Indian Cooperator

പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കെ.സി.ഇ.എഫ്.; എങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന് കെ.സി.ഇ.യു.

ഹകരണ ജീവനക്കാരുടെ രണ്ട് പ്രധാനപ്പെട്ട സംഘടനകളാണ് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനും കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടും. എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു.വില്‍ അഫിലിയേറ്റ് ചെയ്ത തൊഴിലാളി സംഘടനയാണ്. എംപ്ലോയീസ് ഫ്രണ്ട് കോണ്‍ഗ്രസിന്റെ സഹകരണ സംഘടനയുമാണ്. സഹകരണ ജീവനക്കാരുടെ ഏറെക്കാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരത്തിന് തയ്യാറായപ്പോള്‍ കടുത്ത വിമര്‍ശനവുമായാണ് എംപ്ലോയീസ് ഫ്രണ്ട് രംഗത്തുവന്നത്. പിണറായി സര്‍ക്കാര്‍ സഹകരണ മേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും പറയുന്നതെല്ലാം കള്ളവുമാണെന്നാണ് കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ വാദം. സഹകരണ ജീവനക്കാരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചൂണ്ടിക്കാട്ടി കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏറെക്കാലമായി നടത്തുന്ന സമരത്തിന്റെ വിജയമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പരിഹാര നടപടികളെന്നാണ് യൂണിയന്‍ പറയുന്നത്.

എംപ്ലോയീസ് യൂണിയന്റെ അവകാശവാദങ്ങളെ തള്ളിപ്പറയുകയാണ് എംപ്ലോയീസ് ഫ്രണ്ട് ചെയ്യുന്നത്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും അവര്‍ അംഗീകരിക്കുന്നില്ല. ഇതിന്റെ ഭാഗമായി അവര്‍ ചില ചോദ്യങ്ങളും ചില പ്രസ്താവനങ്ങളും ഉയര്‍ത്തുകയാണ്. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മാത്രമാണ് സഹകരണ മേഖലയ്ക്ക് വളര്‍ച്ചയുണ്ടാകുകയെന്നതാണ് അവരുടെ അവകാശവാദം. അതായത്, ഈ വാദത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന നിലപാടാണ് എംപ്ലോയീസ് യൂണിയന്‍ നേതാക്കളും പറയുന്നു. നേരിട്ട് വാദത്തിന് ഒരുങ്ങുകയാണ് ഇരുസംഘടനകളിലേയും നേതാക്കള്‍.

  • ചട്ടം 185 (10) 1:4 ഇതുവരെ മാറ്റാതെ ഇപ്പോള്‍ പറയുന്നു 1: 2 ആക്കാമെന്ന്
  • അസിസ്റ്റന്റ് സെക്രട്ടറി / മാനേജര്‍ പ്രമോഷന്‍ 1:1, 1:2, 1:3 നിയമം ഇതുവരെ മാറ്റാതെ ഇപ്പോള്‍ പറയുന്നു നിയമവശം പരിശോധിക്കണമെന്ന്.
  • സഹകരണ ജീവനക്കാരെ ദ്രോഹിക്കുന്ന കരി നിയമങ്ങളെ മാറ്റാന്‍ തുടര്‍ഭരണം ലഭിച്ച് പത്തുവര്‍ഷം ഭരിച്ച് സഹകരണ നിയമഭേദഗതി വരെ നടത്തിയ എല്‍.ഡി.എഫിന് ഇതുവരെ കഴിഞ്ഞില്ല
    ഇനി കഴിയുകയുമില്ല.
  • ഈ കരിനിയമങ്ങള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തുടച്ചുനീക്കുമെന്ന് കെ.സി.ഇ.എഫ്. ഉറപ്പുനല്‍കുന്നു
    *അടുത്ത സര്‍ക്കാര്‍ വന്ന് നിയമഭേദഗതി ചെയ്തു കരി നിയമങ്ങള്‍ മാറ്റാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത എന്തിനാണ് മറച്ചുവയ്ക്കുന്നത്?
  • ശമ്പള പരിഷ്‌കരണം 2024 ഏപ്രില്‍ മുതല്‍ കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ക്കുശേഷം നടപടി ആരംഭിച്ചു എന്നു പറഞ്ഞാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നല്‍കാന്‍ കഴിയുമോ?
  • ഡി എ നിഷേധിച്ച രജിസ്ട്രാറുടെ നിലപാട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ നിരന്തര ജീവന്‍ മരണ സമര പോരാട്ടത്താലും ഹൈക്കോടതിയുടെ രൂക്ഷ ശകാരത്താലും അല്ലേ മാറ്റാന്‍ തയ്യാറായത്
  • സഹകാരികളെയും ജീവനക്കാരെയും പറ്റിച്ച് എല്‍.ഡി.എഫ്. ഇനിയും വോട്ട് നേടാമെന്ന് കരുതേണ്ട.
  • യു.ഡി.എഫ്. ഭരിച്ചാല്‍ സഹകരണ മേഖല ഉണരുമെന്നുറപ്പുണ്ട്
  • തെറ്റായ കരിനിയമങ്ങള്‍ കെ.സി.ഇ.എഫ്. പിന്‍വലിപ്പിക്കും എന്നുറപ്പുണ്ട്
  • സഹകരണ മേഖലയ്ക്ക് വേണ്ടി നേരോടെ നിര്‍ഭയം പോരാടാന്‍ ജീവനക്കാരുടെ സംഘടന കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് എന്നും ഒപ്പമുണ്ട്

സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട കാര്യങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ചിലര്‍ നടത്തുന്നത്. ആ കാര്യങ്ങളില്‍ വ്യക്തത വരേണ്ടത് അനിവാര്യമായ കാര്യമാണ്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങളെ രാഷ്ട്രീയ പ്രേരിതമായി വക്രീകരിച്ച് പ്രചരിപ്പിക്കുന്നവര്‍ കഴിഞ്ഞ കുറേക്കാലമായി സഹകരണ മേഖലയിലെ എല്ലാ മാറ്റങ്ങളോടും തികച്ചും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചു വന്നിട്ടുള്ളവരുമാണ്.

അത് ജീവനക്കാരുടെ പ്രമോഷന്‍ തടയുന്ന ചട്ടങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. ഉമ്മന്‍ചാണ്ടി കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷന്‍ ഇല്ലാതാക്കിയ ചട്ടം 185 (10) നടപ്പാക്കിയത്. യഥാര്‍ത്ഥത്തില്‍ സബ് സ്റ്റാഫ് ജീവനക്കാരുടേത് മാത്രമല്ല കമ്മീഷന്‍ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതയും ഇല്ലാതാക്കുകയായിരുന്നു. 2014 നവംബര്‍ 25ന് ചട്ടം 185(10) നടപ്പാക്കിയതിനു ശേഷം 2016 മെയ് മാസം വരെയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തന്നെയായിരുന്നു കേരളത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്. കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ അന്നുമുതല്‍ ഈ ചട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മൂന്നുദിവസം തുടര്‍ച്ചയായി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ഇതിന്റെ ഭാഗമായിട്ടായിരുന്നു. അന്ന് മറ്റൊരു പ്രബല സംഘടനയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം ഭേദഗതിക്കെതിരെ യാതൊരുവിധ സമരവും നടത്തിയിരുന്നില്ല. 2016 മെയ് മാസമാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. ആ സര്‍ക്കാരിന്റെ മുന്നിലും ചട്ടം 185 (10) ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കുകയും സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരം നടത്തുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് ആ സര്‍ക്കാര്‍ ചട്ടം നിലവില്‍ വന്ന 2014 നവംബര്‍ 25ന് സര്‍വീസില്‍ ഉള്ളവര്‍ക്ക് ബാധകം അല്ല എന്ന മാറ്റം കൊണ്ടുവന്നത്. യൂണിയന്‍ അതില്‍ തൃപ്തരായില്ല. തുടര്‍ന്നും വലിയ സമ്മര്‍ദ്ദം സര്‍ക്കാരില്‍ നടത്തിയതിനെത്തുടര്‍ന്ന് ക്ലാസ്സ് 2 മുതല്‍ താഴോട്ടുള്ള സംഘങ്ങളില്‍ 1:4 എന്നത് 1:2 എന്ന നിലയില്‍ മാറ്റി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നു. എന്നാല്‍ മുഴുവന്‍ സംഘങ്ങളിലും 1:2 എന്നനിലയില്‍ മാറ്റണമെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി കെ.സി.ഇ.യു. സഹകരണ മേഖലയില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. തുടര്‍ന്ന് മന്ത്രി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന് നല്‍കിയ ഉറപ്പിന്റെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ആ ഉറപ്പാണ് കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ പാലിക്കപ്പെട്ടത്. 185 (10) പ്രകാരമുള്ള ജൂനിയര്‍ ക്ലാര്‍ക്കിലേക്കുള്ള പ്രമോഷന്‍ 1:4 എന്നത് 1:2 ആക്കിയതിന്റെ നേട്ടം കേവലം സബ്സ്റ്റാഫ് ജീവനക്കാര്‍ക്ക് മാത്രമല്ല ലഭിക്കുന്നത്. ജീവനക്കാരുടെ പ്രമോഷന്‍ തടയപ്പെട്ടതോടെ കമ്മീഷന്‍ ജീവനക്കാര്‍ക്ക് സബ് സ്റ്റാഫിലേക്കുണ്ടായിരുന്ന 25% സംവരണ പ്രകാരമുള്ള പ്രമോഷനും ലഭിക്കാനായി, ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് സര്‍ക്കാര്‍ തീരുമാനത്തോടെ ഉണ്ടായത്.

പ്രായോഗികമായി നടത്താന്‍ കഴിയാത്ത വ്യവസ്ഥയായിരുന്നു ചട്ടം 185 (2) ല്‍ നേരത്തെ ഉണ്ടായിരുന്നത് അന്ന് ചട്ടമുണ്ടാക്കിയപ്പോള്‍ ഉദ്യോഗസ്ഥരില്‍ ഉണ്ടായ വീഴ്ചയായിരുന്നുവത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അതില്‍ വ്യക്തത വരുത്തി നടപ്പാക്കാനുള്ള ഭേദഗതി കൊണ്ടുവന്നു എന്നേയുള്ളൂ. അതിലും പുന:പരിശോധിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളും ജീവനക്കാരുടെ പ്രമോഷന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതായിരുന്നു. അതില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതാക്കി കാണിക്കാന്‍ ആര് ശ്രമിച്ചാലും അത് കേരളത്തിലെ സഹകരണ ജീവനക്കാര്‍ അംഗീകരിക്കില്ലെന്ന് വ്യാജ പ്രചരണം നടത്തുന്നവര്‍ മനസ്സിലാക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.

  • PTS ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത ഉറപ്പാക്കാം എന്ന് ചര്‍ച്ചയില്‍ തീരുമാനമായി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും പ്രമോഷന്‍ ലഭിക്കാതെ PTS ആയി തുടരുന്ന നിരവധി ജീവനക്കാര്‍ മേഖലയിലുണ്ട്. കണ്ണൂരിലെ ഒരു പ്രമുഖ റൂറല്‍ ബാങ്കില്‍ Mcom ബിരുദധരിയായ PTS ജീവനക്കാരി 20 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നുണ്ട്. അവര്‍ക്ക് ശേഷം പ്യൂണായി ജോലിയില്‍ പ്രവേശിച്ചവര്‍ ഇന്ന് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തു വരികയാണ്. അത്രയും ഭീകരമായ നീതിനിഷേധം ആയിരുന്നു PTS ജീവനക്കാര്‍ ഇതുവരെയും നേരിടേണ്ടി വന്നത്. വൈകിയാണെങ്കിലും ആ ജീവനക്കാര്‍ക്ക് പ്രമോഷന്‍ സാധ്യത ഉറപ്പുവരുത്തിയത് ചെറിയ കാര്യമായി കാണാന്‍ സാധിക്കുമോ?

ഏതെങ്കിലും കാലത്ത് ശമ്പളപരിഷ്‌കരണത്തിന്റെ കാലാവധി എത്തുന്നതിനുമുമ്പ് കമ്മിറ്റി ഉണ്ടാക്കിയതായി ഈ ആക്ഷേപം പറയുന്നവര്‍ക്ക് കാണിക്കാനാവുമോ? എല്ലാകാലത്തും കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെയാണ് ശമ്പളപരിഷ്‌കരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന് മുന്‍കാല പ്രാബല്യവും ഉണ്ടാവുമെന്നതുകൊണ്ട് മിക്കവാറും ജീവനക്കാര്‍ക്ക് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടാവാറില്ല. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഇനി കമ്മീഷന്‍ ആണോ കമ്മിറ്റിയാണോ നല്ലത്. രണ്ടായാലും ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ കാലാനുസൃതമായ വര്‍ദ്ധനവ് ശമ്പളത്തില്‍ ഉണ്ടാവണമെന്നേയുള്ളൂ. മാത്രമല്ല രജിസ്ട്രാറെയാണ് ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. മനസ്സിലാക്കിയത് ശരിയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് സഹകരണ രജിസ്റ്റര്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ തീരുമാനങ്ങളെ അവമതിക്കാനുള്ള ശ്രമങ്ങള്‍ സഹകരണ ജീവനക്കാര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

  • നഷ്ടത്തിലായ സംഘങ്ങളിലെ DA യെ കുറിച്ചുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ മുകളില്‍ ഉദ്യോഗസ്ഥന്റെ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്ന മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ DA എടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. മാത്രവുമല്ല സാങ്കേതികമായി മാത്രം നഷ്ടം കാണിക്കപ്പെട്ടിട്ടുള്ള നിരവധി സംഘങ്ങള്‍ ഇതിനകം DA അനുവദിച്ചിട്ടുമുണ്ട്. കണ്ണടച്ചാല്‍ അവനവനു മാത്രമേ ഇരുട്ടാവൂ എന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം. ഇതോടെ കേരളത്തിലെ സഹകരണ ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എന്ന അഭിപ്രായമൊന്നും ആര്‍ക്കും ഇല്ല. പക്ഷേ ദീര്‍ഘകാലമായിട്ടുള്ള കുറേ കാര്യങ്ങളില്‍ തീരുമാനമാക്കാന്‍ കഴിഞ്ഞു എന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുടെയും നേട്ടമാണ്. അത് അംഗീകരിക്കുന്നതിന് പകരം ‘ഇതൊക്കെ വലിയ നേട്ടമാണോ’എന്ന് ചോദിക്കുന്നവരോട് സഹതാപം മാത്രം.

Related posts

വിരമിച്ച ജീവനക്കാരന് രണ്ടു മാസത്തിനകം പി.എഫ്. തുക നൽകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

Indian Cooperator

ഇന്ന് മുതല്‍ മൂന്നുദിവസം മില്‍മ പ്ലാന്റുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Indian Cooperator

ആശ്രിതര്‍ ആരൊക്കെയാണെന്ന് നിശ്ചയിച്ചു; നിയമനം നല്‍കുന്നതിനും മുന്‍ഗണന

Indian Cooperator
error: Content is protected !!