ഡിജിറ്റല്‍ പണമിടപാട് പുതിയ രൂപത്തിലേക്ക് മാറുകയാണ്. ഡിജിറ്റല്‍ കറന്‍സി അക്കൗണ്ടില്ലാതെ പണം കൈമാറ്റത്തിനുള്ള ഉപാധിയായി മാറുകയാണ്. ഇന്ത്യയിലും അത്തരം സംവിധാനം വരുകയാണ്. ഡിജിറ്റല്‍ കറന്‍സിയായി ഇ-റുപ്പി വഴിയാണ് ഈ ഇടപാട് നടക്കുന്നത്. പണത്തിന്റെ മൂല്യമുള്ള ഒരു ഡിജിറ്റല്‍ വൗച്ചറാണ് ഇ-റുപ്പി. ബാങ്ക് അക്കൗണ്ടിലല്ലാതെ ഡിജിറ്റലായി പണം സൂക്ഷിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരുവ്യക്തിയുടെ ഫോണ്‍നമ്പറിലേക്ക് എസ്.എം.എസ്. രൂപത്തില്‍ ഇത് അയക്കാനാകും. ഈ വൗച്ചര്‍ സ്വീകരിക്കുന്ന ഏത് കേന്ദ്രത്തില്‍ അദ്ദേഹത്തിന് അത് റഡീം ചെയ്ത് പണത്തിന്റെ മൂല്യമായി ഉപയോഗിക്കാനാകും. ഈ സംവിധാനം ജനകീയമാക്കാനുള്ള പ്ലാറ്റ് ഫോം മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് തന്നെയാണ് അവതരിപ്പിച്ചത്. ‘വാലറ്റ് ഓണ്‍ ദ് ഗോ’ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.
അതായത്, ഏതു വ്യക്തിയുടെ ഫോണ്‍ നമ്പറിലേക്കും റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായ ‘ഇറുപ്പി’ അയയ്ക്കാം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ‘ഇറുപ്പി’ വോലറ്റോ യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ പോലും ആവശ്യമില്ല. ഇതു സാധ്യമാക്കാനുള്ള സംവിധാനമാണ് റിസര്‍വ് ബാങ്കിന്റെ ‘വോലറ്റ് ഓണ്‍ ദ് ഗോ’. അതായത്, ‘ഇറുപ്പി’ വോലറ്റുള്ള നിങ്ങള്‍ക്ക് ടാക്‌സി ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ ടൈപ് ചെയ്ത് പണമയയ്ക്കാം. എസ്എംഎസ് ആയി ‘ഇറുപ്പി’ ലഭിക്കുന്ന ഡ്രൈവറുടെ ഫോണില്‍ തനിയെ വോലറ്റ് സൃഷ്ടിക്കപ്പെടും.
ബാങ്ക് അക്കൗണ്ടിലേക്കു പോലും മാറ്റാതെ ഈ തുക ഡ്രൈവര്‍ക്ക് ഉപയോഗിക്കാനാകും. വിവിധ ബാങ്കുകള്‍ നല്‍കുന്ന ‘ഇ-റുപ്പി’ വോലറ്റുകള്‍ യുപിഐ ഭീം ആപ്പില്‍ ഒരുമിച്ച് ലഭ്യമാക്കാനുള്ള സൗകര്യമാണ് റിസര്‍വ് ബാങ്ക് തുടങ്ങിവെച്ചിരിക്കുന്നത്. അതായത്, ഒരു മൊബൈല്‍ഫോണില്‍ എസ്.എം.എസ്. ആയി ലഭിച്ച ഇ-റുപ്പി യുപിഐ പേയ്‌മെന്റിന് ഉപയോഗപ്പെടുത്താം.
