സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീമിന്റെ ഹൈലവല്‍ കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ രണ്ടുപേരെ നാമനിര്‍ദ്ദേശം ചെയ്തു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി വി.എം. പ്രദീപ്, തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി പി.ഹരീന്ദ്രന്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്ത് സഹകരണ വകുപ്പ് അഡിഷ്ണല്‍ സെക്രട്ടറി അജിഫിലിപ്പ് ഉത്തരവിറക്കിയത്. പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ഹരീന്ദ്രന്‍.
സഹകരണ സംഘങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര ആശ്വാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സഹകരണ പുനരുദ്ധാരണ നിധിക്ക് രൂപം നല്‍കിയത്. പ്രതിസന്ധിയാലകുന്ന സഹകരണ സംഘങ്ങള്‍ക്ക് ഒരു പുനരുദ്ധാരണം സാധ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനുള്ള സ്‌കീം സര്‍ക്കാര്‍ തയ്യാറാക്കി വരികയാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് പുനരുദ്ധാരണ പാക്കേജ് തയാറാക്കാറുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് തിരുത്തല്‍ നിര്‍ദ്ദേശിക്കാറുണ്ട്. ആ രീതിയില്‍ സഹകരണ മേഖലയില്‍ വായ്പാസംഘങ്ങളെ സഹായിക്കുന്നതിനാണ് സഹകരണ സംരക്ഷണ നിധി.
രാജ്യത്ത് ആദ്യമായാണ് സഹകരണ മേഖലയില്‍ ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്. 2023 മെയ് മൂന്നുമുതല്‍ സഹകരണ പുനരുദ്ധാരണ നിധി സ്‌കീം സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്. സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖയില്‍ ചില തിരുത്തലുകള്‍വേണ്ടതുണ്ടെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള നടപടി സഹകരണ വകുപ്പ് തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഒട്ടേറെ സംഘങ്ങള്‍ പുനരുദ്ധാരണ നിധിയില്‍നിന്നുള്ള സാമ്പത്തിക സഹായത്തിന് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന ഹൈലെവല്‍ കമ്മിറ്റിയാണ് ഇത്തരം അപേക്ഷകളെല്ലാം പരിഗണിക്കുന്നത്. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ചാണ് സഹകരണ വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുക. ആ കമ്മിറ്റിയിലേക്കാണ് ഇപ്പോള്‍ പി. ഹരീന്ദ്രനെയും വി.എം. പ്രദീപനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

