കാറിലും ടെലിവിഷനിലും വരെ മൊബൈല്‍ ഫോണിന്റെ സഹായമില്ലാതെ ഇനി യുപിഐ ഇടപാട് സാധ്യമാക്കുന്ന സംവിധാനം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അവതരിപ്പിച്ചു. ‘യുപിഐ ഓണ്‍ ഐഒടി’ എന്ന പേരിലാണ് പുതിയ സാങ്കേതിക വിദ്യ എന്‍.പി.സി.ഐ. അവതരിപ്പിച്ചത്.
ഇന്റര്‍നെറ്റ് ബന്ധിതമായ ഉപകരണങ്ങളിലൊക്കെ (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) ഇനി യുപിഐ ഇടപാട് സാധ്യമാകും. ഇലക്ട്രിക് കാര്‍ ചാര്‍ജിങ് ഫീസ് അടക്കാനും ഫാസ് ടാഗ് റീ ചാര്‍ജിനുമടക്കം കാറിന്റെ ഡാഷ് ബോര്‍ഡിലുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ഈ സംവിധാനം ഉപയോഗിക്കാം.
ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് ടെലിവിഷന്‍ സ്‌ക്രീനിലൂടെ തന്നെ എളുപ്പത്തില്‍ സബ്സ്‌ക്രിപ്ഷന്‍ ഫീസ് അടക്കാനും കഴിയും. യുപിഐ സര്‍ക്കിള്‍ എന്ന നിലവിലെ ഫീച്ചറാണ് കാറുമായി ബന്ധിപ്പിക്കുന്നത്. ടാറ്റ ഹാരിയര്‍ ഇവിയുടെ ഡിജിറ്റല്‍ സ്‌ക്രീനിലൂടെ ഇലക്ട്രിക് ചാര്‍ജിങ് ഫീസ് അടക്കുന്നതിന്റെ ഡെമോയാണ് എന്‍പിസിഐ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ചത്. ഒരുതവണ ഒടിപി നല്‍കി യുപിഐ കാറില്‍ ക്രമീകരിച്ചാല്‍ പെയ്മെന്റ് ആവശ്യമായി വരുമ്പോഴൊക്കെ ഒന്നു വിരല്‍തൊട്ടാല്‍മതി.
യു.പി.ഐ. റിസര്‍വ് പേ, ബാങ്കിങ് കണക്ട്, യു.പി.ഐ ഹെല്‍പ്, സ്മാര്‍ട് ഗ്ലാസ് വഴി പണമിടപാട്, യു.പി.ഐ. വഴി ഡോളര്‍ വാങ്ങല്‍ എന്നിങ്ങനെ നിരവധി സാങ്കേതിക രീതികളാണ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ഉല്‍പന്നമോ സേവനമോ വാങ്ങുന്ന ആപ്പുകളില്‍ നിശ്ചിത തുക ബ്ലോക്ക് ചെയ്തിടാനുള്ള സൗകര്യമാണ് യുപിഐ റിസര്‍വ് പേ. ഇന്റര്‍നെറ്റ് ബാങ്കിങ് കൂടുതല്‍ എളുപ്പമാക്കാനുള്ള ഫീച്ചറാണ് ബാങ്കിങ് കണക്ട്. പല വെബ് സൈറ്റുകളിലേക്കും മറ്റും പണമടയ്ക്കുമ്പോള്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ആണ് പേയ്മെന്റ് രീതിയായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരോ തവണയും ലോഗിന്‍ ചെയ്ത് ഒടിപി നല്‍കി വേണം ഇടപാട് പൂര്‍ത്തിയാക്കാന്‍. അതിന് പകരം, ബാങ്കിങ് കണക്ട് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ബാങ്കിങ് തിരഞ്ഞെടുത്താല്‍ നേരിട്ട് ബാങ്ക് ആപ്പ് തുറക്കും.
പേയ്മെന്റുകള്‍, മാന്‍ഡേറ്റ് (തുടര്‍ച്ചയായ പേയ്മെന്റുകള്‍) പരാതി പരിഹാരം തുടങ്ങിയ സംബന്ധിച്ച നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ് ഫോം ആണ് യുപിഐ ഹെല്‍പ്. സ്മാര്‍ട് ഗ്ലാസ് ഉപയോഗിച്ച് നോക്കിയാല്‍ യു.പി.ഐ പണമിടപാട് നടത്താനാവുന്ന പുതിയ കാലത്തിന്റെ രീതിയാണ് ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ച മറ്റൊന്ന്. ഫോണിന്റെ ക്യാമറ തുറന്ന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനു പകരം, ഇനി സ്മാര്‍ട് ഗ്ലാസുള്ളവര്‍ അതുവച്ച് ക്യുആര്‍ കോഡിലേക്ക് ഒന്ന് നോക്കിയാല്‍ മതി, പണമിടപാട് നടക്കും. മെറ്റ സ്മാര്‍ട്ഗ്ലാസ് ഉപയോഗിച്ച് എന്‍.പി.സി.ഐ. ഇതിന്റെ ഡെമോ അവതരിപ്പിച്ചു. ക്യുആര്‍ കോഡിലേക്ക് നോക്കിയിട്ട് എത്ര രൂപയടയ്ക്കണമെന്ന് വോയ്സ് കമാന്‍ഡ് നല്‍കിയാല്‍ പണമിടപാട് സാധ്യമാകും. ഒരിടപാടില്‍ 1,000 രൂപ വരെ ഇങ്ങനെ അടയ്ക്കാം. ‘യുപിഐ ലൈറ്റ്’ സൗകര്യമാണ് സ്മാര്‍ട് ഗ്ലാസുമായി ബന്ധിപ്പിക്കുന്നത്.
