Indian Cooperator

ബാങ്കിങ് രംഗത്ത് വന്‍കിട വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാന്‍ പദ്ധതി തയ്യാറാക്കുന്നു

ബാങ്കിങ് രംഗത്ത് സമഗ്രപരിഷ്‌കാരത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാബാങ്കുകളില്‍ വിദേശ നിക്ഷേപം കൂട്ടാനും ഓഹരിഘടനയില്‍ മാറ്റംവരുത്താനുമാണ് ഒരു നീക്കം. രാജ്യത്തെ ബാങ്കിങ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതിനാണ് പൊതുമേഖല ബാങ്കുകളുടെ ഓഹരി ഘടനയില്‍ മാറ്റം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. നിലവില്‍ പൊതുമേഖല ബാങ്കുകളില്‍ 20 ശതമാനമാണ് അനുവദനീയമായ വിദേശ നിക്ഷേപം. ഈ പരിധി മാറ്റാനാണ് ഒരുങ്ങുന്നത്. മാറിയ കാലത്ത് മാറിയ രീതി സാമ്പത്തിക രംഗത്ത് വേണമെന്നാണ് ഇത് കേന്ദ്രത്തിന്റെ ന്യായീകരണം.

ഓഹരി ഘടനയില്‍ മാറ്റം വരുത്തിയാല്‍, അതുവഴി ബാങ്കിങ് രംഗത്ത് വന്‍കിട വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനാകുമെന്ന് കേന്ദ്രം കണക്ക് കൂട്ടുന്നു. എന്നാല്‍, വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ ബാങ്കിങ് രംഗം പൂര്‍ണമായി തുറന്നുകൊടുക്കുന്ന സമീപനത്തിന് ശക്തമായ എതിര്‍പ്പുയരാനുള്ള സാധ്യത കേന്ദ്രസര്‍ക്കാര്‍ കാണുന്നുണ്ട്. ഇതിനെ മറികടക്കാന്‍  പൊതുമേഖല ബാങ്കുകളിലെ കേന്ദ്രം വിഹിതം 51 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയെന്ന രീതിയാണ് സ്വീകരിക്കാന്‍ പോകുന്നത്. പൊതുമേകള ബാങ്കുകളുടെ നയപരമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍തന്നെയാകുമെന്ന് സ്ഥാപിക്കാനാണ് ഈ നടപടി.  നിലവില്‍ 20 ശതമാനവരെ  വിദേശ നിക്ഷേപം അനുവദിക്കുമെങ്കിലും പത്തുശതമാനത്തിന് മാത്രമാണ് വോട്ടവകാശമുള്ളത്. പുതിയ പരിധി എത്രവരെയാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ അധികം വൈകാതെ കേന്ദ്രത്തിന്റെ പ്രഖ്യാപനം വരുമെന്നാണ് കണക്കാക്കുന്നത്.  സ്വകാര്യ ബാങ്കുകളില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമാണ്.

പൊതുമേഖലാബാങ്കുകളുടെ ബോര്‍ഡില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുന്ന വിധത്തില്‍ വിദേശ നിക്ഷേപം എങ്ങനെ കൊണ്ടുവരാമെന്നതിനെ കുറിച്ചുള്ള ചട്ടക്കൂട് തയ്യാറാക്കുന്ന പണിപ്പുരയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നാണ് റിപ്പോര്‍ട്ട്.  2025 സപ്തംബര്‍ മാസം ആദ്യം ഡല്‍ഹിയില്‍ നടന്ന പിഎസ്ബി മന്ദന്‍ 2025 ല്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. 2047 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ബാങ്കുകളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ പൊതുമേഖലാബാങ്കുകളെ എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

പൊതുമേഖലാബാങ്കുകളുടെ ലയനവും കേന്ദ്രത്തിന്റെ മുമ്പിലുണ്ട്. കൂടുതല്‍ ബാങ്കുകളെ ലയിപ്പിച്ച് പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കാനാണ് പദ്ധതി. രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐയില്‍ നിലവില്‍ 10 ശതമാനാണ് വിദേശനിക്ഷേപമുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാബാങ്കുകളുടെ ലാഭം 1.78 ലക്ഷം കോടിയായിയരുന്നു. മുന്‍വര്‍ഷം ഇത് 1.04 ലക്ഷം കോടിയില്‍നിന്നാണ് ഈ വര്‍ദ്ധന. എസ്.ബി.ഐ. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്,  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, പഞ്ചാബാ ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് രാജ്യത്തെ പൊതുമേഖലാബാങ്കുകള്‍.

Related posts

എല്‍.ഐ.സി. അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Indian Cooperator

ഒരുകോടിയില്‍പരം രൂപയുടെ സൈബര്‍ തട്ടിപ്പ്; പ്രതിയെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു

Indian Cooperator

പണയ സ്വര്‍ണം മറ്റൊരിടത്ത് പണയംവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും

Indian Cooperator
error: Content is protected !!