Indian Cooperator

തൊഴിലാളികള്‍ക്ക് സുരക്ഷയില്ലാത്ത കാലംവരുന്നു; തൊഴിലവകാശം ഇനി കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും

രാജ്യത്ത് തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനിത്തിനെതിരെ തൊഴിലാളി സംഘടനകളും കര്‍ഷകരും ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു.
സംസ്ഥാന വ്യാപകമായി ലേബര്‍ കോഡുകളുടെ കോപ്പി കത്തിച്ചായിരുന്നു പ്രതിഷേധം. കൊച്ചി തുറമുഖം, കപ്പല്‍ശാല, എഫ്എസിടി, കൊച്ചി റിഫൈനറി, കാക്കനാട് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധമുണ്ടായി. ജില്ലാ കേന്ദ്രങ്ങളിലും പ്രാദേശികമായും തൊഴിലിടങ്ങളിലും കറുത്ത ബാഡ്ജ് ധരിച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ചു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ ജീവനക്കാരും പ്രതിഷേധത്തിന്റെ ഭാഗമായി. കോഴിക്കോട് ആദായനികുതി വകുപ്പ് ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 21 മുതല്‍ ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലായത്. തൊഴിലാളികളെ പിരിച്ചുവിടാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നതുള്‍പ്പെടെ അതിതീവ്ര തൊഴിലാളിവിരുദ്ധ നിയമങ്ങളാണ് നാല് ലേബര്‍ കോഡുകളിലായുള്ളത് ദേശീയതലത്തില്‍ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിലുണ്ട്. കര്‍ഷകമോര്‍ച്ചയും ഒപ്പം ചേര്‍ന്നു. കേരളത്തില്‍ ഐ.എന്‍.ടി.യു.സി.യും എസ്.ടിയു.വും യോജിച്ച സമരത്തിലില്ല കോണ്‍ഗ്രസിന്റെ സമ്മര്‍ദമാണ് കാരണം. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., എച്ച്.എം.എസ്., സേവാ, ടി.യു.സി.ഐ., എന്‍.ടി.യു.ഐ., എന്‍.എല്‍.സി., എച്ച്.എം.പി.കെ., കെ.ടി.യു.സി.എം. എന്നീ സംഘടനകളാണ് യോജിച്ച പ്രക്ഷോഭത്തിലുള്ളത്. മാധ്യമ മേഖലയിലെ വേജ്‌ബോര്‍ഡ് എടുത്തുകളഞ്ഞതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനും ലേബര്‍ കോഡിനെതിരെ പ്രതിഷേധരംഗത്തുണ്ട്.

പിരിച്ചുവിടലിനെയും അടച്ചുപൂട്ടലിനെയും എതിര്‍ക്കാനോ കോടതിയില്‍ പോകാനോ തൊഴിലാളികള്‍ക്ക് അവകാശമില്ലാതായി. ട്രേഡ് യൂണിയന്‍ അവകാശം പരിമിതപ്പെടുത്തുക, തൊഴില്‍സമയം വര്‍ധിപ്പിക്കുക, ജോലിസ്ഥിരത എടുത്തുകളയുക, കൂലി വെട്ടിച്ചുരുക്കുക, യൂണിയന്‍ രജിസ്‌ട്രേഷന്‍ അസാധ്യമാക്കുക, ഫാക്ടറികളെ തൊഴില്‍ നിയമപരിധിയില്‍നിന്ന് പുറത്തുകൊണ്ടുവരിക, സമരങ്ങളും പണിമുടക്കുകളും തടയുക, തൊഴില്‍ തര്‍ക്കങ്ങളിലെ ലേബര്‍ ഉദ്യോഗസ്ഥരുടെ അധികാരം എടുത്തുകളയുക തുടങ്ങിവയൊക്കെയാണ് നടപ്പാകുന്നത്.

തൊഴില്‍ കമ്പോളം അരക്ഷിതമാക്കാനും തൊഴിലാളികളെ പെരുവഴിയിലാക്കാനും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതിനെതിരായി തൊഴിലാളികളുടെ വലിയ പ്രതിഷേധം അലയടിക്കും. ലേബര്‍ കോഡുകള്‍ ചരിത്ര നേട്ടമാണെന്ന് പ്രസ്താവിക്കാന്‍ ബിഎംഎസ് നേതൃത്വത്തിന് ഒരുളുപ്പും ഇല്ലാതായിരിക്കുന്നു. മൂലധന ശക്തികളും സംഘപരിവാറുമാണ് ബിഎംഎസിന്റെ തലച്ചോറ്. ഈ വഞ്ചനയ്‌ക്കെതിരെ ബിഎംഎസ്സില്‍ അംഗങ്ങളായ സാധാരണ തൊഴിലാളികള്‍ രംഗത്തിറങ്ങേണ്ടിവരും.- സംയുക്ത സമരസമിതി

പതിറ്റാണ്ടുകള്‍ നീണ്ട സമരപോരാട്ടങ്ങളിലൂടെയാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം മാന്യമായി തൊഴിലെടുക്കുന്നതിനും വേതനം കൈപ്പറ്റുന്നതിനും സാമൂഹ്യസുരക്ഷ ഒരുപരിധിവരെ ലഭ്യമാകുന്നതിനുമുള്ള നിയമപരമായ സാഹചര്യം ഉറപ്പുവരുത്തിയത്.  തൊഴിലാളിക്ഷേമം മുന്‍നിര്‍ത്തിനുള്ള എല്ലാനിയമങ്ങളെയും അട്ടിമറിക്കാന്‍ 1991-ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കമിട്ട തീവ്ര വലത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കാലംമുതല്‍ കുത്തകമുതലാളിത്തം ശ്രമിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ രൂപപ്പെട്ട സഖ്യസര്‍ക്കാരുകളും ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തമായ പാര്‍ലമെന്ററി സാന്നിധ്യവും ഇതിന് തടസ്സമായി. 2014ലെ തെരഞ്ഞെടുപ്പാണ് ഈ സാഹചര്യങ്ങളെല്ലാം മാറ്റിയെടുത്തത്.  

കാല്‍നൂറ്റാണ്ടിനുശേഷം ഒരു പാര്‍ട്ടിക്കുമാത്രമായി ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. അതും എക്കാലവും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളോട് ചേര്‍ന്നുനിന്ന സംഘപരിവാര്‍ നേതൃത്വത്തില്‍. രാജ്യത്തെ നിലവിലെ തൊഴില്‍നിയമങ്ങളെ അപ്പാടെ പൊളിച്ചെഴുതി ഏതാനും ലേബര്‍ കോഡുകളിലേക്ക് ചുരുക്കാനുള്ള ശ്രമമാണ് മോദിസര്‍ക്കാര്‍ ആദ്യം ഏറ്റെടുത്തത്. എന്നാല്‍ സംഘപരിവാര്‍ ടേഡ് യൂണിയനായ ബിഎംഎസ് അടക്കം ചെറുത്തതോടെ തല്‍ക്കാലം നീക്കം ഉപേക്ഷിച്ചു. രണ്ടാം മോദിസര്‍ക്കാര്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ 2019ല്‍ അധികാരത്തില്‍ വന്നതോടെ തൊഴിലാളികര്‍ഷകദ്രോഹ നീക്കങ്ങള്‍ തീവ്രമായി.

29 തൊഴില്‍നിയമങ്ങള്‍ നാല് കോഡുകളിലേക്ക് ചുരുക്കിയുള്ള നിയമനിര്‍മാണത്തിന് തുടക്കമിട്ടു. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയ ബിഎംഎസ് തൊഴിലാളിവര്‍ഗത്തെയാകെ ഒറ്റുകൊടുത്ത് ലേബര്‍ കോഡുകളുടെ കാര്യത്തില്‍ നിലപാട് മാറ്റി. 2019-20 വര്‍ഷങ്ങളിലായി നാല് ലേബര്‍ കോഡുകളും പാര്‍ലമെന്റില്‍ പാസാക്കി. കുത്തകതാല്‍പ്പര്യം മുന്‍നിര്‍ ത്തിയുള്ള നിയമനിര്‍മാണങ്ങള്‍ക്ക് കോണ്‍ഗ്രസും കുട്ടുനിന്നു ഇടതുപക്ഷ പാര്‍ട്ടികള്‍മാത്രം കടുത്ത എതിര്‍പ്പുയര്‍ത്തി. പാര്‍ലമെന്റെ് എന്ന കടമ്പ കടന്നെങ്കിലും ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയ പ്രതിരോധത്തെ മറികടന്ന് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ രണ്ടാം മോദി സര്‍ക്കാരിനായില്ല. ഇപ്പോള്‍ ഏകാധിപത്യ ഭരണത്തിന്റെ തണലില്‍ ഒരു ചര്‍ച്ചയുമില്ലാതെ ലേബര്‍ കോഡുകള്‍ നടപ്പാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Related posts

നബാര്‍ഡിലെ3500 പെന്‍ഷന്‍കാര്‍സമരത്തിലേക്ക്

Indian Cooperator

എന്‍.എസ്. ആശുപത്രി വികസനത്തിനായി മൂന്നുമാസത്തെ ക്യാമ്പയിന്‍ ഏറ്റെടുത്തത് എംപ്ലോയീസ് യൂണിയന്‍

Indian Cooperator

കെ.സി.ഇ.യു. എറണാകുളം ജില്ലാ സമ്മേളനം; ജയരാജ് പ്രസിഡന്റ് അനീഷ് സെക്രട്ടറി

Indian Cooperator
error: Content is protected !!