സഹകരണ സംഘങ്ങളുടെ കേരളാബാങ്കിലെ നിക്ഷേപത്തില്‍ ജനിക്കുന്ന പലിശയ്ക്ക് ടി.ഡി.എസ്.( ഉറവിടത്തില്‍നിന്ന് നികുതി) പിടിക്കാന്‍ ബാങ്കിന്റെ നിര്‍ദ്ദേശം. 2020 ഏപ്രില്‍മുതലുള്ള നികുതി മുന്‍കാലപ്രാബല്യത്തോടെ ഈടാക്കി ആദായനികുതി വകുപ്പിന് അടക്കേണ്ടതുണ്ടെന്നാണ് എല്ലാ ശാഖാമാനേജര്‍ക്കും കേരളബാങ്ക് നല്‍കിയിട്ടുള്ള സര്‍ക്കുലറിലുള്ളത്. ടി.ഡി.എസ്. സംബന്ധിച്ച് പ്രാഥമിക സഹകരണ സംഘങ്ങള്‍ നല്‍കിയ ഹരജിയില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തീര്‍പ്പ് കല്‍പിച്ചത്. സംഘങ്ങള്‍ക്ക് ടി.ഡി.എസ്. ബാധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും മുന്‍കാലപ്രാബല്യത്തോടെ നികുതി നല്‍കേണ്ടതില്ലെന്നായിരുന്നു വിധി. എന്നാല്‍, 2020 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ടിഡിഎസ് പിടിക്കാനാണ് ഇപ്പോള്‍ കേരളാബാങ്ക് തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ 19/2015ലെ സര്‍ക്കുലര്‍ പ്രകാരം സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയി ല്ലായിരുന്നു. എന്നാല്‍, 2020 ല്‍ ആദായനികുതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. ഇതില്‍ വാര്‍ഷിക ടേണോവര്‍ 50 കോടിയിലധികമുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടിഡിഎസ് ബാധകമാക്കി. ഇത് ചോദ്യം ചെയ്താണ് മുന്നൂറിലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഈ ഹരജി തള്ളി, തള്ളി 2020-ല്‍ ആദായനികുതി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ശരിവെച്ചു.
നികുതിയുടെ കാര്യത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ചിരുന്ന ചില ഇളവുകള്‍ ഇല്ലാതാക്കുന്നതാണ് ആദായനികുതി നിയമത്തില്‍ വന്ന ഭേദഗതി എന്ന വാദമാണ് സഹകരണ സംഘങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇത് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. ടിഡിഎസ്സിന്റെ കാര്യത്തില്‍ നേരത്തെ സംഘങ്ങള്‍ക്ക് അനുകൂലമായ ചില വിധികള്‍ കോടതികളില്‍നിന്നുണ്ടായിരുന്നു. ഇതനുസരിച്ച് സംഘങ്ങളുടെ നിക്ഷേപത്തില്‍ ജനിക്കുന്ന പലിശയ്ക്ക് ടി.ഡി.എസ്. പിടിച്ചിരുന്നില്ല. ഇതെല്ലാം റദ്ദാക്കിക്കൊണ്ടാണ് ടി.ഡി.എസ്. ബാധകമാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഈ വിധിയിലാണ് ടി.ഡി.എസ്. മുന്‍കാല പ്രാബല്യത്തോടെ പിടിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നത്.
50 കോടിയിലധികം ടേണ്‍ ഓവറുള്ള സഹകരണ സ്ഥാപനങ്ങള്‍ അവിടുത്തെ നിക്ഷേപത്തില്‍ ജനിക്കുന്ന പലിശയ്ക്ക് നികുതി പിടിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. കേരളാബാങ്കിന് 50 കോടിയിലധികം ടേണ്‍ ഓവറുണ്ട്. അതിനാല്‍, അവിടുത്തെ സംഘങ്ങളുടേത് അടക്കമുള്ള നിക്ഷേപത്തിന് ടി.ഡി.എസ്. പിടിച്ചുകൊടുക്കേണ്ട ബാധ്യത കേരളാബാങ്കിനുണ്ടാവും. ഇക്കാര്യമാണ് കേരളാബാങ്കിന്റെ സര്‍ക്കുലറിലും പറയുന്നത്. വാര്‍ഷിക പലിശ 50,000 രൂപയില്‍ കൂടുകയാണെങ്കിലാണ് ടി.ഡി.എസ്. പിടിക്കേണ്ടത്. സഹകരണ സംഘങ്ങള്‍ക്ക് കേരളാബാങ്കില്‍ മാത്രമാണ് നിക്ഷേപം നടത്താന്‍ പാടുള്ളൂ. അതിനാല്‍, ആ നിക്ഷേപത്തില്‍ ജനിക്കുന്ന പലിശ 50,000 രൂപയില്‍ കൂടുതലായിരിക്കും. ഫലത്തില്‍ എല്ലാ പ്രാഥമിക സംഘങ്ങള്‍ക്കും ഇനി ടി.ഡി.എസ്. നല്‍കേണ്ടിവരും.
സംഘങ്ങള്‍ കേരളാബാങ്കില്‍ നടത്തുന്ന നിക്ഷേപത്തില്‍ ജനിക്കുന്ന പലിശയ്ക്ക് പത്ത് ശതമാനം ടി.ഡി.എസ്. പിടിക്കുമെന്നാണ് കേരളാബാങ്കിന്റെ സര്‍ക്കുലറിലുള്ളത്. പാന്‍കാര്‍ഡ് ഇല്ലാത്ത സഹകരണ സംഘങ്ങളാണെങ്കില്‍ ഇത് 20 ശതമാനമായിരിക്കും. അംഗങ്ങളില്‍നിന്ന് വാങ്ങുന്ന നിക്ഷേപമാണ് സംഘങ്ങള്‍ കേരളാബാങ്കില്‍ നിക്ഷേപിക്കുന്നത്. അംഗങ്ങള്‍ക്ക് നല്‍കുന്ന പലിശയേക്കാള്‍ കുറവാണ് ഇപ്പോള്‍ കേരളബാങ്ക് സംഘങ്ങളുടെ നിക്ഷേപത്തിന് നല്‍കുന്ന പലിശ. ഇനി ആ പലിശയ്ക്ക് പത്ത് ശതമാനം നികുതി കൂടി നല്‍കേണ്ടിവരുമ്പോള്‍, സഹകരണ സംഘങ്ങളില്‍ നിക്ഷേപം കൂടുന്നതും നഷ്ടത്തിന് സാധ്യത കൂട്ടുകയാണ് ഉണ്ടാക്കുക.

കേരളാബാങ്കിന്റെ സര്‍ക്കുലര്‍
