- കൊല്‍ക്കത്ത ഹൈക്കോടതിക്കു പിന്നാലെ ബോംബെ ഹൈക്കോടതിയും
- കാലാവധി നിയന്ത്രിക്കുന്നത് അധികാരകേന്ദ്രീകരണം തടയാനെന്ന് കേന്ദ്രം
- സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ക്ക് പത്തു വര്‍ഷത്തിലധികം തുടര്‍ച്ചയില്ല
സഹകരണ ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ കൊണ്ടുവന്ന മാറ്റത്തിനെതിരെയായിരുന്നു ഹരജി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ക്കാണ് ഇത് ബാധകം.
സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാരുടെ കാലാവധി പത്തു വര്‍ഷമായി നിജപ്പെടുത്തിക്കൊണ്ടുള്ളവ്യവസ്ഥയ്‌ക്കെതിരെയാണ് പരാതി കൂടുതലുണ്ടായത്. ഇത് സംസ്ഥാനനിയമത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു എല്ലാ ഹരജികളിലെയും ഒരു വാദം. ബോംബെ ഹൈക്കോടതിയിലും സമാനമായ ഹരജിവന്നു. ഈ വ്യവസ്ഥ തല്‍ക്കാലം മരവിപ്പിക്കണമെന്ന ഹരജയില്‍ ഇടക്കാല ഉത്തരവു നല്‍കാന്‍ ബോംബെ ഹൈക്കോടതിയുടെ കൊല്‍ഹാപ്പൂര്‍ സര്‍ക്യൂട്ട് ബെഞ്ച് വിസമ്മതിച്ചു. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തില്‍ 2025 ല്‍ കൊണ്ടുവന്ന ഭേദഗതിയിലാണു ഡയറക്ടര്‍മാരുടെ കാലാവധി തുടര്‍ച്ചയായി പത്തു വര്‍ഷം എന്നാക്കി നിജപ്പെടുത്തിയത്.
ജസ്റ്റിസ് എം.എസ്. കാര്‍ണിക്, ജസ്റ്റിസ് അജിത് ബി. കടേത്താംകര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു കൊല്‍ഹാപ്പൂര്‍ ജില്ലാ അര്‍ബന്‍ബാങ്ക് അസോസിയേഷന്‍ ലിമിറ്റഡിന്റേയും മറ്റുള്ളവരുടെയും റിട്ട്ഹര്‍ജിയില്‍ ഇടക്കാലഉത്തരവിനുള്ള അപേക്ഷ നിരസിച്ചത്. മഹാരാഷ്ട്രയില്‍ നടക്കാന്‍പോകുന്ന സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ ഡയറക്ടര്‍മാരുടെ യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക്ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയുടെ കൊല്‍ഹാപ്പൂര്‍ ബെഞ്ചിനെ സമീപിച്ചത്. 2025 ആഗസ്റ്റ് ഒന്നിനു നടപ്പാക്കിയ ഭേദഗതിയിലാണു ഡയറക്ടര്‍മാരുടെ കാലാവധി തുടര്‍ച്ചയായി പത്തു വര്‍ഷം എന്നു നിജപ്പെടുത്തിയത്.
ഭേദഗതി നിലവില്‍ വരുന്നതിനുമുമ്പു പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡയറക്ടര്‍മാരെ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു അയോഗ്യരായി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ടാണു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഈയാവശ്യത്തെ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും ഹൈക്കോടതിയില്‍ എതിര്‍ത്തു. സഹകരണബാങ്കുകളുടെ ഭരണസമിതികളില്‍ അധികാരം കേന്ദ്രീകരിക്കുന്നതു തടയുക എന്ന ഉദ്ദേശ്യത്തോടെയാണു ഭേദഗതി നടപ്പാക്കിയതെന്നു ഇവര്‍ ബോധിപ്പിച്ചു.

ബാങ്കിങ് നിയന്ത്രണനിയമത്തില്‍ 2020 ലോ 2025 ലോ കൊണ്ടുവന്ന ഭേദഗതികളെ ഹര്‍ജിക്കാര്‍ എതിര്‍ത്തിട്ടില്ലെന്നു ഇരുഭാഗത്തുംനിന്നുള്ള വാദം കേട്ടശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. പത്തു വര്‍ഷം തുടര്‍ച്ചയായി ഡയറക്ടറായി പ്രവര്‍ത്തിച്ചവര്‍ക്കു 2025 ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ തത്സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നാണു റിസര്‍വ് ബാങ്കിന്റെ ഭേദഗതികൊണ്ടുദ്ദേശിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ബാങ്കിങ് നിയന്ത്രണനിയമത്തിന്‍കീഴില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അര്‍ഹതപ്പെട്ട അതോറിറ്റിയായ റിസര്‍വ് ബാങ്ക്തന്നെയാണു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നും അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ്ഓഫീസറല്ലെന്നും ഹൈക്കോടതി ഹര്‍ജിക്കാരെ ഓര്‍മിപ്പിച്ചു. തങ്ങള്‍ക്ക് ഇടക്കാലാശ്വാസമായി കോടതിയുടെ ഇടപെടലുണ്ടാവണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷ തള്ളിയ കോടതി 2026 ജൂണ്‍ 15 നു ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കാന്‍ തീരുമാനിച്ചു.
നേരത്തേ, കൊല്‍ക്കത്ത ഹൈക്കോടതിയും സമാനഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. ബംഗാളിലെ ഹൗറയിലുള്ള സാന്ദ്രഗച്ചി സഹകരണബാങ്ക് തിരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ഫോമില്‍ പത്തു വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിട്ടുള്ള ഡയറക്ടര്‍മാരെ വീണ്ടും മത്സരിക്കുന്നതില്‍നിന്നു തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയതിനെയാണു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 10 എ (2 എ) (ഐ) പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണസംഘങ്ങള്‍ക്കു ബാധകമല്ലെന്നും ആയതിനാല്‍ ഈ നടപടി ഏകപക്ഷീയമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സഹകരണസംഘങ്ങള്‍ സംസ്ഥാനലിസ്റ്റില്‍ വരുന്നതാണെങ്കിലും സംഘങ്ങള്‍ നടത്തുന്ന ബാങ്കിങ്്പ്രവര്‍ത്തനം കേന്ദ്രലിസ്റ്റില്‍പ്പെടുമെന്നും അതിനാല്‍ത്തന്നെ കേന്ദ്രഭേദഗതികള്‍ സാധുവും നടപ്പാക്കേണ്ടതുമാണെന്നും കൊല്‍ക്കത്ത ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2025 ലെ ബാങ്കിങ് നിയന്ത്രണനിയമഭേദഗതിയനുസരിച്ച് ചെയര്‍മാന്മാര്‍ക്കും ആജീവനാന്ത ഡയറക്ടര്‍മാര്‍ക്കുമല്ലാതെ തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മറ്റാര്‍ക്കും തത്സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നു റിസര്‍വ് ബാങ്ക് അന്നു വ്യക്തമാക്കിയിരുന്നു.
ബാങ്കിങ് നിയന്ത്രണനിയമത്തിലെ ഒട്ടേറെ വ്യവസ്ഥകള്‍സംബന്ധിച്ചു നിലവില്‍ കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണു പരിഗണിക്കുന്നത്. ഇതിനു പുറമേ വന്ന കേസുകളിലാണു കൊല്‍ക്കത്ത, ബോംബെ ഹൈക്കോടതികളുടെ തീര്‍പ്പുണ്ടായിരിക്കുന്നത്.
