എസ്. രാജഗോപാല്‍
സമുദ്രമേഖലയിലെ വികസനപദ്ധതികളിലേക്കു ശ്രദ്ധകൊടുക്കുകയാണു രാജ്യവും കേരളവും. യൂറോപ്യന്‍ യൂണിയന്‍തന്നെ ബ്ലൂ ഇക്കോണമിയുടെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തെ തീരമേഖലയിലെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴിയായി മാറ്റിയെടുക്കാനാകുമെന്ന കാഴ്ചപ്പാടാണ് ഈ പദ്ധതിയാസൂത്രണത്തിന്റെ അടിസ്ഥാനം. വിദേശവിപണിയില്‍ ഇന്ത്യയുടെ മത്സ്യസമ്പത്തിനെ വരുമാനമുള്ള ഉത്പന്നമാക്കാമെന്നതാണ് ഇതിന്റെ ഊന്നല്‍. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വിപണിയിലേക്കു ചെമ്മീനുള്‍പ്പെടെയുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. അമേരിക്കയുടെ പിഴച്ചുങ്കഭീഷണിമൂലം ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ സമുദ്രോത്പന്നമേഖലയ്ക്ക് ആശ്വാസമുണ്ടാക്കാനുള്ള ബദല്‍മാര്‍ഗം കൂടിയാണിത്. രാജ്യത്തെ ചെമ്മീന്‍കയറ്റുമതിയുടെ മുഖ്യപങ്കും യു.എസ്. വിപണിയിലേക്കായിരുന്നു. എന്നാല്‍, അമേരിക്കയുടെ താരിഫ്‌നടപടി കയറ്റുമതിക്കാരെ പിന്നോട്ടടിപ്പിച്ചു. ഈ ഘട്ടത്തിലാണു പുതിയ വിപണിക്കുള്ള സാധ്യതകള്‍ തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്മീന്‍ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇക്വഡോറാണ് ഒന്നാമത്. ഇന്ത്യയുടെ ഉത്പാദനത്തില്‍ ഭൂരിഭാഗവും കയറ്റുമതിയായാണു മാറുന്നത്. കേരളത്തിന്റെ സമുദ്രോത്പന്നങ്ങളും കയറ്റുമതിയെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ആഗോളതലത്തില്‍ അഞ്ചു ബില്യണ്‍ ഡോളറിന്റെ ശീതീകരിച്ച ചെമ്മീനാണു കയറ്റുമതി ചെയ്തത്. ഇതിന്റെ 48 ശതമാനവും യു.എസ്സിലേക്കായിരുന്നു. ഗുണനിലവാരത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്കു യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒമ്പതുവര്‍ഷത്തെ ഗുണനിലവാരത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്കു യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതിക്കു പച്ചക്കൊടി ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിനൊപ്പമാണ് രാജ്യത്തെയും കേരളത്തിലെയും ബ്ലൂ ഇക്കോണമിയുടെ സാധ്യത തേടുന്ന പദ്ധതികളും തയ്യാറാകുന്നത്. കേന്ദ്രപദ്ധതികളില്‍ കോര്‍പ്പറേറ്റ്താത്പര്യങ്ങള്‍ക്കാണു മുന്‍തൂക്കമെങ്കില്‍, കേരളത്തില്‍ തീരമേഖലയിലെ സാധാരണതൊഴിലാളികള്‍ക്കുകൂടി വരുമാനവും പുതിയ തൊഴിലവസരവും ഉണ്ടാകുന്ന വിധത്തിലാണു പദ്ധതിയാലോചനകള്‍ നടക്കുന്നത്.
മാറിയ കേരളത്തിന്റെ
അവസരങ്ങള്‍
കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാനസൗകര്യവികസനത്തില്‍ അഭൂതപൂര്‍വമായ മുന്നേറ്റമാണു കേരളത്തിലുണ്ടായത്. ദേശീയപാതാവികസനവും വിഴിഞ്ഞംതുറമുഖവും ഇതില്‍ പ്രധാനമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും കേരളത്തിനു സ്വന്തമായുണ്ട്. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതാണ്. അടിസ്ഥാനസൗകര്യമേഖലയിലെ ഈ മുന്നേറ്റം കേരളത്തിനു ലോജിസ്റ്റിക് രംഗത്തു പുതിയൊരു സാധ്യതയാണുണ്ടാക്കിയത്. അതു തിരിച്ചറിഞ്ഞ് സംസ്ഥാനസര്‍ക്കാര്‍ ലോജിസ്റ്റിക്‌നയം പുറത്തിറക്കി. കൊച്ചി കേന്ദ്രീകരിച്ച് ആദ്യത്തെ ലോജിസ്റ്റിക്പാര്‍ക്കും നിലവില്‍വരികയാണ്. ഈ മാറിയ സാഹചര്യമാണു ‘ബ്ലൂ ഇക്കോണമി’യിലേക്കു പരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ കേരളം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് ബ്ലൂ ഇക്കോണമി കോണ്‍ക്ലേവ് സംഘടിപ്പിച്ചു. സമുദ്രാധിഷ്ഠിതവികസനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതും സുസ്ഥിരവുമായ തീരദേശസംസ്ഥാനമായി മാറാന്‍ കേരളത്തിനാകുമെന്നാണ് ഈ കോണ്‍ക്ലേവില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞംതുറമുഖം ഒരു ദശലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തുവെന്നതു ശ്രദ്ധേയമായ നേട്ടമാണെന്നും ഈ മേഖലയില്‍ മുന്‍നിരയിലേക്കുയരാന്‍ വിഴിഞ്ഞത്തിനാകുമെന്നുമാണ് ഇന്ത്യയിലെ ഫിന്നിഷ് അംബാസഡര്‍ കിമ്മോ ലഹ്ദേവ്രിത പറഞ്ഞത്. ഫിന്നിഷ് അംബാസഡര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖവും സന്ദര്‍ശിച്ചിരുന്നു.
സുസ്ഥിര തുറമുഖസംവിധാനം, കണക്റ്റിവിറ്റി, സര്‍വകലാശാലകളും തുറമുഖഅധികാരികളും ഉള്‍പ്പെടുന്ന ഗവേഷണസംവിധാനങ്ങള്‍ എന്നിവയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളതിനാല്‍ റൊമാനിയന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍തുറമുഖങ്ങളില്‍ വളരെയധികം താത്പര്യമുണ്ടാകുമെന്നു റൊമാനിയന്‍ അംബാസഡര്‍ സെന ലത്തീഫ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തേക്കുള്ള 19 അംബാസഡര്‍മാരുടെ സന്ദര്‍ശനം സംസ്ഥാനത്തെസംബന്ധിച്ചു സുപ്രധാനമാണെന്നും റെയില്‍, റോഡ്കണക്റ്റിവിറ്റി വേഗത്തില്‍ രൂപപ്പെടുന്നതോടെ അന്താരാഷ്ട്രക്കമ്പനികള്‍ക്കു ധാരാളം നിക്ഷേപാവസരങ്ങള്‍ തുറമുഖം വാഗ്ദാനം ചെയ്യുന്നുവെന്നും സംസ്ഥാന തുറമുഖ സെക്രട്ടറി ഡോ. എ. കൗസിഗന്‍ പറഞ്ഞു. വിഴിഞ്ഞത്തേക്കുള്ള റെയില്‍, റോഡ്കണക്റ്റിവിറ്റി അതിവേഗം പുരോഗമിക്കുകയാണ്. 2028 അവസാനത്തോടെ വിഴിഞ്ഞംതുറമുഖത്തിന്റെ ശേഷി 4.5 ദശലക്ഷം ടി.ഇ.യു. ( ട്വന്റിഫൂട്ട് ഇക്വിവലന്റ് യൂണിറ്റ് ) വിന് അടുത്തെത്തും. അതിനാല്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബേപ്പൂര്‍പോലുള്ള സ്ഥലങ്ങളില്‍ തുറമുഖവികസനത്തിനും സാമ്പത്തികമേഖലകള്‍ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ സെഷനില്‍ മോഡറേറ്ററായിരുന്ന മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്റ്് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ മാനേജിംഗ് ഡയറക്ടര്‍ ലക്ഷ്മണ്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സമുദ്രമേഖലയെ കാര്യക്ഷമമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അഞ്ചു വ്യത്യസ്ത ബില്ലുകള്‍ പാസാക്കി പാര്‍ലമെന്റ് റെക്കോഡ് സൃഷ്ടിച്ചതായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സി.ഇ.ഒ. കാശി വിശ്വനാഥന്‍ പറഞ്ഞു. തുറമുഖ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം കപ്പല്‍ നിര്‍മാണം, തുറമുഖങ്ങളുടെ ഡിജിറ്റലൈസേഷന്‍, ക്രൂയിസ് ടൂറിസം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളും ഇതില്‍പ്പെടും. നിലവില്‍ രാജ്യത്ത് 12 പ്രധാന തുറമുഖങ്ങളിലും 210 ചെറുകിട തുറമുഖങ്ങളിലുമായി ഏകദേശം 1,600 ദശലക്ഷം മെട്രിക് ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എല്ലാ തുറമുഖമേഖലയുടെയും മൊത്തം ശേഷി ഏകദേശം 2,600 ദശലക്ഷം ടണ്ണാണ്. എന്നാല്‍, 2030 ആകുമ്പോഴേക്കും ഇത് ഏകദേശം 3,500 ദശലക്ഷം ടണ്ണായി വികസിപ്പിക്കാനും 2047 ആകുമ്പോഴേക്കും 10,000 ദശലക്ഷം ടണ്‍ എന്ന വലിയ ലക്ഷ്യത്തോടെ വികസിപ്പിക്കാനുമാകും. കൊച്ചിയിലെ ക്രൂയിസ് ടൂറിസം വികസനസാധ്യതകള്‍ പരിശോധിക്കാന്‍
നിക്ഷേപകരോട് ആഹ്വാനം ചെയ്ത അദ്ദേഹം ഉടന്‍തന്നെ ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ പദ്ധതിയിടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി തന്റെ കമ്പനി നിരവധി പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ സഹകരണത്തിനായി കൊച്ചി തുറമുഖവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഷിപ്പിംഗ് സ്ഥാപനമായ സി.എം.എ. സി.ജി.എമ്മിന്റെ സ്ട്രാറ്റജിക് പ്രൊജക്ട്സ് കോര്‍ഡിനേറ്റര്‍ അന്റോയിന്‍ കാന്റണ്‍ പറഞ്ഞു. ഓഫ്ഷോര്‍ വിന്‍ഡ്, ഗ്രീന്‍ ഹൈഡ്രജന്‍ ക്ലസ്റ്ററുകള്‍, സ്മാര്‍ട്ട് തുറമുഖങ്ങള്‍, മത്സ്യബന്ധന തുറമുഖങ്ങള്‍, മാലിന്യത്തില്‍ നിന്നു വരുമാനത്തിലേക്കുള്ള മാതൃകകള്‍, സമുദ്രപ്ലാസ്റ്റിക് വീണ്ടെടുക്കല്‍ എന്നിവയാണു കേരളത്തില്‍ വികസിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്ന പ്രധാന പദ്ധതികളെന്നാണു കോണ്‍ക്ലേവ് വിലയിരുത്തിയത്. കേരളത്തില്‍ ഗ്രീന്‍ ഹൈഡ്രജന്റെയും മറ്റു വാതകങ്ങളുടെയും വന്‍തോതിലുള്ള ഇറക്കുമതിയും സംഭരണശേഷിയും ആവശ്യമാണെന്നും പൈപ്പ്ലൈന്‍ ശൃംഖല മെച്ചപ്പെടുത്തണമെന്നും പാനലിസ്റ്റുകള്‍ നിര്‍ദേശിച്ചു.
യൂറോപ്യന്‍യൂണിയന്റെ
സഹകരണം
യു.എസ്സിന്റെ പിഴച്ചുങ്കം പുതിയ സാധ്യതകള്‍ തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. അങ്ങനെയാണു യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. ഗുണനിലവാരത്തിന്റെ പേരില്‍ വര്‍ഷങ്ങളായി യൂറോപ്യന്‍ യൂണിയനിലേക്കു കാര്യമായി സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. യു.എസ്.തന്നെയായിരുന്നു പ്രധാനവിപണി. ഒമ്പതു വര്‍ഷത്തെ ഗുണനിലവാരത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനവിലക്ക് ഇല്ലാതായി. കൂടാതെ റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വന്‍വിപണികളിലേക്കും ചെമ്മീനുള്‍പ്പടെയുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള തടസ്സങ്ങളും നീങ്ങി. യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് 102 പുതിയ ഫിഷറീസ്സ്ഥാപനങ്ങള്‍ക്കു യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. ഇതോടെ, യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്നക്കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 538 ല്‍നിന്ന് 640 ആയി ഉയര്‍ന്നു. വലിയ ലാഭസാധ്യതയുള്ള യൂറോപ്യന്‍ സമുദ്രോത്പന്ന വിപണിയില്‍ ഇന്ത്യന്‍സാന്നിധ്യം വര്‍ധിക്കുന്നതോടെ നമ്മുടെ വിദേശനാണ്യശേഖരം വര്‍ധിക്കും. അമേരിക്കന്‍ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്നു യൂറോപ്യന്‍വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്കു സഹായകമാകും. കേരളത്തിലെ കയറ്റുമതിസ്ഥാപനങ്ങള്‍ക്ക് ഇതു വലിയ ആശ്വാസമാണ്.
ഇന്ത്യന്‍ സമുദ്രോത്പന്നമേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു നിര്‍ണായകനേട്ടം ഉണ്ടാക്കാനായത്. സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോത്പന്നക്കയറ്റുമതി വികസന അതോറിറ്റിയുടെയും (മറൈന്‍ പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി- എം.പി.ഇ.ഡി.എ.) എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സിലിന്റെയും (ഇ.ഐ.സി.) ശ്രമങ്ങളും നേട്ടത്തിനു പിന്നിലുണ്ട്. സമുദ്രോത്പന്നങ്ങളുടെ ഉത്പാദനംമുതല്‍ കയറ്റുമതിവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സൂചനയാണ് ഈ നേട്ടമെന്നാണ് എം.പി.ഇ.ഡി.എ. ചെയര്‍മാന്‍ ഡി.വി. സ്വാമി ഇതേക്കുറിച്ച് പ്രതികരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഫിഷറീസ്സ്ഥാപനങ്ങളുടെ കുറവ് കയറ്റുമതിക്കാര്‍ക്കു വലിയ തടസ്സമായിരുന്നു. പുതിയ കരാര്‍ ഗുണമേ•യുള്ള ഉത്പന്നങ്ങളിലൂടെ യൂറോപ്യന്‍വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കയറ്റുമതിക്കാര്‍ക്കു മികച്ച അവസരം നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്നക്കയറ്റുമതിയില്‍ മൂന്നാമത്തെ വലിയ വിപണിയാണു യൂറോപ്യന്‍ യൂണിയന്‍. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15.10 ശതമാനം വരും. 2024-2025 കാലയളവില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് 9429.56 കോടി രൂപയുടെ 2,15,080 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും വര്‍ധന രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയനിലേക്കു പ്രധാനമായും കയറ്റുമതി ചെയ്ത ഇനങ്ങള്‍ ശീതീകരിച്ച ചെമ്മീന്‍, കണവ, കൂന്തല്‍ എന്നിവയാണ്. 2024-25 ല്‍ 67.84 ബില്യണ്‍ യു.എസ.് ഡോളറിന്റെ സമുദ്രോത്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്തപ്പോള്‍ അതില്‍ ഇന്ത്യയുടെ പങ്ക് 1.50 ശതമാനം മാത്രമായിരുന്നു. ശീതീകരിച്ച ചെമ്മീന്‍, കണവപോലുള്ള സെഫലോപോഡുകള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളായ ചെമ്മീന്‍, ട്യൂണ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്കു വലിയ സാധ്യതയുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത് ഇത്തരം വ്യാപാരസാധ്യതകള്‍ക്ക് ഉത്തേജനമാകും.
ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നിവയാണു യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന വിപണികള്‍. 2025 ഒക്ടോബര്‍ ഒന്നിനു പ്രാബല്യത്തില്‍വന്ന ഇന്ത്യ-ഇ.എഫ്.ടി.എ. ( യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ ) വ്യാപാരക്കരാര്‍ വഴി നോര്‍വേ, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ ഇ.എഫ്.ടി.എ. രാജ്യങ്ങളിലേക്കും വിപണീപ്രവേശനം സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നു. സമുദ്രോത്പന്നക്കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എം.പി.ഇ.ഡി.എ. സ്വീകരിച്ച നടപടികളില്‍ അക്വാകള്‍ച്ചറില്‍ ഗുഡ് മാനേജ്‌മെന്റ് പ്രാക്ടീസ് (ജി.എം.പി.) അവബോധം, ഫാം എന്റോള്‍മെന്റ്, പ്രീ ഹാര്‍വെസ്റ്റിങ് ടെസ്റ്റിങ് (പി.എച്ച്.ടി.) വഴി അവശിഷ്ടങ്ങള്‍ നിരീക്ഷിക്കല്‍, ഉത്പാദനംമുതല്‍ സംസ്‌കരണംവരെയുള്ള ഹസാപ് മാനദണ്ഡങ്ങള്‍പാലിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.
കേരളത്തിന്റെ
സഹകരണം
യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണത്തില്‍ വലിയ പ്രതീക്ഷയാണു കേരളം പുലര്‍ത്തുന്നത്. ആന്ധ്രാപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഉത്പാദനത്തില്‍ മുമ്പിലാണെങ്കിലും ഉന്നത ഗുണനിലവാരത്തിലും മൂല്യവര്‍ധിതഉത്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍ക്കാണു പുതിയ വിപണികള്‍ തുറന്നുകിട്ടുന്നതിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കാന്‍ സാധിക്കുക. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കു കേരളത്തില്‍ വലിയ വളര്‍ച്ചയാണുണ്ടായിയിട്ടുള്ളത്. ഭക്ഷ്യസംസ്‌കരണമേഖലയിലാണ് ഇതിന്റെ വളര്‍ച്ച കൂടുതല്‍ പ്രകടമായിട്ടുള്ളത്. അതു സമുദ്രോത്പന്നങ്ങളുടെ കാര്യത്തിലുമുണ്ട്. വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ മദര്‍പോര്‍ട്ടായതിന്റെ ഗുണവും കയറ്റുമതിരംഗത്തു കേരളത്തിനുണ്ടാകും. ഇതെല്ലാം മുന്നില്‍ക്കണ്ടാണു യൂറോപ്യന്‍ യൂണിയനുമായുള്ള പ്രത്യേക സഹകരണം ഉറപ്പാക്കാന്‍ കേരളം ശ്രമിച്ചത്. ബ്ലൂ ഇക്കോണമിയുടെ ഭാവിസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കോണ്‍ക്ലേവ് കേരളം സംഘടിപ്പിച്ചതും യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെയാണ്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ സുസ്ഥിര മത്സ്യബന്ധനം, മത്സ്യക്കൃഷി, ഗവേഷണം, നിക്ഷേപം തുടങ്ങിയവയില്‍ സംസ്ഥാനത്തിന് ഇനിയും ബഹുദൂരം മുന്നേറാനാകുമെന്നാണു കോണ്‍ക്ലേവില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
പത്തു ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. ഇതുകൂടാതെ അനുബന്ധമേഖലകളിലും പ്രൊസസിങ്, പ്രീ പ്രൊസസിങ്ജീവനക്കാരും ഉള്‍പ്പടെ 20 ലക്ഷത്തോളം പേര്‍ കേരളത്തിലുണ്ട്. ഇവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം സമുദ്രോത്പന്ന മേഖലയില്‍ ഒരു വ്യാവസായികരീതി വളര്‍ത്തിക്കൊണ്ടുവരിക എന്നതാണു കേരളം ലക്ഷ്യമിടുന്നത്. അതിന് ഈ രംഗത്തു സംരംഭങ്ങളും അതുവഴി മൂല്യവര്‍ധിതഉത്പന്നങ്ങളും കൂടുതലായി ഉണ്ടാകണം. ഈ ഉത്പന്നങ്ങളുടെ കയറ്റുമതിക്കുള്ള സാധ്യത ഉറപ്പാക്കണം. ബ്ലൂ ഇക്കോണമി എന്നതു കേരളത്തിന്റെ സാമ്പത്തികാടിത്തറയുടെ പ്രധാന ഘടകമാക്കണം. ഈ ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണു സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഗുണനിലവാരമുള്ള സമുദ്രോത്പന്നങ്ങളാണു കേരളത്തിന്റെ പ്രത്യേകത. യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതിസാധ്യത കൂടുമ്പോള്‍ കേരളത്തിനു പ്രതീക്ഷയുണ്ടാകുന്ന ഘടകവും ഇതാണ്. നിലവില്‍ യു.എസ്സിലേക്കു കയറ്റുമതി നടത്തുന്ന ചെമ്മീനിന്റെ 40 ശതമാനവും ഇന്ത്യയില്‍നിന്നാണ്. മറ്റു മത്സ്യോത്പന്നങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇത് 55 ശതമാനമാകും. കൊഞ്ച് കയറ്റുമതി ചെയ്യുന്ന പ്രധാന സംസ്ഥാനം ആന്ധ്രയാണ്. എന്നാല്‍, ആന്ധ്രയില്‍ മൂല്യവര്‍ധിതഉത്പന്നങ്ങള്‍ കുറവാണ്. കൊഞ്ചുത്പാദനത്തിനു കേരളത്തിലെ കമ്പനികളും ആന്ധ്രയെ ആശ്രയിക്കുന്നുണ്ട്. പല കേരളകമ്പനികളും അവിടെ കമ്പനികള്‍ ഏറ്റെടുത്തോ അല്ലെങ്കില്‍ മര്‍ച്ചന്റ് എക്‌സ്‌പോര്‍ട്ടറായോ നിന്നുകൊണ്ടാണു കയറ്റുമതി നടത്തുന്നത്. ഇതും കേരളത്തിനു വരുമാനം കൂട്ടാനാകുന്ന ഒരു രീതിയാണ്.
കേരളത്തിന് എങ്ങനെയൊക്കെ മാറാനാകുമെന്നുള്ള നിര്‍ദേശം കോണ്‍ക്ലേവില്‍ വിദഗ്ധര്‍ മുന്നോട്ടുവെച്ചിരുന്നു. സുസ്ഥിര മത്സ്യബന്ധനരീതികളിലെ വെല്ലുവിളികളും ആഗോളവിപണിയിലെ സങ്കീര്‍ണതകളും ലഘൂകരിക്കാന്‍ കേരളത്തിനു കഴിയണമെന്നാണു കേന്ദ്ര ഫിഷറീസ്മന്ത്രാലയം ജോ. സെക്രട്ടറി നീതുകുമാരി പ്രസാദ് പറഞ്ഞത്. സുസ്ഥിരമത്സ്യബന്ധനവും മത്സ്യക്കൃഷിയും പോഷകാഹാരലഭ്യതയും അതിലൂടെ ഭക്ഷ്യസുരക്ഷയും തൊഴിലവസരവും ഉറപ്പു വരുത്തുന്നതാകും. മാരികള്‍ച്ചര്‍, കേജ് കള്‍ച്ചര്‍, സില്‍വി കള്‍ച്ചര്‍ തുടങ്ങിയവയിലെ ആഗോളനിലവാരത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും രാജ്യത്തെ സുസ്ഥിര മത്സ്യബന്ധനമേഖലയ്ക്കു മുതല്‍ക്കൂട്ടാണ്. താഴേക്കിടയിലെ മത്സ്യത്തൊഴിലാളികളെ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലേക്കു കൊണ്ടുവരാനാകണം. മത്സ്യങ്ങള്‍ക്കു ഗുണമേ•യുള്ള തീറ്റ, അടിസ്ഥാനസൗകര്യ വികസനം, വൃത്തിയുള്ള മാര്‍ക്കറ്റുകള്‍ തുടങ്ങിയവയ്ക്കായി നയരൂപകര്‍ത്താക്കളും ശാസ്ത്രജ്ഞരും പൊതുജനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍നിന്നു യൂറോപ്യന്‍ യൂണിയനിലേക്ക് 274 മില്യണ്‍ ടണ്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞവര്‍ഷം നടന്നതായി നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ്് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ ഡോ. ബിജയ് കുമാര്‍ ബെഹ്റ ചൂണ്ടിക്കാട്ടി. മികച്ച ഗുണനിലവാരമുള്ള മത്സ്യവിത്തുകള്‍ക്കായി യൂറോപ്യന്‍ യൂണിയനിലെ ലബോറട്ടറികളുമായി ചേര്‍ന്നു കേരളത്തില്‍ ജീനോം എഡിറ്റിംഗ് പദ്ധതി നടപ്പിലാക്കണമെന്നു മറൈന്‍ പ്രോഡക്ട്സ് ആന്റ് ഡവലപ്മെന്റ് അതോറിറ്റിയിലെ ഡോ. രാംമോഹന്‍ നിര്‍ദേശിച്ചു. മത്സ്യവിത്തുകള്‍ക്കു സര്‍ട്ടിഫിക്കേഷന്‍ നല്‍കണം. മികച്ച നിലവാരമുള്ള മത്സ്യത്തീറ്റ ലഭ്യമാക്കണം. ബയോസെന്‍സര്‍, ബയോഇലക്ട്രോണിക്സ്, നിര്‍മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. കേരളത്തില്‍ പുതിയ സ്പീഷീസു ( ഇനം ) കളുടെ വൈവിധ്യവത്കരണം ധാരാളമായുണ്ട്. യൂറോപ്യന്‍ യൂണിയന്റെ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കടല്‍പായല്‍ ഭാവിയില്‍ ജൈവഇന്ധനമായി മാറ്റാനാകും. ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളും ഇതുപയോഗിച്ച് നിര്‍മിക്കാനാകും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടേയും അലങ്കാരമത്സ്യങ്ങളുടേയും കയറ്റുമതിയിലും യൂറോപ്യന്‍ യൂണിയന്റെ വിപണി ഉപയോഗിക്കാനാകുമെന്നും ഡോ. രാംമോഹന്‍ പറഞ്ഞു.
7,288 കോടിയുടെ
നിക്ഷേപം
കേരളത്തിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ സാധ്യത തിരിച്ചറിഞ്ഞ് ഒട്ടേറെ നിക്ഷേപകര്‍ നിക്ഷേപസന്നദ്ധത ഇതിനകം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിദേശക്കമ്പനികളുടെതടക്കമുള്ള പ്രതിനിധികള്‍ രണ്ടു ദിവസത്തെ ‘ബ്ലൂ ടൈഡ്സ് കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് – 2025’ ല്‍ പങ്കെടുത്തിരുന്നു. 28 നിക്ഷേപകര്‍ 7,288 കോടി രൂപയുടെ നിക്ഷേപനിര്‍ദേശങ്ങളാണു കേരളത്തിനു സമര്‍പ്പിച്ചിട്ടുള്ളത്. ഇതു പോസിറ്റീവായ ചുവടുവെപ്പായാണു യൂറോപ്യന്‍ യൂണിയനും കണ്ടത്. ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. ഭാവിയില്‍ സംസ്ഥാനവുമായുള്ള ബന്ധം സുഗമമാക്കുന്നതിനു കേരളത്തില്‍ ഒരു പുതിയ ഏജന്‍സി സ്ഥാപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ യൂറോപ്യന്‍ യൂണിയന്‍രാഷ്ട്രങ്ങളുമായി ഇടപഴകുന്നതിന് ഒരു വേദി സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശം അംബാസഡര്‍മാര്‍ സമര്‍പ്പിച്ചതായി ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍അംബാസഡര്‍ വ്യക്തമാക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനും കേരളവും തമ്മില്‍ സഹകരണത്തിനു വലിയ സാധ്യതകളാണുള്ളത്. കേരള ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍പ്രതിനിധികള്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആരോഗ്യസംരക്ഷണം, ഐ.ടി. ഉള്‍പ്പടെ സഹകരിക്കാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ടെന്നു കരുതപ്പെടുന്നു. ഈ വര്‍ഷം ഫ്രാന്‍സില്‍ നടന്ന ആഗോള ബ്ലൂ ഇക്കോണമി ഉച്ചകോടിയുടെ തുടര്‍ച്ചയായാണു യൂറോപ്യന്‍ യൂണിയന്‍പ്രതിനിധികള്‍ ഈ കോണ്‍ക്ലേവിനെ കണ്ടത്. യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു നിര്‍ദേശിച്ചിട്ടുള്ള സംയുക്ത പ്ലാറ്റ്‌ഫോമും നോഡല്‍പോയിന്റും അനുവദിക്കുന്നതു പരിഗണിക്കുന്നതിനായി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.
കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന തീരദേശമണ്ണൊലിപ്പും തീവ്രമായ കാലാവസ്ഥാപ്രതിഭാസങ്ങളും പരിഹരിക്കുന്നതിനു യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം കരുത്തു പകരുമെന്നു ഫ്രാന്‍സ് എംബസി മിനിസ്റ്റര്‍ കൗണ്‍സിലര്‍ ഡാമിയന്‍ സയ്യിദ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ക്കു പുറമേ 18 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരും പ്രതിനിധികളുമാണു സമ്മേളനത്തില്‍ പങ്കെടുത്തത്. നീല സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും സഹകരണം ഉറപ്പ് നല്‍കുകയും ചെയ്തു. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്രമത്സ്യബന്ധനം, തീരദേശടൂറിസം, പുനരുപയോഗസമുദ്രോര്‍ജം, ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള യൂറോപ്യന്‍ യൂണിയന്‍പങ്കാളിത്തവും നൈപുണ്യവികസനം, അക്കാദമിക്‌സഹകരണം, തൊഴില്‍സാധ്യത, നയനവീകരണം, സംയുക്ത ഗവേഷണവികസനം, സ്റ്റാര്‍ട്ടപ്പ്‌നവീകരണം എന്നിവയിലെ സംയുക്തസംരംഭങ്ങളും ചര്‍ച്ച ചെയ്തു.
കേന്ദ്രത്തിന്റെ
സഹകരണപ്ലാന്
സമുദ്രോത്പന്നമേഖലയില്‍ സഹകരണാധിഷ്ഠിത പദ്ധതി നടപ്പാക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. കയറ്റുമതിക്കും മൂല്യവര്‍ധിതഉത്പാദന വ്യവസായയൂണിറ്റുകള്‍ക്കും പുറമെ സഹകരണമേഖലയെക്കൂടി ശക്തമായ സാന്നിധ്യമായി ഇതിലേക്കു കൊണ്ടുവരാനാണു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ പദ്ധതി. ‘ ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിനും സഹകരണമേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നീല സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നാണു സഹകരണമന്ത്രി അമിത് ഷാ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഫിഷറീസ് സഹകരണസംഘങ്ങളിലൂടെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഇത്തരം സംഘങ്ങളുടെ കൂട്ടായ്മ രൂപവത്കരിച്ച് ക്ലസ്റ്ററടിസ്ഥാനത്തില്‍ മത്സ്യബന്ധനവും സംസ്‌കരണവും വിപണനശൃംഖലയും തീര്‍ക്കുക എന്നിവയൊക്കെയാണു കേന്ദ്രത്തിന്റെ പദ്ധതിനിര്‍ദേശങ്ങളിലുള്ളത്.
പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനപദ്ധതിയിലുള്‍പ്പെടുത്തി സഹകരണസംഘങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന ട്രോളര്‍ നല്‍കുന്ന പദ്ധതിക്കു കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്. മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ ഇതിന്റെ ആദ്യഉദ്ഘാടനം നിര്‍വഹിച്ചുകഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അടിസ്ഥാനസൗകര്യമുറപ്പാക്കാനായാല്‍ ഉത്പാദനവും വരുമാനവും കൂടുമെന്നതാണു പദ്ധതിയുടെ കാഴ്ചപ്പാട്. സഹകരണസംഘങ്ങള്‍ക്കു നല്‍കുന്ന ട്രോളര്‍ ഒരുപാട് തൊഴിലാളികള്‍ക്ക് ആശ്രയമാകും. അതിലൂടെ, മത്സ്യസമ്പത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശേഷി വര്‍ധിക്കും. തത്ഫലമായുണ്ടാകുന്ന ലാഭം സഹകരണാടിസ്ഥാനത്തില്‍ ഓരോ മത്സ്യത്തൊഴിലാളികുടുംബത്തിലേക്കും എത്തും. ഇതാണു പദ്ധതിനിര്‍ദേശത്തിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തപദ്ധതിയായാണു സഹകരണമേഖലയിലെ തീരവികസനപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാരും ഫിഷറീസ്‌വകുപ്പും സംസ്ഥാനസര്‍ക്കാരുകളും സഹകരണസ്ഥാപനങ്ങള്‍ വഴി മത്സ്യബന്ധനത്തിനായി കൂടുതല്‍ ട്രോളറുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു ലഭ്യമാക്കാനാണു തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ മത്സ്യബന്ധനത്തിനായി ട്രോളറുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കു കൂലി മാത്രമാണു ലഭിക്കുന്നത്. ഇതേ ജോലി തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സഹകരണസംഘത്തിന്റെ ട്രോളറിലാവുമ്പോള്‍ അതില്‍നിന്നുള്ള മുഴുവന്‍ ലാഭവും തൊഴിലാളികള്‍ക്കു ലഭിക്കും. ഇത് ഏറ്റെടുത്തു നടപ്പാക്കാന്‍ ശേഷിയുള്ള സഹകരണസംഘങ്ങള്‍ക്കു 14 ട്രോളറുകള്‍ അനുവദിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ ട്രോളറുകള്‍ക്ക് 25 ദിവസംവരെ ആഴക്കടലില്‍ തങ്ങാനും 20 ടണ്‍വരെ മത്സ്യം വഹിക്കാനും കഴിയും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കടലില്‍നിന്നു കരയിലേക്കു മത്സ്യം കൊണ്ടുപോകുന്നതിനും സംവിധാനമുണ്ട്. താമസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സൗകര്യപ്രദമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ട്രോളറുകളാണു സഹകരണസംഘങ്ങള്‍ക്കു നല്‍കുന്നത്.
2014-15 ല്‍ ഇന്ത്യയുടെ മൊത്തം മത്സ്യബന്ധനഉത്പാദനം 102 ലക്ഷം ടണ്‍ ആയിരുന്നു, ഇപ്പോള്‍ അത് 195 ലക്ഷം ടണ്ണായി വര്‍ധിച്ചു. ആഭ്യന്തര ഉത്പാദനം 67 ലക്ഷം ടണ്ണായിരുന്നു. ഇത് 147 ലക്ഷം ടണ്ണായി ഉയര്‍ന്നു. സമുദ്രോത്പാദനം 35 ലക്ഷം ടണ്ണില്‍ നിന്ന് 48 ലക്ഷം ടണ്ണായി വളര്‍ന്നു. ശുദ്ധജല മത്സ്യബന്ധനത്തില്‍ 119 ശതമാനം വര്‍ധനവുണ്ടായി. 67 ലക്ഷം ടണ്ണില്‍ നിന്ന് 147 ലക്ഷം ടണ്ണായി ഉയര്‍ന്നു. സമുദ്രോത്പാദനം 35 ലക്ഷം ടണ്ണില്‍ നിന്ന് 48 ലക്ഷം ടണ്ണായി വര്‍ധിച്ചു. ഇപ്പോഴുള്ളതിലേറെയും സ്വകാര്യകമ്പനികളാണ്. മത്സ്യത്തൊഴിലാളികള്‍ കൂലിക്കാരായിമാത്രം തുടരുന്നു. ഉത്പാദനത്തിലെ വര്‍ധന മത്സ്യത്തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തിയിട്ടില്ല. സഹകരണസംഘങ്ങളെക്കൂടി ശക്തിപ്പെടുത്തിയാല്‍ സമുദ്രോത്പന്നമേഖലയില്‍ ഇന്ത്യയ്ക്കു വലിയ വളര്‍ച്ചയുണ്ടാക്കാനാകുമെന്നു മാത്രമല്ല, തൊഴിലാളികളുടെ വരുമാനവും കൂടും. ഏകദേശം 11,000 കിലോമീറ്റര്‍ നീളമുള്ളതാണ് ഇന്ത്യയുടെ തീരപ്രദേശം. ഇവിടെ ഫിഷറീസ് സംഘങ്ങള്‍ക്കു വലിയ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.

