തങ്ങളുടെ സഹകരണബാങ്ക് 120-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിനെങ്ങനെ വ്യത്യസ്തത കൈവരുത്താം എന്നതാണു കോസ്‌മോസ് സാരഥികള്‍ ആലോചിച്ചത്. കാഴ്ചശേഷിയില്ലാത്ത നാലു ചെറുപ്പക്കാര്‍ക്കു ബാങ്കില്‍ നിയമനം നല്‍കിയാണു നീണ്ട പ്രവര്‍ത്തനപാരമ്പര്യമുള്ള കോസ്‌മോസ് സഹകരണബാങ്ക് തങ്ങളുടെ സാമൂഹികപ്രതിബദ്ധത തെളിയിച്ചത്. ഇക്കഴിഞ്ഞ ദിവസം ബാങ്കിന്റെ ചെയര്‍മാന്‍ അഡ്വ. പ്രഹ്ലാദ് കോക്കറെ മുഖ്യാതിഥി ദിലീപ് സാത് ഭായിയുടെ സാന്നിധ്യത്തില്‍ നാലുപേര്‍ക്കും നിയമനക്കത്തു നല്‍കി.
ദേവന്‍ ഗെയ്ക്‌വാദ്, അഭിജിത് മോറെ, പൂജാ ഗഡ്‌ഗെ, പ്രജ്വല്‍ ബിറെ എന്നിവരാണു ട്രെയിനീ ജൂനിയര്‍ ഓഫീസര്‍മാരായുള്ള നിയമനക്കത്തുകള്‍ സന്തോഷപൂര്‍വം ഏറ്റുവാങ്ങിയത്. പതിവുപോലുള്ള പരീക്ഷയും അഭിമുഖവും നടത്തിയാണ് ഇവരെ ബാങ്ക് സെലക്ട് ചെയ്തത്. ഹെഡ്ഓഫീസിലോ ബാക്ക് ഓഫീസിലോ ആയിരിക്കും ഇവരെ നിയമിക്കുക. ബാങ്കിന്റെ 120 വര്‍ഷത്തെ പ്രവര്‍ത്തനചരിത്രത്തില്‍ ഇതാദ്യമായാണു കാഴ്ചശേഷിയില്ലാത്തവരെ ജീവനക്കാരായി നിയമിക്കുന്നത്. സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ള ഇത്തരം വ്യക്തികളെ തങ്ങളുടെ സേവനശൃംഖലയില്‍ ഉള്‍ച്ചേര്‍ക്കാനുള്ള നടപടികള്‍ ഇനിയും സ്വീകരിക്കുമെന്നു ബാങ്ക് സാരഥികള്‍ അറിയിച്ചു.
ഇപ്പോള്‍ ഏഴു സംസ്ഥാനങ്ങളിലായി 183 ശാഖകളുമായി പടര്‍ന്നു പന്തലിച്ചിട്ടുള്ള കോസ്‌മോസ് മള്‍ട്ടി സ്റ്റേറ്റ് സഹകരണബാങ്ക് ചെറിയൊരു വായ്പാസംഘമായാണു 1906 ജനുവരി എട്ടിനു മഹാരാഷ്ട്രത്തിലെ പുണെയില്‍ രൂപംകൊണ്ടത്. കൃഷ്ണാജി സദാശിവ് ഗോറെ, ശങ്കര്‍ ഹരി ബാര്‍വെ എന്നിവരാണ് ഈ വായ്പാസംഘത്തിനു തുടക്കമിട്ടത്. സാഹിത്യസാമ്രാട്ടായ എന്‍.സി. കേല്‍ക്കര്‍ എന്ന താത്യാസാഹബ് കേല്‍ക്കറായിരുന്നു ആദ്യത്തെ ചെയര്‍മാന്‍. 2025 ല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 35,000 കോടി രൂപ കടന്നു. രാജ്യത്ത് എല്ലാ ശാഖകളിലും കോര്‍ബാങ്കിങ് സമ്പ്രദായം നടപ്പാക്കിയ ആദ്യത്തെ സഹകരണബാങ്കുകളിലൊന്നാണു കോസ്‌മോസ്.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലാണു കോസ്‌മോസിനു ശാഖകളുള്ളത്. പുണെ ആസ്ഥാനമായുള്ള ബാങ്കിന് ആകെ 20 ലക്ഷം ഇടപാടുകാരും 79,000 ഓഹരിയുടമകളുമുണ്ട്. സഹകരണമേഖലയില്‍ കറന്‍സി ചെസ്റ്റ് അനുവദിക്കപ്പെട്ട ആദ്യത്തെ ബാങ്കാണു കോസ്‌മോസ്. 1990 ല്‍ ഷെഡ്യൂള്‍ഡ് ബാങ്കായി.
