Indian Cooperator

സഹകരണമേഖലയില്‍ ആധനുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി സര്‍ക്കാര്‍

ഹകരണമേഖലയില്‍ സമഗ്രമാറ്റത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സഹകരണ വകുപ്പ്. അതിനുള്ള തുടക്കമായിരുന്നു കോട്ടയത്ത് സംഘടിപ്പിച്ച ‘വിഷന്‍-31’ സെമിനാര്‍. സഹകരണ സംഘത്തിലും വകുപ്പിലും സാങ്കേതിക പരിഷ്‌കാരം കൊണ്ടുവരുന്നതാണ് പദ്ധതികളിലേറെയും. 13 പദ്ധതികളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. സംഘങ്ങളുടെ കുടിശ്ശിക കൂടുന്നത്, സംഘങ്ങളുടെ അപേക്ഷകളില്‍ തീരുമാനം വൈകുന്നത്, രേഖകള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാല്‍ കൃത്രിമം നടക്കുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുകയാണ് ഇവയുടെ ലക്ഷ്യം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ എല്ലാവിവരങ്ങളും ഉള്‍പ്പെടുന്ന സ്പാര്‍ക്ക് എന്ന ഡിജിറ്റല്‍ ഡാറ്റ ബാങ്ക് നിലവിലുണ്ട്. ഇതേ മാതൃകയില്‍ സഹകരണ മേഖലയിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഓണ്‍ലൈന്‍ ഡാറ്റ ബാങ്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് ഒരു പദ്ധതി. സംഘങ്ങളിലെ രേഖകളെല്ലാം ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കണമെന്നതാണ് മറ്റൊരുനിര്‍ദ്ദേശം. ഇതിനായി, ഇലക്ട്രോണിക് റിക്കോര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം കൊണ്ടുവരും.

സഹകരണ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ഓഡിറ്റും കാര്യക്ഷമമാക്കുന്നതിന് സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓഡിറ്റിന് ആവശ്യമായ രേഖകള്‍ സോഫ്റ്റ് വെയറിലൂടെ ജനറേറ്റ് ചെയ്യുന്ന രീതിയിലാണ് ഇത് കൊണ്ടുവരുന്നത്. ഇത് ഓഡിറ്റിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ട സ്ഥിതി ഒഴിവാകും. പണയരേഖകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനത്ത് കോമണ്‍ രജിസ്ട്രി രൂപവത്കരിക്കുമെന്നതാണ് മറ്റൊരു പദ്ധതി നിര്‍ദ്ദേശം. ഒരേരേഖ പലയിടത്ത് പണയംവെക്കുന്നത് തടയാനാണിത്.

സംഘങ്ങള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കുന്ന രീതി കൊണ്ടുവരുന്നതാണ് ആസൂത്രണത്തിലുള്ള മറ്റൊരുപദ്ധതി. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താനും പ്രത്യേകം സംവിധാനം കൊണ്ടുവരും. റിക്കവറി അപേക്ഷകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ചിട്ടിക്ക് സമാനമായ രീതിയില്‍ സംഘങ്ങള്‍ നടപ്പാക്കുന്ന പ്രതിമാസ സമ്പാദ്യ പദ്ധതിക്കുള്ള ജാമ്യവ്യവസ്ഥകള്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംഘങ്ങളുടെ മിനുറ്റ്സ് യോഗം ദിവസംതന്നെ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ രേഖപ്പെടുത്തണമെന്നാണ് പുതുതായി കൊണ്ടുവരുന്ന മറ്റൊരു വ്യവസ്ഥ. ഇത് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാവും. പൊതു സോഫ്റ്റ് വെയര്‍, ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍, ഏകീകൃത പര്‍ച്ചേഴ്സ് മാന്വേല്‍ എന്നിവയും കൊണ്ടുവരും. നഷ്ടം നേരിടുന്ന സഹകരണ സംഘങ്ങള്‍ക്കായി ഫണ്ട് മാനേജ്മെന്റ്, കുടിശ്ശിക പിരിച്ചെടുക്കല്‍ എന്നിവ നിരീക്ഷിക്കാന്‍ സംസ്ഥാനതല സംവിധാനം ഏര്‍പ്പെടുത്തും. സഹകരണ ചിട്ടികള്‍ കെഎസ്എഫ്ഇ മാതൃകയില്‍ വ്യവസ്ഥാപിത രീതിയിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.

Related posts

സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ

Indian Cooperator

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കും

Indian Cooperator

ക്യൂആര്‍ കോഡും മൈക്രോ എ.ടി.എമ്മും; സഹകരണ മേഖലയുടെ ആധുനികവല്‍ക്കരണത്തിനും ആശയം

Indian Cooperator