നിര്‍മ്മിതബുദ്ധിയെ യുപിഐ പ്ലാറ്റ് ഫോമിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നടത്തുന്നത്. ഷോപ്പിങ്ങിനും മറ്റും ഏജന്റിക് എഐ യുപിഐയില്‍ സംയോജിപ്പിച്ചുള്ള ഉല്‍പന്നമാണ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ എന്‍.പി.സി.ഐ അവതരിപ്പിച്ചത്. ജമിനിയുടെ ഏജന്റിക് എഐ എന്ന നിര്‍മ്മിത ബുദ്ധി സംവിധാനത്തെ യു.പി.ഐ.യുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് ഇത്.
ഒരു വ്യക്തിക്ക് ആവശ്യമായ സാധനങ്ങള്‍ ഏതെല്ലാമാണെന്ന് നിശ്ചയിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമിലേക്ക് ഓര്‍ഡര്‍ നല്‍കുകയും അതിന് യുപിഐ വഴി പേയ്‌മെന്റ് നിര്‍വഹിക്കുകയും ചെയ്യുന്ന രീതിയാണ്. എത്രപേര്‍ക്ക് എന്തെല്ലാം വിഭവങ്ങള്‍ അല്ലെങ്കില്‍ ഉല്‍പന്നങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞാല്‍ എത്ര അളവില്‍ വാങ്ങണമെന്ന് കണക്കാക്കി ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമില്‍ ഓര്‍ഡര്‍ നല്‍കി പേയ്മെന്റ് പൂര്‍ത്തിയാക്കാനാകും. ഇത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ഏജന്റിക് യുപിഐയിലൂടെ എന്‍.പി.സി.ഐ ലൈവായി അവതരിപ്പിച്ചു.
ഇന്റലിജന്റ് കൊമേഴ്സ് എന്ന അടുത്ത ഘട്ടത്തിലുള്ള വികസനമാണ് എന്‍പിസിഐ അനാവരണം ചെയ്തിരിക്കുന്നത്. ഉപഭോക്താവ് എഐ ചാറ്റ് ബോട്ടിനെ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ കണ്ടെത്തി, എന്ത് എവിടെനിന്ന് വാങ്ങണമെന്ന് തീരുമാനിക്കുന്നതും പേയ്മെന്റ് യുപിഐ വഴി പൂര്‍ത്തിയാക്കുന്നതിനും വോയ്സ്, ടെക്സ്റ്റ് കമാന്‍ഡുകള്‍ വഴി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ ചെയ്യാമെന്നതാണ് ഇതിലൂടെ കാട്ടുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് കമാന്‍ഡുകള്‍ ഇഷ്ടമുള്ള ഭാഷയിലേക്ക് മാറ്റുന്നതിനും കഴിയും. പ്രാദേശിക ഭാഷയിലേക്ക് കൂടി ഇന്റലിജന്റ് കൊമേഴ്‌സ് രീതി കടന്നുവരുന്നുവെന്നതാണ് ഇതിന്റെ നേട്ടം.
ജെമിനി, ബിഗ് ബാസ്‌ക്കറ്റ്, ഗൂഗിള്‍ പേ, റേസര്‍ പേ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. ഉപഭോക്താവിന്റെ മുന്‍കാല ,ഷോപ്പിങ് രീതികളും ഇതില്‍ ഉപയോഗപ്പെടുത്തുന്നു. ബിഗ് ബാസ്‌ക്കറ്റില്‍നിന്ന് ജെമിനിയുടെ സഹായത്തോടെ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ എച്ച്.ഡി.എഫ്.സി. ക്രഡിറ്റ് കാര്‍ഡില്‍ ഗൂഗിള്‍പേ വഴി ഇടപാട് പൂര്‍ത്തിയാക്കി വാങ്ങുന്ന ലൈവ് ഡെമോ അവതരിപ്പിച്ചത് സദസ്സില്‍ കൈയടി നിറച്ചു. റേസര്‍പേയാണ് ഇതില്‍ പേയ്മെന്റ് സര്‍വീസ് പ്രൊവൈഡറായിട്ടുള്ളത്.
യുപിഐ ഇടപാടിനുള്ള പ്ലാറ്റ് ഫോം എന്നതില്‍നിന്ന് ഇന്റലിജന്‍സ് കൊമേഴ്സ് എന്നതിലേക്ക് മാറുകയാണ് ഇതിലൂടെയെന്ന് എന്‍പിസിഐ പ്രൊഡക്ട് മാര്‍ക്കറ്റിങ് വിഭാഗം മേധാവി കുനാല്‍ കലവാടിയ ഇതിനെ വിശേഷിപ്പിച്ചു. ഡിജിറ്റല്‍ പേയ്മെന്റിന്റെയും നിര്‍മ്മിത ബുദ്ധിയുടെയും സംയോജനമാണ് അടുത്ത ഘട്ടത്തിലുള്ള രാജ്യത്തെ ഫിന്‍ടെക് കണ്ടെത്തലുകളില്‍ നിര്‍ണായക മാകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വന്തം യുപിഐ പുതിയ തലങ്ങളിലേക്ക് വളരുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഫിന്‍ടെക് ഫെസ്റ്റ് നല്‍കുന്നത്. വായ്പകളുടെയും ഇടപാടുകളെയും കോര്‍ത്തിണക്കുന്ന പ്രധാന കണ്ണിയായി ഇത് മാറുകയാണ്.
