കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചു. മൂന്നു മാസത്തിനകം സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം.
സഹകരണസംഘം രജിസ്ട്രാറാണു സമിതിയുടെ ചെയര്‍മാന്‍. അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) കണ്‍വീനറാണ്. ഹരിശങ്കര്‍ ജി ( അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ), ജോ. രജിസ്ട്രാര്‍ ( മാര്‍ക്കറ്റിങ് ) സഹകരണസംഘം രജിസ്ട്രാര്‍ഓഫീസ്, പ്രസിഡന്റ് / സെക്രട്ടറി, ഓള്‍ കേരള പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ജനറല്‍ മാനേജര്‍ കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍, ലൈല ( റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ സഹകരണവകുപ്പ് ) എന്നിവരാണ് അംഗങ്ങള്‍.
കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിച്ചു പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി 2023 ജൂണ്‍ 30 ന് അവസാനിച്ച സാഹചര്യത്തില്‍ സഹകരണസംഘം രജിസ്ട്രാറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഏഴംഗസമിതി രൂപവത്കരിച്ച് ഉത്തരവായത്.
