നെല്ല് സംഭരണം സഹകരണസംഘങ്ങള്‍വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭരിച്ച നെല്ലിന് പാഡി റസീപ്റ്റ് ഷീറ്റ് (പി.ആര്‍എസ്.) നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വായ്പയായി തുക അനുവദിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് നെല്ല് നല്‍കുമ്പോള്‍തന്നെ പണം ലഭിക്കും. അത് വായ്പയായി കണക്കാക്കി കടബാധ്യതയുണ്ടാകുന്ന രീതിയും ഉണ്ടാകില്ല.അടുത്ത സീസണ്‍ മുതല്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍നിന്ന് അതത് പ്രദേശങ്ങളിലെ നെല്ല് നേരിട്ട് സംഭരിക്കാനാണ് തീരുമാനം. പി.ആര്‍.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണ സമയത്തുതന്നെ നെല്ലിന്റെ വില കര്‍ഷകന് നല്‍കുന്നരീതിയില്‍ സംഭരണം ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സഹകരണ കര്‍ഷക കേന്ദ്രീകൃത ബദല്‍ എന്ന രീതിയിലാണ് സംഭരണത്തിന് തുടക്കമിടുന്നത്. സംഭരണ മാതൃക നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ജില്ലാ/ താലൂക്ക് തലത്തില്‍, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപവത്കരിക്കും. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകള്‍ വഴിയോ ആകും നെല്ലിന്റെ സംസ്‌കരണം.
നിശ്ചയിച്ച ഔട്ട്‌ടേണ്‍ റേഷ്യോ പ്രകാരം നെല്ല് സംസ്‌കരിച്ച് അരി പൊതുവിതരണ സംവിധാനത്തിലേക്ക് കൈമാറും. നിലവില്‍ സ്വകാര്യ മില്ലുകള്‍ക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസ്സിങ് ചാര്‍ജും നോഡല്‍ സംഘങ്ങള്‍ക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ ചുമതല നോഡല്‍ ഏജന്‍സി എന്ന നിലയില്‍ സപ്ലൈകോയ്ക്ക് തന്നെയായിരിക്കും.താല്പര്യമുള്ള കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയാവും തുടക്കത്തില്‍ പദ്ധതിയില്‍ ചേര്‍ക്കുക.
മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിനിറങ്ങാന്‍ കഴിയാത്ത സംഘങ്ങള്‍ക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപവത്കരിക്കും. നോഡല്‍ സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായി വരുന്ന പ്രവര്‍ത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നല്‍കും. പദ്ധതിയുടെ നടത്തിപ്പിന് സഹകരണ, ഭക്ഷ്യ പൊതുവിതരണ, കൃഷി വകുപ്പുകള്‍, പാടശേഖരസമിതികള്‍, നെല്ല് കര്‍ഷക പ്രതിനിധി, കേരള ബാങ്ക്, നോഡല്‍ സഹകരണ സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കും. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തും.
കര്‍ഷകരില്‍നിന്നസംഭരിക്കുന്ന നെല്ലില്‍നിന്നുള്ള അരി ‘കേരള റൈസ്’ എന്ന പേരില്‍ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായി വിപണിയിലെത്തിക്കാനും ആലോചനയുണ്ട്. വിലസ്ഥിരതയും മൂല്യവര്‍ധനവും ഇതിലൂടെ സാധിക്കുമെന്നും യോഗം വിലയിരുത്തി. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ നെല്ല് കെട്ടിക്കിടത്ത് നശിക്കുന്നില്ലെന്ന് ഉറപ്പാക്കാനാകും. സംഭരണത്തിനുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
