്‌സ് യൂണിയനുകള്‍; കേരളത്തിലെ മേഖലായൂണിയന്റെ ഘടനയെ ബാധിക്കും

Indian Cooperator
error: Content is protected !!