Indian Cooperator

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

**  കാര്‍ഷികസ്റ്റാര്‍ട്ടപ്പുകള്‍ക്കായി
    750 കോടിയുടെ അഗ്രിഷുവര്‍ഫണ്ടിനു തുടക്കം

**  സ്റ്റാര്‍ട്ടപ്പുകളില്‍ 300 കോടി രൂപ
     നിക്ഷേപിക്കും

**   80100 കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ
     സഹായിക്കാന്‍ നബാര്‍ഡ്
     ധനസഹായം അനുവദിക്കും

ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) അടിസ്ഥാനസൗകര്യവികസനപദ്ധതികളും ഹരിതബോണ്ടുകളുംവഴി 10,000 കോടി രൂപ സമാഹരിക്കും. നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി അറിയിച്ചതാണിത്. അഗ്രിഷുവര്‍ഫണ്ട് പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ എ.എന്‍.ഐ.യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യവികസനത്തോടൊപ്പം പ്രതികൂലകാലാവസ്ഥയോടുള്ള പ്രതിരോധവും ലക്ഷ്യമിട്ടുള്ളതായിരിക്കും ഹരിതബോണ്ടുകള്‍. 10 വര്‍ഷമായിരിക്കും കാലാവധി. കഴിഞ്ഞവര്‍ഷം സാമൂഹികഫലക്ഷമതാബോണ്ടുകളിലൂടെ നബാര്‍ഡ് 1040.50 കോടി സമാഹരിച്ചിരുന്നു. ‘എഎഎ’ റേറ്റിങ്ങുള്ളതും ഇന്ത്യന്‍രൂപയിലുള്ളതുമായ ഈ ബോണ്ടുകളുടെ പ്രതീക്ഷിതവരുമാനനിരക്ക് 7.63 ശതമാനമാണ്.

നബാര്‍ഡ് കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന 750 കോടി രൂപയുടെ പദ്ധതിയാണ് അഗ്രിഷുവര്‍ഫണ്ട്. കാര്‍ഷികരംഗത്തേക്കു യുവാക്കളെ ആകര്‍ഷിച്ചു കാര്‍ഷികസ്റ്റാര്‍ട്ടപ് രംഗം ഊര്‍ജസ്വലമാക്കലാണു ലക്ഷ്യം. കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ ഇതിന്റെയും കൃഷിനിവേശ് പോര്‍ട്ടലിന്റെയും  ഉദ്ഘാടനം നിര്‍വഹിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനും വിളവെടുപ്പനന്തരനഷ്ടങ്ങള്‍ കുറയ്ക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫണ്ടിന്റെ സഹായം ലഭിക്കും. 300 കോടിരൂപ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കും. ബാക്കി 450 കോടി കൃഷിയിലും അനുബന്ധമേഖലകളിലുമുള്ള സംരംഭകനിക്ഷേപകരെ സഹായിക്കാന്‍ ചെലവാക്കും. നബാര്‍ഡും കൃഷികുടുംബക്ഷേമമന്ത്രാലയവും 250 കോടി രൂപ വീതമാണു ഫണ്ടില്‍ നിക്ഷേപിക്കുക. ബാക്കി ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും സ്വകാര്യനിക്ഷേപകരിലുംനിന്നു സമാഹരിക്കും.

നബാര്‍ഡിന്റെ ഉപകമ്പനിയായ നാബ് വെഞ്ച്വേഴ്‌സാണ് അഗ്രിഷുവര്‍ കൈകാര്യം ചെയ്യുക. 10 കൊല്ലത്തേക്കുള്ള പദ്ധതിയാണിത്. ആവശ്യമെങ്കില്‍ രണ്ടു കൊല്ലംകൂടി നീട്ടും. സംഭരണശാലകള്‍, കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍, സംസ്‌കരണശാലകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുകവഴി വിളവെടുപ്പനന്തരനഷ്ടം കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പ്രാദേശികഗ്രാമീണസമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യാനാവും. അഞ്ചു വര്‍ഷത്തിനകം എട്ടുമുതല്‍ 10വരെ കോടി രൂപ മുതല്‍മുടക്കുള്ള 80നും 100നുമിടയില്‍ കാര്‍ഷികസ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായം നല്‍കാന്‍ നബാര്‍ഡ് ധനസഹായം നല്‍കുമെന്നു ഷാജി പറഞ്ഞു. കാലാവസ്ഥാപ്രതിരോധശേഷിയുള്ള സംവിധാനങ്ങള്‍ നടപ്പാക്കുന്നതും ജൈവക്കൃഷിയിലധിഷ്ഠിതവുമായ ഗ്രാമീണ കാര്‍ഷിക സസംരംഭങ്ങളായിരിക്കുമെന്നതിനാലാണു സ്റ്റാര്‍ട്ടപ്പുകള്‍ക്കു മുന്‍ഗണന.

പദ്ധതിനിര്‍ദേശങ്ങള്‍ വിലയിരുത്താന്‍ നിക്ഷേപസമിതിയുണ്ടാകും. കാര്‍ഷികസര്‍വകലാശാലകളുമായും സംസ്ഥാനസര്‍ക്കാര്‍വകുപ്പുകളുമായുംമറ്റും സഹകരിച്ചാവും പദ്ധതി നടപ്പാക്കുക. ഭൂപ്രദേശാധിഷ്ഠിത കാലാവസ്ഥാപ്രതിരോധകാര്‍ഷികപദ്ധതികളെയാണു പ്രോത്സാഹിപ്പിക്കുക. ഡിജിറ്റീകൃതമായ 11 കാര്‍ഷികമൂല്യസംവര്‍ധനാശൃംഖലകള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കിവരുന്നുണ്ടെന്നും ഷാജി പറഞ്ഞു.

Related posts

കമ്മീഷനില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പണം ലഭിക്കും; സ്ഥാപനങ്ങള്‍ക്കും സേവനം

Indian Cooperator

രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം

Indian Cooperator

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator