Indian Cooperator

തൊഴില്‍ലഭ്യത കൂട്ടാന്‍ സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് നൈപുണ്യവികസനത്തില്‍

  • ഡോ. ടി.പി. സേതുമാധവന്‍

(യു.എല്‍.സി.സി.എസ്സിലെ മുന്‍ വിദ്യാഭ്യാസ
വിഭാഗം ഡയറക്ടറും ലോകബാങ്ക് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍ )

സ്‌കില്‍വികസനത്തിനു ഊന്നല്‍ നല്‍കി തൊഴില്‍ലഭ്യത വര്‍ധിപ്പിക്കാന്‍ കേരളത്തിലെ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തിനു ‘ വിഷന്‍ – 2031 ‘ ഏകദിന സെമിനാറില്‍ നല്ല സ്വീകാര്യത ലഭിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു വിദ്യാഭ്യാസമേഖലയില്‍ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നിരവധി നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരികയുണ്ടായി.

കേരളസംസ്ഥാനം രൂപവത്കരിച്ച് 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സഹകരണമേഖലയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ സമാഹരിക്കുന്നതിനുള്ള സെമിനാറാണു 2025 ഒക്ടോബര്‍ 28 നു ഏറ്റുമാനൂര്‍ ഗ്രാന്റ് അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. വിദ്യാഭ്യാസമേഖലയില്‍
സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണം എന്ന വിഷയത്തില്‍ ആശയങ്ങള്‍ പങ്കിടാന്‍ ഈ ലേഖകനും അവസരം ലഭിച്ചു.

ആഗോളതലത്തില്‍ 12 ശതമാനം പേരാണു സഹകരണമേഖലയില്‍ ജോലി ചെയ്യുന്നത്. ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്ന 17 സുസ്ഥിര വികസനലക്ഷ്യങ്ങളില്‍ പത്തെണ്ണമെങ്കിലും കൈവരിക്കാനുള്ള നയരൂപവത്കരണത്തിന്റെ ആവശ്യകത ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എടുത്തുപറഞ്ഞു. അതിനുതകുന്ന വിദ്യാഭ്യാസനയം സഹകരണസംഘങ്ങള്‍ രൂപപ്പെടുത്തണം. കൂടുതല്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാനും സെമിനാര്‍ ആഹ്വാനം ചെയ്തു. ശ്രീ നാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രാദേശികകേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സി.എസ്.ആര്‍. ഫണ്ടുകള്‍ സഹകരണസംഘങ്ങള്‍ക്കു വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു നല്‍കണമെന്നുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

വിഷന്‍ – 2031 സെമിനാറുകളുടെ ലോഗോ
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തപ്പോള്‍

** ഗവേഷണം പ്രോത്സാഹിപ്പിക്കാനായി കേരള കോ-ഓപ്പറേറ്റീവ് റിസര്‍ച്ച് കൗണ്‍സില്‍ രൂപവത്കരിക്കണം.

** വിദ്യാഭ്യാസ മേഖലയില്‍ EDU COPS കൂടുതല്‍ വിപുലപ്പെടുത്തണം
** സ്‌കൂള്‍ സഹകരണസംഘങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തണം
** വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ സാങ്കേതികവിദ്യക്കു കൂടുതല്‍ ഊന്നല്‍ നല്‍കണം
** സര്‍ക്കാര്‍-സ്വകാര്യപങ്കാളിത്തം PPP മോഡില്‍ ഉറപ്പുവരുത്തണം
** മാനേജ്മെന്റ്്, ടെക്‌നോളജി കോഴ്‌സുകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തണം
** ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്കു സഹകരണസ്ഥാപനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം
** കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അക്കാഡെമിയ-ഇന്‍ഡസ്ട്രി സഹകരണം മെച്ചപ്പെടുത്തണം
** പ്ലാറ്റ്‌ഫോം അധിഷ്ഠിത വികസനമോഡലുകള്‍ വിദ്യാഭ്യാസ
സഹകരണസംഘങ്ങളില്‍ ഊര്‍ജിതപ്പെടുത്തണം
** സഹകരണമേഖലയില്‍ അധ്യാപകര്‍ക്കായി കൂടുതല്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കണം
** രാജ്യത്തിനകത്തും വിദേശത്തുമുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തണം
** അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സ്‌കില്‍ മാപ്പിങ്ങിലൂടെ വ്യവസായസ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റ് ഉറപ്പു വരുത്തണം
** സഹകരണമേഖലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ നെറ്റ്വര്‍ക്ക് ചെയ്തുകൊണ്ടുസംസ്ഥാനത്തു സഹകരണസര്‍വകലാശാല സ്ഥാപിക്കണം
** പുത്തന്‍ സ്‌കില്ലുകള്‍ക്കു പ്രാധാന്യം നല്‍കണം

സഹകരണമേഖലയ്ക്കിണങ്ങിയ നിരവധി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ ഓഫ്ലൈന്‍ / ഓണ്‍ലൈന്‍ മോഡില്‍ നിരവധി സര്‍വകലാശാലകള്‍ ഓഫര്‍ ചെയ്തുവരുന്നുണ്ട്. നിരവധി സ്‌കില്‍വികസന കോഴ്സുകളും വിവിധ സെക്ടര്‍ സ്‌കില്‍സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് ഓഫര്‍ ചെയ്തുവരുന്നു.

40 ശതമാനത്തില്‍ത്താഴെ ഇന്ത്യക്കാര്‍ മാത്രമേ അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ലോക തൊഴില്‍ സംഘടനയുടെ ( ഐ.എല്‍.ഒ. ) ഡേറ്റ സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ ഇന്ത്യയുടെ നില പരിതാപകരമാണ്. 145 ലോകരാജ്യങ്ങളില്‍ ഇന്ത്യ 124 -ാം സ്ഥാനത്താണു നില്‍ക്കുന്നത്. സ്‌കില്ലുള്ള തൊഴിലാളികള്‍ ഇന്ത്യയില്‍ 12 ശതമാനംമാത്രമേയുള്ളൂ. ഇവര്‍ക്കു മികവുറ്റ ബിരുദങ്ങളുമില്ല. അഡ്വാന്‍സ്ഡ് ബിരുദങ്ങളുള്ള ഇന്ത്യക്കാരിലും തൊഴിലില്ലായ്മ നിലനില്‍ക്കുന്നു. ഈ വിഭാഗത്തില്‍ ഇന്ത്യക്കാര്‍ 13 ശതമാനം വരുമ്പോള്‍ അമേരിക്ക, യു.കെ. എന്നിവിടങ്ങളില്‍ ഇതു യഥാക്രമം 2.3, 2 .7 ശതമാനം മാത്രമേയുള്ളു. വികസിതരാജ്യങ്ങള്‍ സ്‌കില്‍, RPL ( Recognition of Prior Learning ) എന്നിവ വിലയിരുത്തി തൊഴില്‍പുരോഗതി കണ്ടെത്തുമ്പോള്‍ ഇന്ത്യ ബിരുദത്തിനാണു പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, സ്‌കില്‍ഡ്‌വര്‍ക്കര്‍ വിഭാഗത്തില്‍ ബിരുദധാരികള്‍ ലോകത്തെമ്പാടും കുറവാണ്.

കൂടുതല്‍ വിദേശ യൂണിവേഴ്‌സിറ്റികാമ്പസുകള്‍ വരുംകാലങ്ങളില്‍ ഇന്ത്യയില്‍ രൂപപ്പെടും.
സഹകരണമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കോഴ്‌സുകളുടെ കാര്യത്തില്‍ പ്ലേസ്‌മെന്റ് വര്‍ധിപ്പിക്കാനാവശ്യമായ മാറ്റങ്ങള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്.

യുവാക്കളുടെ ക്ഷേമത്തിനും
ടെക്‌നോളജിക്കും പ്രാധാന്യം

മാറുന്ന സാഹചര്യത്തില്‍ സഹകരണമേഖല ഊന്നല്‍ നല്‍കേണ്ടതു വികസനത്തിനും സാങ്കേതികവിദ്യയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വൈവിധ്യവത്കരണത്തിനുമാണെന്നു 2025 നവംബര്‍ 24 മുതല്‍ 28 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്-ഏഷ്യ- പെസിഫിക് ( ഐ.സി.എ-എ.പി ) റീജിയണല്‍ അസംബ്ലി ആഹ്വാനം ചെയ്തു.

സഹകരണപ്രസ്ഥാനങ്ങള്‍കൊണ്ട് എന്തെല്ലാം നേടാനാകുമെന്നും വികസനം ലക്ഷ്യമിട്ട് ഏതെല്ലാം മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ക്കു സാധ്യതകളുണ്ടെന്നും 2025 ലെ അന്താരാഷ്ട്ര സഹകരണവര്‍ഷത്തില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. പക്ഷേ, ചര്‍ച്ചകളെല്ലാം പ്രാരംഭദശയിലാണ്. കാര്‍ഷികം, ധനകാര്യം, റീട്ടെയില്‍, ഹൗസിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, വ്യാവസായികസേവനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സഹകരണഇടപെടലുകള്‍ക്കു സാധ്യതയുണ്ട്.

കൊളംബോയില്‍ നടന്ന ഐ.സി.എ-എ.പി. റീജിയണല്‍
സമ്മേളനത്തില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍

ഏഷ്യ-പെസിഫിക് സഹകരണ ഉച്ചകോടിയില്‍ ലോകത്താകമാനമുള്ള സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി ശുപാര്‍ശകള്‍ പുറത്തിറക്കിയിട്ടുണ്ട്. ലോകജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന ഏഷ്യ-പെസിഫിക് മേഖലയില്‍ 470-480 കോടിയാളുകള്‍ അധിവസിക്കുന്നു എന്നാണു 2024-25 ലെ കണക്ക്. 2050 ആകുമ്പോഴേക്കും ഇവിടത്തെ ജനസംഖ്യ 520 കോടിയിലെത്തുമെന്നാണ് അനുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനു സഹകരണസ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മാറുന്ന ചുറ്റുപാടുകളുമായുള്ള പൊരുത്തപ്പെടലും അതിജീവനശേഷിയുമാണു ലോകമെമ്പാടുമുള്ള സഹകരണസ്ഥാപനങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഗ്രാമീണപരിവര്‍ത്തനത്തിലേക്കുള്ള മാറുന്ന പ്രവണതകളും നഗരവത്കരണത്തിലേക്കുള്ള പരിവര്‍ത്തനവും ഇതിലുള്‍പ്പെടുന്നു. ലോകത്തെ നഗരജനസംഖ്യയുടെ പകുതിയിലധികവും താമസിക്കുന്ന ഏഷ്യ-പെസിഫിക് മേഖലയില്‍ നഗരവത്കരണത്തിലേക്കുള്ള ചുവടുമാറ്റം കാര്‍ഷികോത്പാദന സംവിധാനങ്ങളെയും
ഭക്ഷ്യസുരക്ഷയെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

കാര്‍ഷികമേഖലയില്‍നിന്നുള്ള ഉത്പാദനവും ആ മേഖലയിലെ ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനും വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവത്കരണം, സേവനങ്ങളിലേക്കുള്ള പ്രവേശനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമീണ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നയം
രൂപവത്കരിക്കല്‍ എന്നിവയ്ക്കാവശ്യമായ വളര്‍ച്ചയുടെ യാഥാര്‍ഥ്യങ്ങളിലൊന്നായി ഗ്രാമപരിവര്‍ത്തനം ഉയര്‍ന്നുവരുന്നു. ഒരു ഗ്രാമത്തിലെ സാമൂഹിക-സാമ്പത്തിക-അടിസ്ഥാനസൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിലൂടെയുള്ള സമഗ്രമായ വളര്‍ച്ചയും നവീകരണവുമാണു ഗ്രാമപരിവര്‍ത്തനം. ലോകത്തെ ഭക്ഷ്യോത്പാദനത്തിന്റെ 75 ശതമാനവും വരുന്നതു 75 ശതമാനം ഭൂവിഭവങ്ങള്‍ കൈവശം വച്ചിരിക്കുന്ന ചെറുകിടകര്‍ഷകരില്‍നിന്നാണ്. എന്നാല്‍, ഈ ഉത്പന്നങ്ങള്‍ക്ക് ഉചിതമായ വിപണീപ്രവേശനവും ആവശ്യമാണ്. വിപണിയിലെ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ചെറുകിടകര്‍ഷകര്‍ക്കു പലപ്പോഴും
നയരൂപവത്കരണത്തില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല. ഗ്രാമീണമേഖലയില്‍ ഉത്പാദനം, സംഭരണം, സംസ്‌കരണം എന്നിവയ്ക്കു പ്രാധാന്യം നല്‍കിയുള്ള കാര്‍ഷികവിപുലീകരണ സേവനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

അസമത്വമാണു ഭക്ഷ്യോത്പാദനസമ്പ്രദായത്തിലെ പ്രധാന വെല്ലുവിളി. ഏഷ്യ-പെസിഫിക് മേഖലയില്‍ ജനസംഖ്യയുടെ 63 ശതമാനവും ( 450 ദശലക്ഷം ) നഗരപ്രദേശങ്ങളിലാണു താമസിക്കുന്നത്. ഇതു 2050 ആകുമ്പോഴേക്കും 73 ശതമാനത്തിലെത്തും. അറബ്‌രാജ്യങ്ങളിലിതു 40 ശതമാനം വരും. ഗ്രാമപ്രദേശങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് അവയ്ക്കു തുല്യവും സുസ്ഥിരവുമായ നയങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

കാലാവസ്ഥാവ്യതിയാനം ജനസംഖ്യയുടെ 30.4 ശതമാനത്തിലധികംപേരുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നു. അതിവേഗത്തിലുള്ള ഭൂമിയുടെ തുണ്ടുവത്കരണം ഒരു യാഥാര്‍ഥ്യമാണ്. വര്‍ധിച്ചുവരുന്ന ഉത്പാദനച്ചെലവ് ചെറുകിടകര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലോകത്തിലെ 80 ശതമാനം അഗ്രിബിസിനസ് സംരംഭങ്ങളും എം.എസ.്എം.ഇ. ( സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ) യിലൂടെയാണ്. എന്നാല്‍, 2023 ല്‍ ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ 15-24 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഏഷ്യ-പെസിഫിക് മേഖലയില്‍ കാര്‍ഷികോത്പാദനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടുതലാണ്.

സഹകരണസംഘങ്ങളില്‍ പരസ്പരമുള്ള ഐക്യദാര്‍ഢ്യം പ്രാധാന്യമര്‍ഹിക്കുന്നു. പല ഗ്രാമീണ
സഹകരണസംഘങ്ങളും അസംഘടിതവിഭാഗത്തിലാണ്. സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങളും കാലാവസ്ഥാവ്യതിയാനവും അവയെ ദുര്‍ബലമാക്കുന്നു. സബ്സിഡികള്‍വഴിയുള്ള തുടര്‍ച്ചയായ പിന്തുണ അവയെ സുസ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നില്ല. ഇത്തരം സംഘങ്ങള്‍ക്കു
സാമ്പത്തികശാക്തീകരണവും നല്ല ഭരണനൈപുണ്യവും കണ്‍സള്‍ട്ടേറ്റീവ്‌സാധ്യതകളും ആവശ്യമാണെന്നു സഹകരണമേഖലയില്‍ അടുത്തകാലത്തു നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണവും ഡിജിറ്റല്‍പരിവര്‍ത്തനവും ഗ്രാമപരിവര്‍ത്തനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സഹകരണസംഘങ്ങളെ സഹായിക്കും. ലോക ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്.എ.ഒ) ഈ മേഖലകളില്‍ നൂതനപദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്.

ബിസിനസ് മോഡലും
സുസ്ഥിരതാ പ്രശ്‌നവും

ഏഷ്യ-പെസിഫിക് മേഖലയിലുടനീളമുള്ള സഹകരണസ്ഥാപനങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഫലപ്രദമല്ലാത്ത ഭരണം, കുറയുന്ന ഉത്പാദനക്ഷമത, രാഷ്ട്രീയഇടപെടല്‍, യുവാക്കളുടെ കുറയുന്ന പങ്കാളിത്തം എന്നിവയാണ് ഈ വെല്ലുവിളികളില്‍ പ്രധാനപ്പെട്ടവ. നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. സഹകരണസ്ഥാപനങ്ങളുടെ അതിജീവനം, പൊതു-സ്വകാര്യ-സഹകരണ പങ്കാളിത്തം, സഹകരണസമത്വം എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സുസ്ഥിരമായ സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ പരമ്പരാഗതരീതിയില്‍ നിന്നുമാറി മികച്ച ഉത്പാദനക്ഷമതയും
മനുഷ്യവിഭവശേഷിയും ഉറപ്പുവരുത്താനുള്ള തന്ത്രങ്ങള്‍ സഹകരണമേഖലയ്ക്കാവശ്യമാണ്. ഇതിനായി സഹകരണസ്ഥാപനങ്ങള്‍ക്കു സുസ്ഥിരബിസിനസ് മാതൃകകള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.

സഹകരണ, സംരംഭകത്വമേഖലയില്‍ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി മലേഷ്യ അടുത്തിടെ യു.കെ.കെ.എം. കോ-ഓപ്പറേറ്റീവ് യൂണിവേഴ്‌സിറ്റി എന്ന പേരില്‍ സഹകരണ, സംരംഭകത്വ സര്‍വകലാശാല ആരംഭിച്ച കാര്യം ഇവിടെ എടുത്തുപറയേണ്ടതുണ്ട്. മലേഷ്യന്‍ യോഗ്യതാ അക്രഡിറ്റേഷനുകളോടെയാണ് ഇവ ആരംഭിച്ചിട്ടുള്ളത്. മലേഷ്യയിലും ജപ്പാനിലുമുള്ള സ്‌കൂള്‍
സഹകരണസ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നവീകരണവും നൈപുണ്യവികസനവും സൃഷ്ടിക്കാന്‍ സഹായിച്ചുവരുന്നു.

ഏഷ്യ-പെസിഫിക് മേഖലയിലുടനീളമുള്ള സഹകരണസ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സാമ്പത്തികവളര്‍ച്ചയ്ക്കു കരുത്തേകാന്‍ സഹകരണസംഘങ്ങളുടെ നെറ്റ്വര്‍ക്കിംഗ് ആവശ്യമാണ്. ഗള്‍ഫ്‌മേഖലയിലുള്ള സഹകരണസ്ഥാപനങ്ങള്‍ കാര്‍ഷികോത്പന്നങ്ങള്‍, തൊഴിലാളി റിക്രൂട്ടിംഗ് നെറ്റ്വര്‍ക്കിംഗ്, വിദ്യാര്‍ഥികേന്ദ്രീകൃത പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ വിപണിയിലെ ഇടപെടലുകള്‍ സുഗമമാക്കുന്നു. അഗ്രി ഇന്‍കുബേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും ഈ സഹകരണസ്ഥാപനങ്ങള്‍ പിന്തുണ നല്‍കിവരുന്നു.

ഐക്യരാഷ്ട്രസംഘടനയുടെ ഒന്ന് ( ദാരിദ്ര്യനിര്‍മാര്‍ജനം ), അഞ്ച് ( ലിംഗസമത്വം ), എട്ട് ( മാന്യമായ തൊഴിലും സാമ്പത്തികവളര്‍ച്ചയും സൃഷ്ടിക്കുക ), പതിമൂന്ന് ( കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക ) എന്നീ സുസ്ഥിര വികസനലക്ഷ്യങ്ങള്‍ ( Sustainable Development Goals – SDG ) കൈവരിക്കുന്നതിനു തന്ത്രപരമായ നിരീക്ഷണ-മൂല്യനിര്‍ണയ പരിപാടികള്‍ സഹകരണസ്ഥാപനങ്ങള്‍ പിന്തുടരേണ്ടതുണ്ട്. സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അപെക്‌സ് സംഘടനകള്‍ പ്രധാന പങ്ക് വഹിക്കേണ്ടിവരും. തന്ത്രപരമായ നിയമഇടപെടല്‍ സുഗമമാക്കല്‍, ഉത്പാദനശേഷി വര്‍ധിപ്പിക്കല്‍ പരിപാടികള്‍ എന്നിവ ഇവയിലുള്‍പ്പെടുന്നു. ദേശീയതലത്തിലുള്ള ആസൂത്രണം, നിയമനിര്‍മാണം, നയരൂപവത്കരണം, യോജിച്ച അന്തരീക്ഷം സൃഷ്ടിക്കല്‍, അന്താരാഷ്ട്രസഹകരണം, പങ്കാളിത്തം എന്നിവ ഇതിനാവശ്യമാണ്. സുസ്ഥിര വികസനലക്ഷ്യങ്ങളുടെ 15 ശതമാനം മാത്രമേ ഇതിനകം കൈവരിച്ചിട്ടുള്ളൂ. ഐ.എല്‍. ഒ. മാന്യമായ ജോലി ഉറപ്പുവരുത്തുന്ന എട്ടാമത്തെ സുസ്ഥിര വികസനലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ വിപണിയിലെ ഇടപെടല്‍, കെയര്‍ ടെക്‌നോളജി ( കൂടുതല്‍ സ്വതന്ത്രമായും സുരക്ഷയോടെയും ജീവിക്കാന്‍ ജനങ്ങളെ സഹായിക്കുന്ന ടെലി ഹെല്‍ത്ത്, സെന്‍സറുകള്‍, ആപ്പുകള്‍, നിര്‍മിതബുദ്ധി എന്നിവപോലുള്ള ടെക് സൊലൂഷന്‍സിനെയാണു കെയര്‍ ടെക്‌നോളജി എന്നതുകൊണ്ടുദ്ദേശിക്കുന്നത് ) എന്നിവയ്ക്കാവശ്യമായ നയരൂപവത്കരണത്തിനു പ്രാധാന്യം നല്‍കണം.

സഹകരണപ്രസ്ഥാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയിലൂന്നിയുള്ള മാധ്യമതന്ത്രങ്ങളും ബോധവല്‍ക്കരണപരിപാടികളും കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷികം, ധനകാര്യം, റീട്ടെയില്‍, ഹൗസിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, വ്യവസായസേവനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സഹകരണഇടപെടലുകള്‍ക്കു സാധ്യതയുണ്ട്. സഹകരണമേഖല ലോകജനസംഖ്യയുടെ 12 ശതമാനത്തോളം പേര്‍ക്കു തൊഴില്‍ നല്‍കുന്നതോടൊപ്പം സാമൂഹികനീതി, പരിസ്ഥിതിസുസ്ഥിരത എന്നിവ ഉറപ്പുവരുത്തുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഏഷ്യ-പെസിഫിക് മേഖല ഏറെ പ്രകൃതിദുരന്തങ്ങള്‍ നിറഞ്ഞ മേഖലയാണ്. ഇവയുള്‍പ്പെടുന്ന രാജ്യങ്ങളിലെ പരസ്പരസഹകരണം സഹകരണമേഖലയ്ക്കു കരുത്തു പകരും. ഈ രാജ്യങ്ങളില്‍ ഡിജിറ്റല്‍രംഗം ഏറെ കരുത്താര്‍ജിച്ചുവരുന്നുണ്ട്. അഭ്യസ്തവിദ്യരായ യുവതീയുവാക്കളിലെ തൊഴിലില്ലായ്മ ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നതിനാല്‍ ടെക്‌നോളജിമേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സഹകരണസേവനരംഗത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഐ.സി.എ-എ.പി. മേഖല ലക്ഷ്യമിട്ടിരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും മത്സരക്ഷമത വര്‍ധിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ക്കും മുന്‍ഗണന നല്‍കിവരുന്നുണ്ട്.

ഐക്യരാഷ്ട്രസഭാ സെക്രട്ടറിജനറലിന്റെ 2023 ലെ റിപ്പോര്‍ട്ടില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സാമ്പത്തിക-സാമൂഹിക പുരോഗതിയെ സഹകരണമേഖല സഹായിക്കുന്നതായി അംഗീകരിച്ചിട്ടുണ്ട്. സഹകരണമേഖല വലുതും ചെറുതുമായ സമൂഹങ്ങളിലുടനീളം വികസനത്തിനു നേതൃത്വം നല്‍കുന്നു; ദാരിദ്ര്യത്തിനെതിരെ പോരാടുന്നു, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു, കച്ചവടക്കാരെ
ആഗോളവിപണികളിലേക്കു കൊണ്ടുവരുന്നു. ലോകം നേരിടുന്ന സങ്കീര്‍ണമായ വെല്ലുവിളികള്‍
നേരിടുന്നതില്‍ സഹകരണമേഖല പ്രധാനപങ്കു വഹിക്കുന്നുണ്ട്.

അന്താരാഷ്ട്ര സഹകരണസഖ്യം-ഏഷ്യ-പെസിഫിക്കിന്റെ റീജിയണല്‍ അസംബ്ലിസമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകളാണു നടന്നത്. വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാലേ സഹകരണപ്രസ്ഥാനം പുരോഗതി പ്രാപിക്കുകയുള്ളുവെന്നു അസംബ്ലിയില്‍ സംസാരിച്ച ഐ.സി.എ-എ.പി. പ്രസിഡന്റ്് ഡോ. ചന്ദ്രപാല്‍സിങ് യാദവ് അഭിപ്രായപ്പെട്ടു. സഹകരണപ്രസ്ഥാനങ്ങള്‍ കൂടുതല്‍ സജീവമായി പ്രശ്‌നങ്ങളെ നേരിടണം. കൂട്ടായ ആസൂത്രണവും മേഖലാതലത്തില്‍ സഹകരണവും വേണം. എങ്കിലേ താഴെത്തട്ടിലുള്ള സഹകരണസ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വികസനാവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുള്ളൂ – ഐ.സി.എ-എ.പി. പ്രസിഡന്റായി രണ്ടാമതും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രപാല്‍ സിങ്‌യാദവ് പറഞ്ഞു.

Related posts

സഹകരണവാരാഘോഷം ഞായറാഴ്ച സമാപിക്കും; ആലപ്പുഴയില്‍ സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്യും

Indian Cooperator

തൊഴിലവകാശംഇനി വീണ്ടുംപൊരുതി നേടണം

Indian Cooperator

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

Indian Cooperator
error: Content is protected !!