സുനില്‍ പ്രകാശ്
രൂപയുടെ മൂല്യം വല്ലാതെ ഇടിയുന്നുവെന്നതാണ് ഇപ്പോള്‍ ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം. ജി.ഡി.പി. ( മൊത്തം ആഭ്യന്തരോത്പാദനം ) യില്‍ വളര്‍ച്ച പ്രതീക്ഷിക്കുമ്പോഴും വിദേശനാണ്യശേഖരത്തില്‍ കുറവു വരാനുള്ള സാധ്യതയാണുണ്ടാകുന്നത്. വ്യാപാരക്കമ്മി വിദേശനാണ്യശേഖരത്തില്‍ കുറവുണ്ടാക്കുകയാണ്. അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിഴച്ചുങ്കം യു.എസ്സിലേക്കുള്ള കയറ്റുമതിയില്‍ ഇടിവുണ്ടാക്കി. എണ്ണയ്ക്കും സ്വര്‍ണത്തിനുമെല്ലാം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതു വ്യാപാരക്കമ്മിക്കു വഴിയൊരുക്കുകയാണ്. ഇതു രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുന്ന സ്ഥിതിയാണ്.
മൂല്യത്തകര്‍ച്ചയില്‍ ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായിത്തീര്‍ന്നു ഇന്ത്യന്‍ രൂപ. 2025 ജനുവരി-ഒക്ടോബര്‍ കാലയളവില്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ 4.3 ശതമാനത്തിന്റെ ഇടിവാണു നേരിട്ടത്. അമേരിക്ക-ഇന്ത്യ വ്യാപാരക്കരാര്‍ ഉടനുണ്ടായില്ലെങ്കില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം തൊണ്ണൂറും കടന്നേക്കുമെന്നാണു വിദേശവിനിമയ വിപണിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. അതായത്, ഒരു ഡോളറിന് ഇപ്പോള്‍ത്തന്നെ 90 രൂപ നല്‍കണം. അവിടെനിന്നും മുന്നോട്ടുപോകുമെന്നാണു ഡിസംബര്‍ മൂന്നിലെ വിനിമയനിരക്ക് സൂചിപ്പിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തരസ്വര്‍ണവില വര്‍ധിപ്പിക്കും. സ്വര്‍ണത്തിന് ഇറക്കുമതിയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ ചെലവ് കൂടുന്നു. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ലെങ്കില്‍പ്പോലും രൂപയുടെ മൂല്യത്തകര്‍ച്ച കാരണം ആഭ്യന്തരവില കൂടാന്‍ ഇതു കാരണമാകും.
ചൈനീസ് യുവാന്‍, ഇന്‍ഡോനേഷ്യന്‍ റുപയ,
ഫിലിപ്പീന്‍ പെസോ എന്നീ ഏഷ്യന്‍ കറന്‍സികളുമായി
താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍
വന്‍വീഴ്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്.
രണ്ടു മാസത്തിനിടെ ഡോളറിന്റെ മൂല്യത്തില്‍
3.6 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതും
ഇന്ത്യന്‍ കറന്‍സിയ്ക്കു സമ്മര്‍ദം കൂട്ടുന്നു.
2025 നവംബറില്‍ വ്യാപാരത്തിനിടെ ഇന്ത്യന്‍ രൂപ ഡോളറിനെതിരേ പുതിയ താഴ്ചയിലെത്തിയിരുന്നു. ഡോളറൊന്നിന് 89.66 രൂപ എന്ന നിലയിലേക്കാണു കൂപ്പുകുത്തിയത്. ഇതിനുശേഷം തിരിച്ചുകയറിയ രൂപ 89.27 നിലവാരത്തിലാണു നവംബര്‍ അവസാനം വ്യാപാരം അവസാനിപ്പിച്ചത്. പക്ഷേ, ഡിസംബറില്‍ വീണ്ടും ഇടിഞ്ഞു 90 രൂപ കടന്നു. ഡിസംബര്‍ മൂന്നിനു അതു 90.15 രൂപവരെയെത്തി. നാലിനു വീണ്ടും തിരിച്ചുകയറി 89.89 രൂപയില്‍ എത്തി. ഈ സാമ്പത്തികവര്‍ഷമെടുത്താല്‍ ജാപ്പനീസ് യെന്നിനു പിന്നില്‍ രണ്ടാമതാണ് ഇന്ത്യന്‍ രൂപ. ജാപ്പനീസ് യെന്‍ 4.36 ശതമാനം ഇടിവുനേരിട്ടപ്പോള്‍ രൂപയ്ക്കിത് 4.26 ശതമാനമാണ്. ഏതാനും മാസമായി ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടറുകയാണ്. ഓഹരിവിപണിയില്‍ വിദേശനിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്നതും യൂ.എസ്സിന്റെ ഉയര്‍ന്ന തീരുവയും സ്വര്‍ണം, വെള്ളി എന്നിവയുടെ ഉയര്‍ന്ന വിലയുമാണു രൂപയ്ക്കു തിരിച്ചടിയാകുന്നത്.
ഏഷ്യന്‍ കറന്‍സികളായ ചൈനീസ് യുവാന്‍, ഇന്‍ഡോനേഷ്യന്‍ റുപയ, ഫിലിപ്പീന്‍ പെസോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍വീഴ്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്‍ഡോനേഷ്യന്‍ റുപയുടെ വീഴ്ച 2.9 ശതമാനവും ഫിലിപ്പീന്‍ പെസോയുടേത്് 1.3 ശതമാനവുമാണ്. അതേസമയം, ചൈനീസ് യുവാന്റെ മൂല്യം ഉയരുകയാണ്. ഡോളറുമായുള്ള വിനിമയമൂല്യം ക്രമീകരിക്കുന്നതിനു തുടര്‍ച്ചയായി വിപണിയിലിടപെടുന്ന ചൈനീസ് വിനിമയനയം ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഡോളര്‍ കരുത്തു വീണ്ടെടുത്തതും രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു. രണ്ടു മാസത്തിനിടെ ഡോളറിന്റെ മൂല്യത്തില്‍ 3.6 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതും ഇന്ത്യന്‍ കറന്‍സിക്കു സമ്മര്‍ദം കൂട്ടുന്ന കാര്യമാണ്.
എന്താകും രൂപയെ
ബാധിക്കുന്നത്?
രൂപയുടെ മൂല്യം കുറയുന്നതിന്റെ കാരണമെന്തെന്നതു സാമ്പത്തികരംഗത്തെ ചര്‍ച്ചയാണ്. പണപ്പെരുപ്പമാണു രൂപയ്ക്കു മൂല്യത്തകര്‍ച്ചയുണ്ടാക്കുന്ന ഒരു ഘടകം. ഉയര്‍ന്ന പണപ്പെരുപ്പം വാങ്ങല്‍ശേഷി കുറയ്ക്കുകയും മൂല്യത്തകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. എന്നാല്‍, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ പണപ്പെരുപ്പം കുറവാണ്. ഇതു രൂപയെ ശക്തിപ്പെടുത്തുകയാണു ചെയ്യുക. അതിനാല്‍, പണപ്പെരുപ്പം രൂപയെ ബാധിക്കുന്ന ഒന്നായി മാറുന്നില്ല. കയറ്റുമതി കുറഞ്ഞതാണു രൂപയുടെ മൂല്യം ശോഷിക്കുന്നതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്ന ഘടകം. വ്യാപാരമിച്ചം വിദേശകറന്‍സിയുടെ വരവ് കൂട്ടും. ഇതു രൂപയുടെ മൂല്യം ഉയരാന്‍ കാരണമാകും. എന്നാല്‍, കയറ്റുമതി കുറയുകയും ഇറക്കുമതിക്കു കൂടുതല്‍ വിദേശകറന്‍സി ആവശ്യമായി വരികയും ചെയ്യുന്നതു വ്യാപാരക്കമ്മിയുണ്ടാക്കുകയും അതു രൂപയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഉയര്‍ന്ന ഫോറെക്സ് കരുതല്‍ശേഖരം ശക്തമായ സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഇതു രൂപയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. കുറഞ്ഞ കരുതല്‍ശേഖരം സമ്പദ്‌വ്യവസ്ഥയെ ബാഹ്യമായ ആഘാതങ്ങള്‍ക്ക് ഇരയാക്കുന്നു. ഇതു മൂല്യത്തകര്‍ച്ചയിലേക്കു നയിക്കും.
കഴിഞ്ഞവര്‍ഷം ഇന്ത്യയ്ക്കു 9000 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയുണ്ടായിരുന്നു. കയറ്റുമതിയിലൂടെ ലഭിക്കുന്ന ഡോളറിനേക്കാള്‍ ഇത്രയും കോടി ഡോളര്‍ അധികമായി ഇറക്കുമതിയ്ക്കായി ചെലവഴിക്കേണ്ടിവരും. അമേരിക്ക ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത് അവിടേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറയാന്‍ കാരണമായി. ഇന്ത്യയ്ക്ക് ഏറ്റവുമധികം വ്യാപാരമിച്ചമുള്ള രാജ്യമായിരുന്നു അമേരിക്ക. അതുകൊണ്ടുതന്നെ അവിടേക്കു കയറ്റുമതി കുറഞ്ഞതു വ്യാപാരക്കമ്മി കൂട്ടി. ഇതു വിനിമയവിപണിയില്‍ ഡോളറിന്റെ ആവശ്യം കൂട്ടുന്നു. അതുകൊണ്ടുതന്നെ രൂപയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു.
ഓഹരിവിപണിയിലെ വിദേശ പോര്ട്ട്ഫോളിയോനിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുമ്പോഴും ഡോളറിന്റെ മൂല്യം വര്‍ധിച്ച് രൂപ താഴേക്കു പോകും. ഡോളര്‍ കൊടുത്തുവാങ്ങിയ ഓഹരികള്‍ വിദേശികള്‍ വില്ക്കുമ്പോള് നൂറുകണക്കിനു കോടി ഡോളര്‍ ബാങ്കുകളിലൂടെ തിരികെ കൊടുക്കേണ്ടിവരും.
പക്ഷേ, അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നാണു തൊഴില്‍വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. യു.എസ്. ജി.ഡി.പി.യുടെ വളര്‍ച്ച കുറയുന്നുവെന്നര്‍ഥം. ഫെഡറല്‍ റിസര്‍വ് യു.എസ്സിലെ പലിശനിരക്ക് കുറയ്ക്കാനിടയായാല്‍ ഇന്ത്യയിലേയ്ക്കു ഡോളര്‍ കൂടുതലായി എത്താനിടവരും. അതു രൂപയുടെ മൂല്യം കൂട്ടിയേക്കും. പക്ഷേ, നിലവില്‍ അത്ര ശുഭകരമല്ല ഓഹരിവിപണിയിലെ വിദേശനിക്ഷേപത്തിന്റെ സ്ഥിതി. ഈ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍മാത്രമാണു വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) അറ്റ നിക്ഷേപം നടത്തിയത്. ബാക്കി ഏഴു മാസവും അറ്റവില്‍പ്പനയാണു രേഖപ്പെടുത്തിയത്. ജനുവരിയില്‍മാത്രം 78,027 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ വിറ്റഴിച്ചു. ജനുവരി-നവംബര്‍ കാലയളവില്‍ ആകെ 1.49 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ വിറ്റൊഴിവാക്കി.
ആര്‍.ബി.ഐ.
ഇടപെടല്‍
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കഠിനപ്രയത്നം നടത്തുന്നുണ്ട്. 2025 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇതിനായി റിസര്‍വ് ബാങ്ക് 3,800 കോടി ഡോളറാണു വിറ്റഴിച്ചത്. 2022 നുശേഷം നടന്ന ഏറ്റവും വലിയ ഇടപെടലാണിത്. 2022 ല്‍ ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 5,825 കോടി ഡോളര്‍ ഇത്തരത്തില്‍ ആര്‍.ബി.ഐ. പുറത്തെത്തിച്ചിരുന്നു. രൂപയുടെ മൂല്യം നിശ്ചിതനിലവാരത്തില്‍ നിലനിര്‍ത്തുക ലക്ഷ്യമല്ലെന്ന് ആര്‍.ബി.ഐ. ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കറന്‍സിവിപണിയില്‍ ശക്തമായി ഇടപെടുന്നുവെന്നതിന്റെ തെളിവാണിത്. സെപ്റ്റംബറില്‍മാത്രം രൂപയെ പിടിച്ചുനിര്‍ത്താന്‍ 791 കോടി ഡോളറാണു വിനിമയവിപണിയില്‍ വിറ്റഴിച്ചത്. ആകെ 1,011 കോടി ഡോളര്‍ വിറ്റഴിച്ചപ്പോള്‍ 220 കോടി ഡോളര്‍ തിരികെ വാങ്ങി. അതേസമയം, റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങളെയെല്ലാം മറികടന്നു രൂപയുടെ മൂല്യം ഇടിയുന്നതു തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്റായി ചുമതലയേറ്റശേഷം ഡോളര്‍ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതാണു രൂപയ്ക്കു വലിയ തിരിച്ചടിയായത്.
രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യത്തില്‍ സ്ഥിരത കൊണ്ടുവരുന്നതിനാണു കേന്ദ്രബാങ്കുകള്‍ ഡോളര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. രൂപയുടെ മൂല്യം ക്രമംവിട്ട് ഉയരാന്‍ തുടങ്ങിയാല്‍ വിപണിയില്‍നിന്ന് ആര്‍.ബി.ഐ. ഡോളര്‍ വാങ്ങാന്‍ തുടങ്ങും. ഇതു വിപണിയിലെ ഡോളര്‍ലഭ്യത കുറയ്ക്കുകയും രൂപയുടെ മൂല്യത്തിലെ വലിയ ചാഞ്ചാട്ടം ഒഴിവാക്കുകയും ചെയ്യും. ഇതേരീതിയില്‍ രൂപയുടെ മൂല്യം ക്രമംവിട്ട് ഇടിയുമ്പോള്‍ കരുതല്‍ശേഖരത്തില്‍നിന്നു കൂടുതല്‍ ഡോളര്‍ വിപണിയിലേക്കെത്തിക്കും. ഒറ്റയടിക്കു രൂപയുടെ മൂല്യത്തില്‍ വലിയ കയറ്റിറക്കങ്ങള്‍ ഒഴിവാക്കാനാണ് ആര്‍.ബി.ഐ. ശ്രമിക്കുന്നത്. ഈ രീതി മുന്‍നിര്‍ത്തി അന്താരാഷ്ട്ര നാണയനിധി ( ഐ.എം.എഫ് ) ഇന്ത്യയുടെ വിദേശവിനിമയ സംവിധാനത്തെ സ്റ്റബിലൈസ്ഡ് എന്നതില്‍നിന്നു ‘ക്രൗള്‍ ലൈക്’ എന്നതിലേക്കു തരംമാറ്റി. രൂപയുടെ മൂല്യത്തില്‍ വലിയ വ്യതിയാനമില്ലാതെ ഏറക്കുറെ സ്ഥിരതയാര്‍ന്നിരുന്ന സമയത്താണു സ്റ്റബിലൈസ്ഡ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. മൂല്യത്തിലെ മാറ്റം വിപണിക്കനുസൃതമായി വേഗത്തിലാക്കാതെ, ഇടപെടലുകള്‍ നടത്തി സാവധാനത്തിലാക്കുന്നുവെന്നു സൂചിപ്പിക്കുന്നതാണ് ‘ഇഴയുന്നത്’ എന്നര്‍ഥമാക്കുന്ന ക്രൗള്‍ ലൈക്.
പ്രവാസിനിക്ഷേപം
കുറയുന്നു
ഡോളര്‍മൂല്യം വര്‍ധിക്കുമ്പോള്‍ ഗള്‍ഫ്‌രാജ്യങ്ങളിലുള്ള കറന്‍സികളുടെ മൂല്യം വര്‍ധിക്കുന്നതിനാല്‍ മലയാളിക്കു വരുമാനനേട്ടമാണുണ്ടാവുക. നാട്ടിലേക്കുള്ള പണംവരവും വര്‍ധിക്കും. എന്നാല്‍, ആ രീതിയിലുള്ള ഒരു പണത്തിന്റെ വരവും ഇപ്പോള്‍ രൂപയുടെ മൂല്യം കുറയുമ്പോള്‍ സംഭവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രവാസിനിക്ഷേപം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണു കേരളം. അതില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നുണ്ട്. റിവേഴ്‌സ് റെമിറ്റന്‍സ് കൂടുന്നുവെന്നതാണു കേരളത്തിലെ സ്ഥിതി. കേരളത്തില്‍നിന്നു പുതുതലമുറ വിദേശരാജ്യങ്ങളില്‍ പഠനങ്ങള്‍ക്കായി പോകുന്നതു വര്‍ധിച്ചതാണ് ഇതിനു കാരണം. ജോലിക്കു മാത്രമായി വിദേശത്തേക്കു പോയിരുന്നവരായിരുന്നു മലയാളികള്‍. ഇങ്ങനെ ജോലി ചെയ്തു സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയക്കുന്നതാണു കേരളത്തിലെ പ്രവാസിനിക്ഷേപം കൂടാന്‍ കാരണമായത്. ഇപ്പോള്‍ പഠനാവശ്യത്തിനു പോകുമ്പോള്‍ വിദേശത്തേക്കു പണമയക്കുന്ന രീതിയുണ്ടായി. പഠനത്തിനായി വിദേശത്തേയ്ക്കു പോകുന്നവര്‍ ജോലി ലഭിച്ചുകഴിഞ്ഞാല്‍ അവിടെ സ്ഥിരതാമസമാക്കുന്നതു വര്‍ധിച്ചതോടെ ഇവിടേയ്ക്ക് അയക്കുന്ന പണത്തിന്റെ തോതും കുറഞ്ഞുവന്നു. ഇതാണു കേരളത്തില്‍ സമീപകാലത്തു കണ്ട സാമ്പത്തികപ്രതിഭാസം.
പ്രവാസികള്‍ ഇന്ത്യയിലേയ്ക്കു പണമയക്കുന്നതു കുറയുന്നുവെന്നാണു റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കുകള്‍ കാണിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷം ആദ്യത്തെ ആറുമാസക്കാലത്തു പ്രവാസിനിക്ഷേപത്തില്‍ 40 ശതമാനം കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 610 കോടി ഡോളറിന്റെ പ്രവാസിനിക്ഷേപമാണ് ഇന്ത്യയിലേയ്‌ക്കെത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവിലിത് 1020 കോടി ഡോളറായിരുന്നു. ഏകദേശം 40.5 ശതമാനമാണു കുറഞ്ഞത്. ഇതിനുമുമ്പു തുടര്‍ച്ചയായി മൂന്നുവര്‍ഷം പ്രവാസിനിക്ഷേപം കൂടുകയായിരുന്നു. 2022 ല്‍ 62.9 ശതമാനം, 2023 ല്‍ 90.8 ശതമാനം, 2024 ല്‍ 88.1 ശതമാനം എന്നിങ്ങനെയായിരുന്നു വര്‍ധന. പ്രവാസികള്‍ വിദേശകറന്‍സിയില്‍ നടത്തുന്ന പുതിയ എഫ്.സി.എന്‍.ആര്‍. ( ഫോറിന്‍ കറന്‍സി നോണ്‍-റസിഡന്റ് ) നിക്ഷേപത്തിലും വലിയ കുറവു പ്രകടമായിട്ടുണ്ട്. ഈ വിഭാഗത്തില്‍ പുതിയ നിക്ഷേപത്തില്‍ 87 ശതമാനംവരെയാണ് ഇടിവ്. ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ പ്രവാസികള്‍ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കുകയായിരുന്നു. ഇന്ത്യന്‍ രൂപയില്‍ നടത്തുന്ന നിക്ഷേപത്തില്‍ വലിയ മാറ്റം പ്രകടമായിട്ടില്ല.
വിദേശത്തെയും ഇന്ത്യയിലെയും പലിശനിരക്കിലുള്ള വ്യത്യാസം കുറഞ്ഞതു പ്രവാസിനിക്ഷേപം കുറയാന്‍ കാരണമായതായി പറയപ്പെടുന്നു. മാത്രമല്ല, ഓഹരിവിപണിയിലേക്ക് ഇവര്‍ നിക്ഷേപം മാറ്റുന്നുണ്ട്. അമേരിക്കയുടെ നയങ്ങളിലുണ്ടായ മാറ്റം അവിടെയുള്ള പ്രവാസികളുടെ നിക്ഷേപരീതിയില്‍ മാറ്റമുണ്ടാക്കിയതായും അനലിസ്റ്റ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ തീരുവ ഉയര്‍ന്നതോടെ ഇറക്കുമതിച്ചെലവു കൂടിയത് ഉത്പന്നവിലയെയും ബാധിച്ചു. ഇതു ജീവിതച്ചെലവു കൂട്ടി. ഇതും അമേരിക്കയില്‍നിന്നുള്ള പ്രവാസിനിക്ഷേപം കുറയാനിടയാക്കുന്നു. സെപ്റ്റംബര്‍ വരെയുള്ള എന്‍.ആര്‍.ഐ. നിക്ഷേപക്കണക്കനുസരിച്ച് 16,590 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ ഇവരുടേതായി നിലവിലുള്ളത്. 2024 സെപ്റ്റംബറിലെ 16,162.3 കോടി ഡോളറിനെ അപേക്ഷിച്ച് മൂന്നു ശതമാനത്തിനടുത്തു മാത്രമാണു വര്‍ധന.
