പണമയക്കാന്‍ പിന്‍ നമ്പര്‍ ഓര്‍മ്മിച്ചുവെക്കുകയും ഒ.ടി.പി.ക്ക് കാത്തിരിക്കുകയും ചെയ്യുന്ന രീതിക്ക് പകരം ബയോമെട്രിക് സംവിധാനം ഉപയോഗിക്കാമെന്നതാണ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലെ എന്‍.പി.സി.ഐ.യുടെ അവതരണം. യുപിഐ വഴി ഇടപാട് നടത്താന്‍ ഇനി പിന്‍ നമ്പറിനു പകരം ഫിംഗര്‍പ്രിന്റോ മുഖമോ മതി. ബയോമെട്രിക് രീതിയിലൂടെ അതിവേഗം പണമിടപാട് നടത്താനാകുമെന്നാണ് എന്‍പിസിഐ മുന്നോട്ടുവെക്കുന്ന ഉറപ്പ്. വൈകാതെ എല്ലാ യുപിഐ ആപ്പുകളിലും ഇതു ലഭ്യമാകും.
നിലവില്‍ ‘യുപിഐ ലൈറ്റ്’ ഒഴികെയുള്ള സാധാരണ ഇടപാടുകള്‍ക്ക് പിന്‍ വേണം. പുതിയ രീതിയനുസരിച്ച് ഫോണിലെ ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍ വിരല്‍ പതിപ്പിച്ചോ ഫ്രണ്ട് ക്യാമറയില്‍ മുഖം കാണിച്ചോ ഇടപാട് നടത്താം. ഒരിടപാടില്‍ 25 ശതമാനം സമയം ലാഭിക്കാനാകുമെന്നാണ് പറയുന്നത്. രാജ്യത്തെ 70 ശതമാനം പുതിയ സ്മാര്‍ട്ഫോണുകളിലും ബയോമെട്രിക് സ്‌കാനിങ് സാധ്യമാണെന്നും എന്‍പിസിഐ ഈ അവതരണത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ ഫീച്ചര്‍ യുപിഐ ആപ്പില്‍ ലഭ്യമായിത്തുടങ്ങിയാല്‍ സെറ്റിങ്സില്‍ നിന്ന് ബയോമെട്രിക്സ് എനേബിള്‍ ചെയ്യണം. ഫിംഗര്‍പ്രിന്റും മുഖവും റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പേയ്മെന്റ് നടത്തുമ്പോള്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ തിരഞ്ഞെടുക്കുക. ഫിംഗര്‍ പ്രിന്റ് അല്ലെങ്കില്‍ മുഖം റീഡ് ചെയ്യുന്നതോടെ ഞൊടിയിടയില്‍ ഇടപാട് പൂര്‍ത്തിയാകും. പുതിയ സംവിധാനം വന്നെങ്കിലും പിന്‍ നമ്പര്‍ ഉപയോഗിക്കുന്നതിനു തടസ്സമില്ല.
