Indian Cooperator

പുതിയ അര്‍ബന്‍ബാങ്കുകള്‍തത്കാലം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പുതുതായി ലൈസന്‍സുകള്‍ അനുവദിക്കാമോ എന്നതിനെക്കുറിച്ചു റിസര്‍വ് ബാങ്ക് മുന്‍കൈയെടുത്ത് ആലോചനകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പുതിയ അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശങ്ങളൊന്നും ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പുതിയ അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു എന്ന് ഈയിടെ വാര്‍ത്തകളുണ്ടായിരുന്നു.

ചെറുകിട കച്ചവടക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും പ്രാദേശികസംരംഭകരുടെയും സ്വയംതൊഴില്‍ കണ്ടെത്തുന്നവരുടെയുമൊക്കെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്ന അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു രാജ്യത്തിന്റെ ബാങ്കിങ്സംവിധാനത്തില്‍ പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ടെന്നു മന്ത്രി ചൗധരി അഭിപ്രായപ്പെട്ടു. സഹകരണതത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ബാങ്കുകള്‍ സമൂഹാധിഷ്ഠിത ബാങ്കിങ്ങിലും നഗരഅര്‍ധനഗരപ്രദേശങ്ങളില്‍ കമേഴ്സ്യല്‍ബാങ്കുകള്‍ നിര്‍വഹിക്കുന്നതിനു സമാനമായി പ്രാദേശികതലത്തിലുള്ള വായ്പാവിതരണത്തിലുമാണു പരമ്പരാഗതമായി ശ്രദ്ധയൂന്നുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ബന്‍ബാങ്കുകളുടെ ഭാവിയിലെ സമീപനങ്ങളെക്കുറിച്ചുള്ള വിശാലമായൊരു വിലയിരുത്തലിനു റിസര്‍വ് ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും പുതുതായി അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ പെട്ടെന്നൊന്നും സാധ്യതയില്ലെന്നു മന്ത്രി പറഞ്ഞു.

പുതിയ അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതുസംബന്ധിച്ചു പൊതുജനങ്ങളില്‍നിന്നു പ്രതികരണങ്ങള്‍ തേടിക്കൊണ്ട് ഇക്കഴിഞ്ഞ ജനുവരി 13 നു റിസര്‍വ് ബാങ്ക് ഒരു ചര്‍ച്ചാകുറിപ്പ് ( ഡിസ്‌കഷന്‍ പേപ്പര്‍ ) പുറത്തിറക്കുകയുണ്ടായി. ( ഒരു പുതിയ നയമോ നിയമമോ പരിഷ്‌കരണമോ നടപ്പാക്കുന്നതിനു മുന്നോടിയായി അതിലെ പ്രധാനവിഷയങ്ങള്‍ വിശദീകരിക്കുന്നതിനും പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനുമാണു ഡിസ്‌കഷന്‍ പേപ്പര്‍ അവതരിപ്പിക്കുന്നത് ). കൃത്യമായ പരിശോധനകളും സഹകരണബാങ്കിങ്മേഖലയിലുള്ളവരുടെ കാഴ്ചപ്പാടുകളും നിയന്ത്രണംസംബന്ധിച്ച നിര്‍ദേശങ്ങളുമൊക്കെ പരിഗണിച്ചശേഷമേ അര്‍ബന്‍ബാങ്കുകള്‍ക്കു പുതുതായി ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളു. നിലവിലുള്ള അര്‍ബന്‍ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മന്ത്രി പറഞ്ഞു.

2004 നുശേഷം വീണ്ടും അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ റിസര്‍വ്ബാങ്ക് ആലോചിക്കുന്നതായാണു ജനുവരിയില്‍ വാര്‍ത്ത വന്നത്. പത്തു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനപാരമ്പര്യവും 300 കോടി രൂപ മൂലധനവുമുള്ള സഹകരണസംഘങ്ങള്‍ക്ക് അര്‍ബന്‍ബാങ്കാവാന്‍ അവസരം വരുന്നു എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. പുതുതായി അര്‍ബന്‍ബാങ്ക് ലൈസന്‍സനുവദിക്കുന്നതിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടാന്‍ റിസര്‍വ് ബാങ്ക് ജനുവരി 13 നു ചര്‍ച്ചാകുറിപ്പ് പ്രസിദ്ധീകരിച്ചതാണു സഹകരണമേഖലയില്‍ ചര്‍ച്ചാവിഷയമായത്. ഇക്കാര്യത്തില്‍ ഫെബ്രുവരി 13 വരെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരവും നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ സഹകരണമേഖലയിലുണ്ടായ അനുകൂലസംഭവവികാസങ്ങളും സഹകരണമേഖലയില്‍നിന്നുള്ള ഡിമാന്റും പരിഗണിച്ചു റിസര്‍വ് ബാങ്ക് പുതിയ ലൈസന്‍സുകളെക്കുറിച്ചാലോചിക്കുന്നു എന്നാണു വിലയിരുത്തപ്പെട്ടത്. ചര്‍ച്ചാകുറിപ്പില്‍ പ്രധാനമായും രണ്ടു ചോദ്യങ്ങളാണു മുന്നോട്ടുവെച്ചിരുന്നത്. അര്‍ബന്‍ ബാങ്കുകള്‍ക്കു ലൈസന്‍സ് വീണ്ടും നല്‍കുന്നതിനുള്ള ശരിയായ സമയമാണോ ഇത് എന്നതായിരുന്നു ഒരു ചോദ്യം. അഥവാ ലൈസന്‍സ് പുനരാരംഭിക്കുകയാണെങ്കില്‍ അര്‍ഹതയ്ക്കുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാവണം എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

അര്‍ബന്‍ബാങ്കുകള്‍ക്കു വീണ്ടും ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ വര്‍ക്കിങ്ഗ്രൂപ്പുകള്‍ നല്‍കിയിട്ടുള്ള ശിപാര്‍ശകളും ഡിസ്‌കഷന്‍ പേപ്പറില്‍ കൊടുത്തിരുന്നു. 300 കോടി രൂപ മൂലധനം, പത്തു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം, ബാങ്കിന്റെ സാമ്പത്തികശക്തി അളക്കുന്ന പ്രധാന അനുപാതമായ മൂലധന പര്യാപ്തതാ അനുപാതം 12 ശതമാനത്തില്‍ കുറയരുത്, നിഷ്‌ക്രിയ ആസ്തിയുടെ അനുപാതം മൂന്നു ശതമാനത്തില്‍ കൂടുതലാവരുത് തുടങ്ങിയവ വര്‍ക്കിങ്ഗ്രൂപ്പുകളുടെ ശിപാര്‍ശകളില്‍ ഉള്‍പ്പെട്ടിരുന്നു.

നിലവില്‍ രാജ്യത്ത് 1457 അര്‍ബന്‍ബാങ്കുകളാണുള്ളത്. 2025 മാര്‍ച്ച് 31 ലെ കണക്കാണിത്. പുതുതായി ലൈസന്‍സ് നേടിയ അര്‍ബന്‍ബാങ്കുകളില്‍ വലിയൊരു വിഭാഗം കുറഞ്ഞ കാലത്തിനുള്ളില്‍ത്തന്നെ സാമ്പത്തികഞെരുക്കത്തിലായി എന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു 2004 ല്‍ പുതിയ ലൈസന്‍സ് നല്‍കുന്നതു റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചത്.

Related posts

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator

സാമ്പത്തികരംഗത്തുസഹകരണമേഖലയുടെപങ്ക് കണക്കാക്കാന്‍ദ്രുത സര്‍വേ വരുന്നു

Indian Cooperator

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

Indian Cooperator