Indian Cooperator

സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 13 മുതല്‍ 47 ശതമാനം വരെ കൂട്ടി

ഹകരണ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. 13മുതല്‍ 47 ശതമാനം വരെയാണ് വര്‍ദ്ധനവ്. 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പത്തുശതമാനം വര്‍ദ്ധിപ്പിച്ച് ഫിബ്രവരി 20ന് ഉത്തരവിറക്കിയിരുന്നു. ഇതിനുസരിച്ച് സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിക്കണമെന്ന് കാണിച്ച് ഫിബ്രവരി 25ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിട്ടുള്ളത്.

സഹകരണ സ്ഥാപനങ്ങളിലെ അവസാന ശമ്പളപരിഷ്‌കരണത്തില്‍ ക്ഷാമബത്തയുടെ നിശ്ചിത ശതമാനം അടിസ്ഥാന ശമ്പളത്തിനൊപ്പം ലയിപ്പിച്ചിരുന്നു. ഈ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് അതിന് ആനുപാതികമായ ക്ഷാമബത്തയ്ക്കാണ് അര്‍ഹതയുണ്ടാകുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളബാങ്ക് ജീവനക്കാരുടെ ക്ഷാമബത്തയും ഇതിനൊപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളാബാങ്ക് ജീവനക്കാര്‍ക്ക് 13 ശതമാനമാണ് ഡി.എ. അനുവദിച്ചിട്ടുള്ളത്.

നാലുവിഭാഗങ്ങളായാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങള്‍ക്ക്, പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങള്‍ക്ക്, രണ്ട് ശമ്പളപരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങള്‍ക്ക്, ശമ്പളപരിഷ്‌കരണം ഒന്നും നടപ്പാക്കാത്ത സംഘങ്ങള്‍ക്ക് എന്നിങ്ങനെയാണിത്.

പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങള്‍ക്ക് 19 ശതമാനം, പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങള്‍ക്ക് 27 ശതമാനം, രണ്ട് ശമ്പളപരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങള്‍ക്ക് 38 ശതമാനം,ശമ്പളപരിഷ്‌കരണം ഒന്നും നടപ്പാക്കാത്ത സംഘങ്ങള്‍ക്ക് 47 ശതമാനം എന്നിങ്ങനെയാണ് വര്‍ദ്ധനവ്.

നഷ്ടത്തിലുള്ള സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ഡി.എ. അനുവദിക്കുന്നത് നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ തടഞ്ഞിരുന്നു. ഇത് മാറ്റുമെന്ന് മന്ത്രിയും സഹകരണ ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചതാണ്. എന്നാല്‍, അത് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഒന്നും രജിസ്ട്രാര്‍ ഇറക്കിയിട്ടില്ല. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച ഡി.എ. നഷ്ടത്തിലുള്ള സഹകരണ സംഘത്തിലെ ജീവനക്കാര്‍ക്ക് നല്‍കാമോയെന്ന കാര്യത്തില്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനില്‍ക്കുന്നതിനാല്‍ നഷ്ടത്തിലുള്ള സംഘങ്ങള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് അധിക ഡി.എ. അനുവദിക്കാന്‍ കഴിയില്ല. രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കുകമാത്രമാണ് പരിഹാരം.

ഡി.എ. ഉത്തരവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പി.രാജേന്ദ്രന്‍ പങ്കെടുക്കും

Indian Cooperator

സഹകരണസംഘം സെക്രട്ടറിമാര്‍ഇനി ജീവനക്കാരുടെ റേഷന്‍കാര്‍ഡുംപരിശോധിക്കണം

Indian Cooperator

സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലുകളെ ചെറുക്കണം; സഹകാര്‍ ഭാരതിക്ക് ചില ലക്ഷ്യങ്ങളുണ്ട്

Indian Cooperator