Indian Cooperator

വിദേശപൗരനും സഹകരണ സംഘങ്ങളില്‍ അംഗമാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; രാജ്യമാകെ ഉറ്റുനോക്കുന്ന തര്‍ക്കം കോടതിയില്‍

വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്കു ഇന്ത്യയിലെ ഒരു സഹകരണസംഘത്തില്‍ അംഗമാവാനും ഭരണസമിതിയംഗമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ടോ?  ഇപ്പോള്‍ ഗുജറാത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ഇതാണ്. ഒരു വിദേശപൗരന് ഇന്ത്യയിലെ സഹകരണസംഘത്തില്‍ അംഗമാവാന്‍ നിയമപരമായി തടസ്സമൊന്നുമില്ലെന്നാണു ഗുജറാത്തിലെ സഹകരണവകുപ്പ് അധികൃതരുടെ വാദം. എന്നാല്‍, ഇതു സമ്മതിച്ചുകൊടുക്കാന്‍ പലരും തയാറല്ല.

ഗുജറാത്തിലെ ഗാണ്ഡെവിയിലുള്ള ശ്രീ സഹകാരി ഖണ്ഡ് ഉദ്യോഗ് സഹകാരി മാണ്ഡ്‌ലി ലിമിറ്റഡ് എന്ന പഞ്ചസാരയുത്പാദക സഹകരണസംഘത്തിലാണു വിദേശിയുടെ അംഗത്വം ഗൗരവമായ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. ഈ സംഘത്തിന്റെ മാനേജിങ് കമ്മിറ്റിയിലുള്ള രഞ്ജിത് പട്ടേലിന്റെ അംഗത്വമാണു പ്രശ്‌നമായത്. രഞ്ജിത് പട്ടേല്‍ നേരത്തേ ഗാണ്ഡെവിയില്‍ താമസക്കാരനായിരുന്നു. എന്നാല്‍, ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി അമേരിക്കയിലാണു താമസം. അവിടെ OCI കാര്‍ഡുള്ളയാളാണു പട്ടേല്‍. ( അമേരിക്കപോലുള്ള വിദേശരാജ്യങ്ങളില്‍ അനുവദിക്കുന്നതാണ് ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ കാര്‍ഡ്.

ഇന്ത്യന്‍വംശജരായവര്‍ക്കും അവരുടെ വിദേശീയരായ ജീവിതപങ്കാളികള്‍ക്കും മക്കള്‍ക്കുമുള്ള ആജീവനാന്ത വിസയും ഇമിഗ്രേഷന്‍പദവിയും നല്‍കുന്നതാണ് ഒ.സി.ഐ. കാര്‍ഡ് ). കഴിഞ്ഞ വര്‍ഷം ജിതേന്ദ്ര ദേശായ് എന്നൊരു സംഘാംഗമാണു വിദേശിയുടെ അംഗത്വപ്രശ്‌നം കുത്തിപ്പൊക്കിയത്. സഹകരണസംഘങ്ങളുടെ നവ്‌സാരി ജില്ലാ രജിസ്ട്രാര്‍ക്കും പഞ്ചസാരയുത്പാദക സഹകരണസംഘത്തിന്റെ ഡയറക്ടര്‍ക്കും ജിതേന്ദ്ര ദേശായ് കത്തെഴുതിയതോടെയാണു രഞ്ജിത് പട്ടേലിന്റെ അംഗത്വം ചര്‍ച്ചയായത്. ഇന്ത്യന്‍ പൗരനല്ലാത്ത പട്ടേലിന്റെ അംഗത്വം റദ്ദാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഗുജറാത്ത് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 11 അനുസരിച്ച് പട്ടേലിന്റെ അംഗത്വത്തിനു വിലക്കൊന്നുമില്ലെന്നു സഹകരണസംഘം ജില്ലാരജിസ്ട്രാറും ഡയറക്ടറും നിലപാടെടുത്തു. ഇതാണു ജിതേന്ദ്ര ദേശായിയെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്.

ഇന്ത്യയില്‍ താമസക്കാരല്ലാത്തവരും പൗരന്മാരല്ലാത്തവരും പ്രാദേശികതലത്തില്‍ കാര്‍ഷികസാമ്പത്തികപ്രവര്‍ത്തനം നടത്തുന്ന ഒരു സംഘത്തിന്റെ മാനേജിങ് കമ്മിറ്റിയില്‍ അംഗമായിരിക്കാന്‍ യോഗ്യനല്ലെന്നു ഹര്‍ജിക്കാരനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. അര്‍ച്ചിത് ജാനി വാദിച്ചു. പ്രാദേശിക ജനസമൂഹങ്ങളെ സേവിക്കുകയെന്ന സഹകരണസംഘങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉറപ്പുവരുത്താന്‍ വ്യക്തമായ നിയമമാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നും അദ്ദേഹം ബോധിപ്പിച്ചു. ഒരു വിദേശപൗരന്‍ ഇവിടത്തെ സഹകരണസംഘത്തില്‍ അംഗമായാല്‍ സഹകരണസംഘങ്ങളുടെ മൊത്തം ഘടനയെത്തന്നെ ബാധിക്കുന്നതരത്തില്‍ അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഒരു വിദേശിക്ക് ഇവിടെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനവകാശമില്ല. അതിനാല്‍, ഒരു സഹകരണസംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ താമസിക്കാത്ത ഒരാള്‍ക്കു സംഘത്തില്‍ അംഗമാവാന്‍ ബൈലോപ്രകാരം അനുവാദമില്ല  അഡ്വ. അര്‍ച്ചിത് ജാനി ചൂണ്ടിക്കാട്ടി. പ്രാരംഭവാദം കേട്ടശേഷം ഹര്‍ജിയുമായി ബന്ധപ്പെട്ട അധികൃതര്‍ക്കു നോട്ടീസയക്കാന്‍ ജഡ്ജി ജസ്റ്റിസ്
അനിരുദ്ധ മയീ ഉത്തരവിട്ടു. ഹര്‍ജിയിന്മേലുള്ള അടുത്ത വാദം 2026 ഫെബ്രുവരി പത്തിനു നടക്കും.

Related posts

സഹകരണത്തില്‍ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം കേന്ദ്രവും അംഗീകരിക്കുന്നു

Indian Cooperator

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator
error: Content is protected !!