പ്രാഥമിക സഹകരണ സംഘങ്ങളെ ബാങ്ക് മിത്രകളാക്കി മാറ്റാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് വേഗം കൂട്ടാനുള്ള ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക്. എടിഎം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളില്‍ ബാങ്കിങ് സൗകര്യം നല്‍കുന്ന ബിസിനസ് കറസ്പോണ്ടന്റുമാരില്‍ (ബാങ്ക് മിത്ര) നിന്ന് യുപിഐ വഴി കറന്‍സി വാങ്ങാനാകുമെന്നതാണ് വരാനിരിക്കുന്ന മറ്റൊരു മാറ്റം. യുപിഐ ക്യാഷ്പോയിന്റ് എന്ന രീതിയില്‍ കൂടി ബാങ്കിങ് മിത്ര സംവിധാനത്തെ മാറ്റുകയാണ് ചെയ്യുന്നത്.
യുപിഐ ക്യാഷ് പോയിന്റ് സംവിധാനം കൂടി നടപ്പാകുന്നത് ബാങ്കിങ് മിത്ര രീതി ജനകീയമാവുമെന്നാണ് കണക്കാക്കുന്നത്. പണം വേണ്ട വ്യക്തി ബാങ്ക് മിത്രയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐയിലൂടെ ഡിജിറ്റലായി പണം നല്‍കുക. തത്തുല്യമായ കറന്‍സി ബാങ്ക് മിത്രയില്‍നിന്ന് ലഭിക്കും. ഇതാണ് രീതി.
ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം വഴി യുപിഐ ഇടപാടിലൂടെ നിങ്ങള്‍ക്ക് യുഎസ് ഡോളര്‍ വാങ്ങാനാകുന്ന സംവിധാനവും ബാങ്കിങ് ടെക്‌നോളജിയില്‍ സംഭവിക്കുകയാണ്. എഫ്എക്സ് റീട്ടെയ്ല്‍ ഫോറെക്സ് പ്ലാറ്റ്ഫോമിനെ ഇതുമായി ബന്ധിപ്പിച്ചാണ് പുതിയ രീതി നടപ്പാക്കുന്നത്. വിദേശത്തേയ്ക്കടക്കം പണമയയ്ക്കുന്നതും ഇനി എളുപ്പമാകും. ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ ക്രെഡ്, മൊബിക്വിക് ആപ്പുകളിലൂടെ ഈ സേവനം നല്‍കിത്തുടങ്ങി.
ജോയിന്റ് അക്കൗണ്ടുകള്‍ക്കും യുപിഐ സേവനം ഉപയോഗിക്കാനുള്ള സംവിധാനവും വരുകയാണ്. പണമിടപാട് നടത്താന്‍ ഒന്നിലേറെ ആളുകളുടെ അനുമതി വേണ്ട അക്കൗണ്ടുകളിലും (ജോയിന്റ്/ബിസിനസ്) ഇനി യുപിഐ ഉപയോഗിക്കാം. ഒരാള്‍ അയാളുടെ പിന്‍ നല്‍കി ഇടപാട് തുടങ്ങിവയ്ക്കണം. മറ്റുള്ളവര്‍ അവരവരുടെ പിന്‍ ഉപയോഗിച്ച് ഇത് അപ്രൂവ് ചെയ്യുന്നതോടെ ഇടപാട് പൂര്‍ത്തിയാകും. ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റത്തിലെ ‘ഇ-ചലാന്‍’ ഓപ്ഷനില്‍ വാഹനത്തിന്റെ റജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിലുള്ള ചലാനുകള്‍ കാണാനും തുകയടയ്ക്കാനും കഴിയും.
കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണില്‍ യുപിഐ വഴി പണമിടപാട് നടത്താനുള്ള ‘യുപിഐ സര്‍ക്കിള്‍’ സംവിധാനം വിപുലീകരിച്ചു. കുട്ടികള്‍ നിലവില്‍ നടത്തുന്ന ഓരോ ഇടപാടിനും രക്ഷിതാവിന്റെ അനുമതി വേണമായിരുന്നു. പുതിയ ഫീച്ചര്‍ അനുസരിച്ച് ഇനി ഒരോ മാസത്തേക്കും നിശ്ചിത പരിധി (പരമാവധി 15,000 രൂപ വരെ) രക്ഷിതാവിന് ക്രമീകരിക്കാം.
