ദേശീയതലത്തില്‍ സഹകരണ ഓണ്‍ലൈന്‍ ടാക്‌സി തുടങ്ങുന്നു. ഭാരത് ടാക്‌സി എന്ന പേരിലാണ് സര്‍വീസ് തുടങ്ങുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ നാഷണല്‍ ഇഗവേണന്‍സ് ഡിവിഷന്‍, സഹകര്‍ ടാക്‌സി കോഓപ്പറേറ്റീവ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് ഈ സംരംഭം നടപ്പാക്കുന്നത്. പ്ലാറ്റ്‌ഫോം സംയോജനം, സൈബര്‍ സുരക്ഷ, സ്വകാര്യത, അനുസരണം, ഭരണം എന്നീ മേഖലകളില്‍ തന്ത്രപരമായ ഉപദേശവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളുമായി സഹകാര്‍ ടാക്‌സി ധാരണാപത്രം ഒപ്പിട്ടു.
കമ്മീഷനുകളില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് പണം ലഭിക്കുന്ന വിധത്തിലാണ് ഭാരത് ടാക്‌സി ഒരുക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ക്ക് വാഹനം നല്‍കുന്ന രീതിയിലും ഇത് പ്രവര്‍ത്തിക്കും. എന്‍സിഡിസി, ഇഫ്‌കോ, അമുല്‍, ക്രിബ്‌കോ, നാഫെഡ്, നബാര്‍ഡ്, എന്‍ഡിഡിബി, എന്‍സിഇഎല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സഹകരണ, ധനകാര്യ സ്ഥാപനങ്ങള്‍ ഭാരത് ടാക്‌സിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംയുക്തമായി ഭാരത് ടാക്‌സി പ്രോത്സാഹിപ്പിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, പൗരകേന്ദ്രീകൃതവും, സാങ്കേതികവിദ്യ പ്രാപ്തമാക്കിയതുമായ പൊതു സേവനങ്ങള്‍ നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ മുന്‍നിര ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ദര്‍ശനവുമായി സുഗമമായി യോജിക്കുന്നതിനൊപ്പം സഹകരണ പ്രസ്ഥാനത്തിന്റെ ആത്മാവിനെ ഈ പ്ലാറ്റ്‌ഫോം ഉള്‍ക്കൊള്ളുന്നു .
സുഗമമായ ഐഡന്റിറ്റി പരിശോധനയും സേവന വിതരണവും സാധ്യമാക്കുന്നതിന് ഡിജിലോക്കര്‍, ഉമാങ്, എപിഐ സേതു തുടങ്ങിയ ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി ഭാരത് ടാക്‌സി പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങളും സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ശക്തമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ ഉപദേശിക്കുകയും ചെയ്യും. പ്രാദേശിക ഭാഷാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ ആപ്പുകള്‍ തയ്യാറാക്കുന്നത്. ഡിസംബറില്‍ ഭാരത് ടാക്‌സി സര്‍വീസ് തുടങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സഹകരണ മേഖലയുടെ വലിയൊരുമുന്നേറ്റമാകുമെന്നും കേന്ദ്രസഹകരണ മന്ത്രാലയം അവകാശപ്പെടുന്നുണ്ട്.
