സഹകരണമേഖലയുടെ ആധുനികവല്‍ക്കരണത്തിന് ഒട്ടേറെ ചര്‍ച്ചകളാണ് നടക്കുന്നത്. സഹകരണ സംഘങ്ങളിലൂടെയും വകുപ്പിലൂടെയും ലഭിക്കുന്ന എല്ലാസേവനങ്ങളും പൊതുജനങ്ങള്‍ക്ക് അറിയുന്നതിന് ഒരു മൊബൈല്‍ ആപ്പ് പുറത്തിറങ്ങുകയാണ്. ഇതിനുള്ള നടപടി സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിച്ചുകഴിഞ്ഞു. സഹകരണ വകുപ്പ് നടത്തിയ വികസന സെമിനാറില്‍ ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നിരുന്നു. സംഘങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍, ക്യൂആര്‍ കോഡ് അധിഷ്ഠിത ഇടപാടുകള്‍ ഒരുക്കുക, ബയോമെട്രിക്ക് അടിസ്ഥാനമാക്കി മൈക്രോ എ.ടി.എമ്മുകള്‍ നടപ്പാക്കുക, കേരള ബാങ്ക് ഡിജിറ്റല്‍ സേവനങ്ങള്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ മുഖേന നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സൈബര്‍ സുരക്ഷയുടെ ഭാഗമായി സഹകരണമേഖലയില്‍ സ്വന്തമായി സെര്‍വറുകള്‍, ക്ലൗഡ് സംവിധാനം, വാണിജ്യ മേഖലയില്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം രൂപീകരിച്ച് സേവനങ്ങള്‍ നല്‍കുക, സഹകരണ മേഖലയിലെ മുഴുവന്‍ ജീവനക്കാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്പാര്‍ക്ക് രീതിയില്‍ ഡാറ്റാ ബാങ്ക് രൂപവത്കരിക്കുക, സംഘങ്ങളില്‍ ഇലക്ട്രോണിക് റിക്കോര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സെമിനാറില്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു.
ഭരണനടപടികളില്‍ സുതാര്യത ഉറപ്പാക്കുന്നതിന് യോഗത്തില്‍തന്നെ മിനുറ്റ്‌സ് രേഖപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നിര്‍ബന്ധമാക്കണം. ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പ്രഫഷണല്‍ പരിശീലനം നല്‍കണം. സാങ്കേതിക സഹായം നല്‍കുന്നതിന് ജില്ലാതലത്തില്‍ സമിതി രൂപീകരിക്കണം. പൊതുവായ സോഫ്റ്റ് വെയര്‍, ക്ലാസിഫിക്കേഷന് പൊതുമാനദണ്ഡങ്ങള്‍, ഏകീകൃത പര്‍ച്ചേസ് മാന്വല്‍ തുടങ്ങിയവ ഏര്‍പ്പെടുത്തണം എന്നിങ്ങനെയും ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
