Indian Cooperator

ഡ്യൂട്ടിസമയം എല്ലാവകുപ്പുകളിലും അടിയന്തരമായി നടപ്പാക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ്; പുതിയ നിയമനങ്ങള്‍ക്കും നിയന്ത്രണം

നൈറ്റ് വാച്ച്മാന്‍ മാരുടെ ഡ്യൂട്ടി സമയം നിശ്ചയിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പ് ഉത്തരവ്. കേരള ലാസ്റ്റ് ഗ്രേഡ് സര്‍വീസ് വിശേഷാല്‍ചട്ടങ്ങളിലെ ചട്ടം ഒന്ന് കാറ്റഗറി രണ്ടി (കെ) ല്‍പെടുന്ന വാച്ചര്‍ / നൈറ്റ് വാച്ച്മാന്മാരുടെ ജോലിസമയം ആഴ്ചയില്‍ 48 മണിക്കൂറായി ക്രമീകരിക്കണമെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നൈറ്റ് വാച്ച്മാന്മാരുടെ ജോലിക്രമീകരണവുമായി ബന്ധപ്പെട്ട് കോടതിയും സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചതിന്റെയും സര്‍ക്കാരിനു കിട്ടിയ നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണു പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ നൈറ്റ് വാച്ച്മാനായി ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ്സമയം അവസാനിക്കുന്നതുമുതല്‍ പിറ്റേന്ന് ഓഫീസ് ആരംഭിക്കുന്നതുവരെ ഡ്യൂട്ടിയെടുക്കേണ്ടി വരുന്നുണ്ടെന്നു സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഇതിനു മാറ്റം വരുത്തേണ്ടതുണ്ടെന്നും ജോലിസമയം ആഴ്ചയില്‍ 48 മണിക്കൂര്‍ എന്നു ക്രമീകരിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു. അതിനാലാണ് എല്ലാ വകുപ്പുകള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. എല്ലായിടത്തും പുതിയ നിരീക്ഷണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ നൈറ്റ് വാച്ച്മാന്റെ തസ്തിക ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.

എല്ലാ വകുപ്പുകളും അതിനു കീഴിലുള്ള ഏതെല്ലാം സര്‍ക്കാരാപ്പീസുകളിലാണു നൈറ്റ് വാച്ച്മാന്റെ സേവനം വേണ്ടതെന്ന് ആദ്യം വിലയിരുത്തണം. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളും പ്രധാനരേഖകളും സൂക്ഷിക്കുന്ന ഓഫീസുകളില്‍മാത്രമായി നൈറ്റ് വാച്ച്മാന്റെ തസ്തിക നിജപ്പെടുത്തണമെന്നതാണു പ്രധാനനിര്‍ദേശം. സി.സി.ടി.വി / പോലീസ് സര്‍വെയലന്‍സ് തുടങ്ങിയവ ഏര്‍പ്പെടുത്താന്‍ കഴിയുന്ന ഓഫീസുകളില്‍ കഴിവതും നൈറ്റ് വാച്ച്മാന്‍ തസ്തിക ഒഴിവാക്കണം. KEXCON മുഖേനയോ മറ്റുവിധത്തിലോ സെക്യൂരിറ്റിജീവനക്കാരെ നിയോഗിച്ചിട്ടുള്ള ഓഫീസുകളില്‍ നൈറ്റ് വാച്ച്മാന്‍തസ്തിക പൂര്‍ണമായും ഒഴിവാക്കണമെന്നു ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

വിവിധ ഓഫീസുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയങ്ങളില്‍ എത്ര നൈറ്റ് വാച്ച്മാന്മാരെ ആവശ്യമുണ്ടെന്നും അത് ഏതു ഓഫീസുകളിലാണു വേണ്ടതെന്നും ഓഫീസ്മേധാവികള്‍ കൂടിയാലോചിച്ചു തീരുമാനിക്കണം. ഒരു ദിവസം പരമാവധി രണ്ടു വാച്ച്മാന്മാരിലധികം ഡ്യൂട്ടിയില്‍ വരാതിരിക്കാനാവശ്യമായ ക്രമീകരണം നടത്തണം.

ഉത്തരവിലുള്ള ക്രമീകരണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഈ ക്രമീകരണത്തിനുശേഷവും നൈറ്റ് വാച്ച്മാന്‍ തസ്തികകള്‍ അധികമായോ കുറവായോ കണ്ടെത്തിയാല്‍ അതിന്റെ വിശദാംശങ്ങള്‍ ഭരണവകുപ്പുകളുടെ ശിപാര്‍ശയോടെ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിനു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Related posts

മില്‍മയില്‍ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 14 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

Indian Cooperator

വായ്പ വീട്ടുപടിക്കല്‍ എത്തിച്ചു കൊടുക്കുന്ന പദ്ധതിയുമായി കേരള ബാങ്ക്

Indian Cooperator

എന്‍.സി.ഡി.സി. ഭേദഗതി ബില്ലിന് പിന്നില്‍ ഗൂഢ ലക്ഷ്യം- കോലിയക്കോട്

Indian Cooperator
error: Content is protected !!