** താലൂക്ക്തല സഹകരണാശുപത്രികളില്‍
സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനം
** ജില്ലാകേന്ദ്രങ്ങളില്‍ എം.ആര്‍.ഐ.
സ്‌കാനിങ് സെന്റര്‍
** ഡയാലിസിസ് കേന്ദ്രങ്ങളും
മെഡിക്കല്‍ ലാബുകളും സ്ഥാപിക്കും
സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സഹകരണാശുപത്രികള്‍ സ്ഥാപിക്കാനും എല്ലാ പഞ്ചായത്തുകളിലും സഹകരണബാങ്കുകളുടെ നേതൃത്വത്തില്‍ ഫാമിലി ക്ലിനിക്കുകളും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും നടപ്പാക്കാനും കൊല്ലത്തു ചേര്‍ന്ന സഹകരണ ആരോഗ്യ കോണ്‍ക്ലേവ് തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കൊല്ലം എന്നിവയൊഴികെയുള്ള ജില്ലകളില്‍ ജില്ലാ കൗണ്‍സില്‍ 300 കിടക്കയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാണു സ്ഥാപിക്കുക. നിലവിലെ താലൂക്ക്തല സഹകരണാശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിസംവിധാനങ്ങളോടെ വിപുലീകരിക്കാനും ജില്ലാകേന്ദ്രങ്ങളില്‍ എം.ആര്‍.ഐ. സ്‌കാനിങ് സെന്ററുകളടക്കം സ്ഥാപിക്കാനും കോണ്‍ക്ലേവില്‍ തീരുമാനമായി.
വിഷന്‍ 2031 ന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് സഹകരണമേഖലയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ആരോഗ്യപദ്ധതിയെക്കുറിച്ചാണു കൊല്ലം എന്‍.എസ്. സഹകരണാശുപത്രിയില്‍ ഫെബ്രുവരി 19 നു നടന്ന സഹകരണ ആരോഗ്യ കോണ്‍ക്ലേവ് ചര്‍ച്ച നടത്തിയത്. എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ആരോഗ്യപരിപാലനപദ്ധതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണ, ആരോഗ്യമേഖലകളിലെ പ്രതിനിധികളും സഹകരണവകുപ്പുദ്യോഗസ്ഥരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.
കൂടുതല്‍ നിക്ഷേപമുള്ള സഹകരണബാങ്കുകളുടെ ജില്ലാതല കണ്‍സോര്‍ഷ്യമുണ്ടാക്കിയാവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കുക. ഇതിനായി ജില്ലാതലങ്ങളില്‍ സഹകാരികളെ വിളിച്ചുകൂട്ടി വിശദമായ പദ്ധതിരേഖ തയ്യാറാക്കും. ഫാമിലിക്ലിനിക്കിനൊപ്പം പാലിയേറ്റീവ് പരിചരണം, വീട്ടില്‍ചെന്നുള്ള പരിചരണം, ജിംനേഷ്യം, യോഗപരിശീലനം എന്നിവയും ഒരുക്കും. രോഗപ്രതിരോധപ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ഓരോ സഹകരണസംഘവും പ്രത്യേക ടീമുണ്ടാക്കും. ഡയാലിസിസ് കേന്ദ്രങ്ങള്‍, മെഡിക്കല്‍ ലാബറട്ടറി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ എന്നിവയും ഘട്ടംഘട്ടമായി സ്ഥാപിക്കാന്‍ തീരുമാനമായി. കൊല്ലം എന്‍.എസ്. സഹകരണാശുപത്രിയിലെയും പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രിയിലെയും മാനേജ്‌മെന്റ്‌വൈദഗ്ധ്യവും മെഡിക്കല്‍സഹായവും പദ്ധതിക്കായി ലഭ്യമാക്കും.
കോണ്‍ക്ലേവ് എം. നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.എസ്. സഹകരണാശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ക്ലേവിന്റെ ലക്ഷ്യങ്ങളുടെ രൂപരേഖ സഹകരണസംഘം രജിസ്ട്രാര്‍ ഡി. സജിത്ബാബു അവതരിപ്പിച്ചു. സംസ്ഥാന സഹകരണയൂണിയന്‍ മാനേജിങ് കമ്മിറ്റിയംഗം കെ. രാജഗോപാല്‍, പ്രമുഖ സഹകാരി എം. ഗംഗാധരക്കുറുപ്പ്, കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, എംപ്ലോയീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.വി. പ്രമോദ്, എന്‍.എസ്. സഹകരണാശുപത്രി സെക്രട്ടറി പി. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. സമാപനസമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ലോകത്തെ മികച്ച സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതു കേരളത്തിലാണെന്നും സഹകരണ ആരോഗ്യ കോണ്‍ക്ലേവിലൂടെ കിട്ടുന്ന പുതിയ ആശയങ്ങള്‍ സഹകരണമേഖലയ്ക്കു കൂടുതല്‍ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്. സഹകരണാശുപത്രി വൈസ് പ്രസിഡന്റ് എ. മാധവന്‍പിള്ള, അബ്ദുറഹിമാന്‍ രണ്ടത്താണി, എ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ചു സെമിനാറുകളും നടന്നു. ആരോഗ്യമേഖലയിലേക്കു വിദേശമൂലധനത്തിന്റെ കടന്നുവരവും കേരളത്തിന്റെ സഹകരണബദലും, ഗ്രാമീണാരോഗ്യനിര്‍വഹണത്തില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്ക്, സഹകരണാരോഗ്യസ്ഥാപനങ്ങളുടെ സാധ്യതകളും രൂപവത്കരണവും നടത്തിപ്പും, സഹകരണാരോഗ്യമേഖലയുടെ മൂലധനശേഖരണവും ധനസഹായവും എന്നീ വിഷയങ്ങളിലായിരുന്നു സെമിനാര്‍. ആഗോളഭീമന്മാര്‍ ആശുപത്രികളിലേക്കും കടന്നുകയറിയിരിക്കുകയാണെന്ന ആശങ്ക സെമിനാറില്‍ സംസാരിച്ചവര്‍ പങ്കുവെച്ചു. കേരളത്തിലെ പല മുന്‍നിര സ്വകാര്യാശുപത്രികളെയും ബഹുരാഷ്ട്രക്കമ്പനികള്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. അവരുടെ ചൂഷണത്തില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു ബദല്‍മാര്‍ഗം കൂടിയേ തീരൂ എന്നും സഹകരണാശുപത്രികള്‍ക്കേ അതിനു സാധിക്കൂ എന്നുമുള്ള കാഴ്ചപ്പാടാണു സെമിനാറില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചത്. സഹകരണാരോഗ്യസ്ഥാപനങ്ങളുടെ സാധ്യതകളും രൂപവത്കരണവും അവയുടെ നടത്തിപ്പും ആലോചനാവിഷയമാക്കിയ സെമിനാറില്‍ പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രി ജനറല്‍ മാനേജര്‍ എം. അബ്ദുന്നാസിര്‍ വിഷയം അവതരിപ്പിച്ചു.
ബാങ്കുകള്‍, കണ്‍സോര്‍ഷ്യം, സഹകരണബാങ്കുകളുടെ കൂട്ടായ്മ, സഹകാരികള്‍ എന്നിവരുടെ സഹായത്തോടെ ഫണ്ടുകള്‍ കണ്ടെത്തി സര്‍ക്കാര്‍സഹായത്തോടെ വിഭവസമാഹരണം നടത്തണമെന്നു സഹകരണാരോഗ്യമേഖലയിലെ മൂലധനസമാഹരണത്തെക്കുറിച്ചുള്ള സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഗ്രാമീണാരോഗ്യനിര്‍വഹണത്തില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്ക് എന്നതിനെ ആസ്പദമാക്കി നടന്ന സെമിനാറില്‍ തിരുവനന്തപുരം ആര്‍.സി.സി.യിലെ ഡോ. സി.വി. പ്രശാന്ത് വിഷയമവതരിപ്പിച്ചു.
