പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍രാജ്യമായ നോര്‍വേയില്‍ ഇനി കേരളത്തില്‍നിന്നുള്ള തേങ്ങാപ്പാല്‍ എത്തും. കോഴിക്കോട് ഏറാമല സര്‍വീസ് സഹകരണബാങ്കിന്റെ കോക്കനട്ട് കോംപ്ലക്‌സില്‍നിന്നുള്ള 16,000 കിലോ തേങ്ങാപ്പാലാണു നേര്‍വേയിലേക്കു കയറ്റിയയക്കുന്നത്. ഇതാദ്യമായാണ് ഏറാമല ബാങ്കിന്റെ തേങ്ങാപ്പാല്‍ വിദേശത്തേക്കു പോകുന്നത്. നേരത്തേ, ബാങ്ക് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ വിദേശത്തേക്കയക്കുന്നുണ്ട്.
വ്യവസായവകുപ്പിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും നേതൃത്വത്തില്‍ ഈ മാസം 17 നും 18 നും കൊച്ചിയില്‍ നടന്ന ട്രേഡക്‌സ് കേരള -2026 അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റിലാണ് ഏറാമല ബാങ്കിന്റെ തേങ്ങാപ്പാലിന് ഓര്‍ഡര്‍ കിട്ടിയത്. 16,000 കിലോവരുന്ന ഒരു കണ്ടെയ്‌നര്‍ തേങ്ങാപ്പാല്‍ ഏപ്രിലില്‍ നോര്‍വേയിലേക്കയക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഏറാമല കോക്കനട്ട് കോംപ്ലക്‌സ് മാനേജര്‍ എം.കെ. നിഷാന്തും നോര്‍വേയുടെ വ്യാപാരപ്രതിനിധികളും ഒപ്പിട്ടു.
2015 ലാണ് ഏറാമല സര്‍വീസ് സഹകരണബാങ്ക് കോക്കനട്ട് കോംപ്ലക്‌സില്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്. മയൂരം എന്ന ബ്രാന്റ്‌നെയിമിലുള്ള വെളിച്ചെണ്ണ നേരത്തേ ഖത്തറിലേക്ക് അയച്ചിരുന്നു. ബയര്‍-സെല്ലര്‍ മീറ്റില്‍ ഈ വെളിച്ചെണ്ണയ്ക്കു ബഹ്‌റൈനില്‍നിന്നു ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. പതിനായിരം ഡോളര്‍ മൂല്യമുള്ള വെളിച്ചെണ്ണ ജൂണില്‍ അയക്കാനാണ് ഓര്‍ഡര്‍ കിട്ടിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഏറാമല ബാങ്കിന്റെ തേങ്ങാപ്പാല്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. തേങ്ങയ്ക്കു പേരുകേട്ട കുറ്റ്യാടി മേഖലയില്‍നിന്നാണു ബാങ്ക് തേങ്ങാപ്പാലുണ്ടാക്കാനാവശ്യമായ തേങ്ങ വിപണിവിലയേക്കാള്‍ രണ്ടു രൂപ അധികം കൊടുത്തു സംഭരിക്കുന്നത്.
ആര്‍.ജെ.ഡി. നേതാവായ മനയത്തു ചന്ദ്രന്‍ ചെയര്‍മാനായ ഏറാമല സഹകരണബാങ്ക് കോവിഡ്കാലത്താണു തേങ്ങാപ്പാല്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ഇവിടത്തെ കോക്കനട്ട് കോംപ്ലക്‌സില്‍ ഒരു ഷിഫ്റ്റില്‍ 1500 കിലോ തേങ്ങാപ്പാല്‍ ഉത്പാദിപ്പിക്കാനാവും. ഒരു ഷിഫ്റ്റില്‍ 3600 കിലോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്.
കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് ആഗോളവിപണിയിലേക്കു പ്രവേശനം സാധ്യമാക്കാനാണ് ഇന്ത്യന്‍ കയറ്റുമതിസ്ഥാപനങ്ങളെയും വിദേശ ഉപഭോക്താക്കളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ട്രേഡെക്‌സ് കേരള – 2026 സംഘടിപ്പിച്ചത്. ആഗോളതലത്തിലെ ഉപഭോക്താക്കളെ ഇടനിലക്കാരില്ലാതെ നേരിട്ടു ബന്ധപ്പെടാന്‍ ഈ മീറ്റ് അവസരമൊരുക്കി. ഇരുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള മുപ്പതിലധികം ഉപഭോക്താക്കള്‍ മീറ്റിനെത്തി. നാനൂറോളം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
