കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ) ഗള്‍ഫ്മാര്‍ക്കറ്റും കടന്ന് വിപണി വ്യാപിപ്പിക്കുന്നു. ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലാണു മില്‍മ പുതുതായി പാലുത്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ചു ഭക്ഷ്യവ്യവസായരംഗത്തെ പ്രമുഖ ബ്രാന്റായ കോഴിക്കോട്ടെ ആര്‍ജി ഫുഡ്‌സുമായും മിഡ്‌നൈറ്റ്‌സണ്‍ ഗ്ലോബലുമായും മില്‍മ കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയുടെ സാന്നിധ്യത്തില്‍ കെ.സി.എം.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫും ആര്‍ജി ഫുഡ്‌സിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിഷ്ണു ജി.യും മിഡ്‌നൈറ്റ്‌സണ്‍ ഗ്ലോബലിന്റെ ഉടമ ബിന്ദു ഗണേഷ്‌കുമാറുമാണു ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തുടക്കത്തില്‍ പനീര്‍, പായസം മിക്‌സ്, ഡെയറി വൈറ്റ്‌നര്‍ എന്നിവയാണു മില്‍മ ഇരുരാജ്യങ്ങളിലേക്കും കയറ്റിയയക്കുക. ഗതാഗതവും വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആര്‍ജി ഫുഡ്‌സും പ്രവര്‍ത്തനങ്ങളുടെ ഏകോപനം മിഡ്‌നൈറ്റ്‌സണ്‍ ഗ്ലോബലും നിര്‍വഹിക്കും.
പ്രമുഖ വികസിതരാഷ്ട്രമായ ഓസ്‌ട്രേലിയയില്‍ 2.7 കോടിയും തെക്കുപടിഞ്ഞാറെ ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ ന്യൂസിലന്റില്‍ 52.51 ലക്ഷവുമാണു ജനസംഖ്യ. വന്‍കിട ക്ഷീരവ്യവസായങ്ങളുള്ള ഓസ്‌ട്രേലിയയില്‍ വിവിധതരത്തില്‍പ്പെട്ട പാലുത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. വിപുലമായ തോതില്‍ ക്ഷീരവ്യവസായങ്ങളുള്ള ന്യൂസിലന്റ് പാല്‍പ്പൊടിയും വെണ്ണയും കയറ്റിയയക്കുന്ന രാജ്യംകൂടിയാണ്.
വിദേശവിപണിയില്‍ എത്താനുള്ള മില്‍മയുടെ പ്രവര്‍ത്തനങ്ങളിലെ ഒരു നാഴികക്കല്ലാണു പുതിയ ധാരണാപത്രമെന്നു ചെയര്‍മാന്‍ കെ.എസ്. മണി അഭിപ്രായപ്പെട്ടു. മില്‍മബ്രാന്റ് ഉത്പന്നങ്ങള്‍ക്കു പ്രമുഖ ഗള്‍ഫ്‌രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ചു മലയാളികള്‍ക്കിടയില്‍, നല്ല സ്വീകാര്യതയുണ്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും വലിയൊരു വിഭാഗം പ്രവാസിഇന്ത്യക്കാരുണ്ട് – അദ്ദേഹം പറഞ്ഞു. മില്‍മയുടെ ലാഭത്തിന്റെ 92.5 ശതമാനവും ലഭിക്കുന്ന ക്ഷീരകര്‍ഷകര്‍ക്കാണു പുതിയ ഇടപാടിലൂടെ ഗുണം കിട്ടുകയെന്നു ചെയര്‍മാന്‍ പറഞ്ഞു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 4327 കോടി രൂപയാണു മില്‍മയുടെ വിറ്റുവരവ്.
ഈ രണ്ടു രാജ്യങ്ങളിലേക്കും ഭാവിയില്‍ കൂടുതല്‍ മില്‍മഉത്പന്നങ്ങള്‍ കയറ്റിയയക്കാന്‍ പദ്ധതിയുണ്ടെന്നു മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് പറഞ്ഞു. അന്താരാഷ്ട്ര ഗുണനിലവാരമനുസരിച്ചായിരിക്കും മില്‍മ ഇവിടേക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുക – അദ്ദേഹം പറഞ്ഞു.
