Indian Cooperator

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

ഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കുന്ന ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം പുറത്തിറങ്ങി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍  എം.വി.ശശികുമാറാണ് പുസ്തകത്തിന്റെ രചയിതാവ്. ഐ.സി.എമ്മിലെ 32 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പിരിഞ്ഞത്. ഇക്കാലമത്രയും സഹകരണ മേഖലയില്‍ നടത്തിയ ഇടപെടലും പ്രവര്‍ത്തനങ്ങളും അതിലൂടെ കൈവരിച്ച അറിവും അനുഭവവും ഈ ഗ്രന്ഥത്തിന് വെളിച്ചമായിട്ടുണ്ട്. സഹകാരികള്‍ക്കും സഹകരണ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരോപോലെ ഉപയോഗപ്പെടുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

36 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുകയും ഭാവിയിലേക്ക് എങ്ങനെയാണ് മാറേണ്ടത് എന്നതില്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് പുസ്തകത്തിന്റെ രചനാശൈലി. പ്രതിസന്ധികള്‍ക്കിടയിലും സാധ്യതകള്‍ ഏറെയാണെന്നും അതിന് പുതിയ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനരീതിയുമാണ് വേണ്ടതെന്ന് ഓരോ മേഖലയേയും അപഗ്രഥിച്ചുകൊണ്ട് ലേഖകന്‍ സമര്‍ത്ഥിക്കുന്നുണ്ട്. സഹകരണ പ്രസ്ഥാനം എന്താവണം, സഹകരണ സംഘങ്ങളിലൂടെ സുസ്ഥിര തൊഴില്‍ വികസനം, അജണ്ട മാറണം, സംഘങ്ങളും സഹായഘടനയും എന്നിങ്ങനെയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ തലക്കെട്ട്. ഈ തലക്കെട്ടുകള്‍ പുസ്തകം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

സഹകരണ മേഖലയില്‍ സംരംഭങ്ങള്‍ക്കുള്ള പ്രാധാന്യം, ഉപഭോക്തൃസഹകരണ സംഘങ്ങള്‍ മാറേണ്ടരീതി, സ്ത്രീശാക്തീകരണത്തിനും അവരുടെ വരുമാന വര്‍ദ്ധനവിനും വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റം, സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ് കൊണ്ടുവരേണ്ട രീതികള്‍ എന്നിവയെല്ലാം പുസ്‌കതത്തില്‍ വിശദീകരിക്കുന്നുണ്ട്. സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വികസന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെയാവണമെന്നതിന് പുതിയ ആശയങ്ങളിലൂടെയാണ് വിശദീകരണം നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം, സര്‍ക്കാര്‍-സഹകരണ പങ്കാളിത്തം, സ്വകാര്യ-സഹകരണ പങ്കാളിത്തം എന്നിവയെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും തമ്മിലുള്ള ബന്ധങ്ങളും പങ്കാളിത്തവും കാലോചിതമായി നിര്‍വചിക്കുന്ന പുസ്തകം കൂടിയാണ് ശശികുമാറിന്റെ  ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്നത്.  തൃശൂരില്‍നടന്ന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന്‍ പുസ്തകം പ്രകാശനം ചെയ്തു.

Related posts

ആറാം വാര്‍ഷികം ആഘോഷിച്ച് കേരള ബാങ്ക്; ആറാണ്ടില്‍ നേട്ടങ്ങളേറെ

Indian Cooperator

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator

നബാര്‍ഡിലെ3500 പെന്‍ഷന്‍കാര്‍സമരത്തിലേക്ക്

Indian Cooperator
error: Content is protected !!