കേരളത്തിലെ റേഷന്‍കാര്‍ഡുകളില്‍ മുന്‍ഗണനാപ്പട്ടികയില്‍നിന്നും അനര്‍ഹരെ കണ്ടുപിടിച്ച് ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥരുടെ സഹായം തേടി. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, അപക്‌സ് സംഘങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയിലെ ജീവനക്കാരുടെ റേഷന്‍കാര്‍ഡുകള്‍ പരിശോധിച്ച് മുന്‍ഗണനാകാര്‍ഡ് അല്ല എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഥവാ, അനര്‍ഹര്‍ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം ജീവനക്കാരുടെ കാര്‍ഡ് ആ വിഭാഗത്തില്‍നിന്നും മാറ്റാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കണം. ജീവനക്കാര്‍ ഇതനുസരിക്കുന്നില്ലെങ്കില്‍ താലൂക്ക് സപ്ലൈഓഫീസില്‍ രേഖാമൂലം അറിയിക്കണം.
സഹകരണസ്ഥാപനങ്ങളുടെ സെക്രട്ടറി / ചീഫ് എക്‌സിക്യുട്ടീവ് / മാനേജിങ് ഡയറക്ടര്‍ എന്നിവരാണു ജീവനക്കാരുടെ റേഷന്‍കാര്‍ഡുകള്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കേണ്ടത്.
ജോലിക്കാര്യം മറച്ചുവെച്ചോ അബദ്ധവശാലോ മുന്‍ഗണനാപ്പട്ടികയില്‍ കടന്നുകൂടിയ ജീവനക്കാരുടെ വിവരം റേഷന്‍കാര്‍ഡ് നമ്പര്‍സഹിതം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കു റിപ്പോര്‍ട്ടു ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ റേഷന്‍കാര്‍ഡ് ഇല്ല എന്ന് അറിയിച്ചാല്‍ അക്കാര്യം ജീവനക്കാരുടെ സത്യവാങ്മൂലം വാങ്ങി പരിശോധനയ്ക്കായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നതാണു മറ്റൊരു നിര്‍ദേശം.
സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, അപക്‌സ് സംഘങ്ങള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍നിന്നു വിരമിച്ച പെന്‍ഷന്‍കാരുടെയും ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവരുടെയും റേഷന്‍കാര്‍ഡുകള്‍ സഹകരണ പെന്‍ഷന്‍ബോര്‍ഡ് ഉദ്യോഗസ്ഥരാണു പരിശോധിക്കേണ്ടത്. മുന്‍ഗണനാപ്പട്ടികയില്‍ കടന്നുകൂടിയിട്ടുള്ളവരുടെ വിവരം റേഷന്‍കാര്‍ഡ് നമ്പര്‍സഹിതം ബന്ധപ്പെട്ട സപ്ലൈ ഓഫീസര്‍മാര്‍ക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നു സഹകരണസംഘം രജിസ്ട്രാറുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
ഭക്ഷ്യ, പൊതുവിതരണവകുപ്പ് മുന്‍ഗണന / മുന്‍ഗണനേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച് പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുന്‍ഗണനാപ്പട്ടികയില്‍ ഒട്ടേറെ അനര്‍ഹര്‍ കടന്നുകൂടിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാലാണു സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണസ്ഥാപനങ്ങളെയും ഇക്കാര്യം അറിയിക്കുന്നതെന്നു രജിസ്ട്രാര്‍ വ്യക്തമാക്കുന്നു.

