Indian Cooperator

സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിയമാവലിയുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

ഹകരണബാങ്കുകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്നും അവിടത്തെ ജീവനക്കാരെ തിരഞ്ഞെടുപ്പുജോലിക്കു നിയോഗിക്കാനാവില്ലെന്നും കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബംഗാളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ സഹകരണബാങ്ക് ജീവനക്കാരെ വിട്ടുതരണമെന്ന തിരഞ്ഞെടുപ്പുകമ്മീഷന്റെ ആവശ്യം തള്ളിക്കൊണ്ടാണു ജസ്റ്റിസ് കൃഷ്ണറാവു വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പുകമ്മീഷന്റെ നിര്‍ദേശത്തിനെതിരെ സഹകരണബാങ്ക്ജീവനക്കാരാണു ഹര്‍ജി നല്‍കിയത്.

പരാതിക്കാരുടെയടക്കം തിരഞ്ഞെടുപ്പുഡ്യൂട്ടിക്കുള്ള സഹകരണബാങ്ക്ജീവനക്കാരുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പുകമ്മീഷന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നാവശ്യപ്പെട്ട് 2025 സെപ്റ്റംബര്‍ 19 നു തിരഞ്ഞെടുപ്പുകമ്മീഷന്‍ നല്‍കിയ നോട്ടീസ് 2026 ജനുവരി ഏഴിനാണു കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. തിരഞ്ഞെടുപ്പു നടത്താനാവശ്യമായ സ്റ്റാഫിനെ അനുവദിക്കുന്ന നിയമത്തിന്റെ പരിധിയില്‍ സഹകരണമേഖല ഉള്‍പ്പെടില്ലെന്നും സഹകരണമേഖലയിലുള്ളതു സ്വയംഭരണസ്ഥാപനങ്ങളാണെന്നും ജസ്റ്റിസ് കൃഷ്ണറാവു വിധിയില്‍ വ്യക്തമാക്കി.

ബളഗേറിയ സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരാണു കേസിലെ ഹര്‍ജിക്കാര്‍. ഭരണഘടനയുടെ അനുച്ഛേദം ( ആര്‍ട്ടിക്കിള്‍ ) 324 ( 6 ) ലോ ജനപ്രാതിനിധ്യനിയമത്തിന്റെ സെക്ഷന്‍ 26 ലും 159 ലും വിവക്ഷിക്കുന്ന വിഭാഗങ്ങളിലോ സ്വയംഭരണസ്ഥാപനമായ സഹകരണബാങ്കുകളിലെ ജീവനക്കാര്‍ ഉള്‍പ്പെടുന്നില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോളിങ്‌സ്റ്റേഷനുകളില്‍ പ്രിസൈഡിങ് ഓഫീസര്‍മാരെ നിയോഗിക്കുന്നതിനെക്കുറിച്ചാണു സെക്ഷന്‍ 26 ല്‍ പറയുന്നത്. തിരഞ്ഞെടുപ്പുഡ്യൂട്ടിക്കായി സര്‍ക്കാരില്‍നിന്നു ജീവനക്കാരെ വിട്ടുതരണമെന്നു അഭ്യര്‍ഥിക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷനെ അധികാരപ്പെടുത്തുന്നതാണു സെക്ഷന്‍ 159. രജിസ്റ്റര്‍ ചെയ്യപ്പെട്ട സഹകരണബാങ്കായ ബളഗേറിയ സെന്‍ട്രല്‍ ബാങ്ക് സ്വന്തം നിയമാവലിയാലും തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ബോര്‍ഡിനാലും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ബാങ്കിന്മേല്‍ സംസ്ഥാനസര്‍ക്കാരിന് ഉടമസ്ഥതയോ നിയന്ത്രണമോ ഇല്ല. ഇതൊരു സ്വയംഭരണ, സ്വകാര്യസ്ഥാപനമായാണു പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളവും സര്‍വീസ്ആനുകൂല്യങ്ങളുമൊക്കെ സഹകരണബാങ്കിന്റെ സ്വന്തംഫണ്ടില്‍നിന്നാണു നല്‍കുന്നത്. അല്ലാതെ സംസ്ഥാന, കേന്ദ്രസര്‍ക്കാറുകളുടെ ഏതെങ്കിലും ഫണ്ടില്‍നിന്നല്ല ജസ്റ്റിസ് കൃഷ്ണറാവു വിധിയില്‍ നിരീക്ഷിച്ചു.

മേദിനിപ്പൂര്‍ ഈസ്റ്റ് ജില്ലാ തിരഞ്ഞെടുപ്പ്ഓഫീസര്‍ 2025 സെപ്റ്റംബര്‍ 19 നു പുറപ്പെടുവിച്ച വിജ്ഞാപനമാണു കേസിനിടയാക്കിയത്. വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കു നിയോഗിക്കാനുള്ള ജീവനക്കാരുടെ ഡേറ്റാബേസ് തയ്യാറാക്കാനായി ബളഗേറിയ സെന്‍ട്രല്‍ സഹകരണബാങ്കിലെ ജിവനക്കാരുടെ വിവരങ്ങളാണു തിരഞ്ഞെടുപ്പ്ഓഫീസര്‍ തേടിയത്. തുടര്‍ന്നാണ് തങ്ങളെ തിരഞ്ഞെടുപ്പുഡ്യൂട്ടിക്കായി വിളിക്കാനോ നിയോഗിക്കാനോ പാടില്ലെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മൂന്ന് അഭിഭാഷകരാണു ഹര്‍ജിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദങ്ങള്‍ ഇവയാണ്: സഹകരണബാങ്ക് ഒരു സര്‍ക്കാര്‍വകുപ്പോ പൊതുഅതോറിറ്റിയോ സര്‍ക്കാര്‍നിയന്ത്രിത സ്ഥാപനമോ അല്ല. സ്വന്തം നിയമാവലിയനുസരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു മാനേജിങ് കമ്മിറ്റിയാണു ബാങ്കിന്റെ ഭരണം കയ്യാളുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങളിലോ ജീവനക്കാരുടെ കാര്യത്തിലോ സംസ്ഥാന, കേന്ദ്രസര്‍ക്കാറുദ്യോഗസ്ഥര്‍ ഭരണപരമായോ അച്ചടക്കനടപടികള്‍വഴിയോ ഒരു നിയന്ത്രണവും ചെലുത്താറില്ല. ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റു സര്‍വീസ്ആനുകൂല്യങ്ങള്‍ എന്നിവ പൂര്‍ണമായും ബാങ്കിന്റെ സ്വന്തംഫണ്ടില്‍നിന്നാണു ചെലവഴിക്കുന്നത്. സംസ്ഥാന, കേന്ദ്രസര്‍ക്കാറുകളില്‍നിന്ന് എന്തെങ്കിലും സാമ്പത്തികസഹായമോ ബജറ്റിലെ നീക്കിയിരിപ്പോ സഹകരണബാങ്കിനു കിട്ടുന്നില്ല. തിരഞ്ഞെടുപ്പുജോലിക്കാവശ്യമായ സ്റ്റാഫിനെ നിയോഗിക്കാന്‍ രാഷ്ട്രപതിയെയോ ഗവര്‍ണറെയോ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ 324 ( 6 ) അനുച്ഛേദം തിരഞ്ഞെടുപ്പുകമ്മീഷന് ഇവിടെ ( സഹകരണസ്ഥാപനങ്ങളില്‍ ) ബാധകമാക്കാനാവില്ല. കാരണം, ഈ വ്യവസ്ഥ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ നിയന്ത്രണത്തിലുള്ള ജീവനക്കാര്‍ക്കുമാത്രം ബാധകമായതാണ്. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 26, 159 എന്നിവപ്രകാരം തദ്ദേശസ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ സര്‍ക്കാര്‍കമ്പനികളിലോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ നിന്നുമാത്രമേ ജീവനക്കാരെ ആവശ്യപ്പെടാന്‍ പാടുള്ളു. ജീവനക്കാരുടെ ഡേറ്റ തിരഞ്ഞെടുപ്പുകമ്മീഷന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാനുള്ള നിര്‍ദേശം സ്വയംഭരണാധികാരസ്ഥാപനത്തിനുമേല്‍ നിയമവിരുദ്ധമായി നിയന്ത്രണം നേടാനുള്ള നടപടിയാണ് ഹര്‍ജിക്കാര്‍ വാദിച്ചു.

മൂന്ന് അഭിഭാഷകര്‍തന്നെയാണു തിരഞ്ഞെടുപ്പുകമ്മീഷനും മറ്റു കക്ഷികള്‍ക്കും വേണ്ടി ഹാജരായത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പു നടത്താന്‍ ഭരണഘടനയുടെ 324 അനുച്ഛേദപ്രകാരം തിരഞ്ഞെടുപ്പുകമ്മീഷന് അധികാരം നല്‍കിയിട്ടുണ്ടെന്നു തിരഞ്ഞെടുപ്പുകമ്മീഷന്‍ വാദിച്ചു. തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കായി വേണ്ടിവരുന്ന ജീവനക്കാരെ വിവിധ സ്ഥാപനങ്ങളില്‍നിന്നു വിളിച്ചുവരുത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷന് അധികാരമുണ്ട്. തങ്ങളുടെ അധികാരപരിധിയില്‍നിന്നുകൊണ്ട് തിരഞ്ഞെടുപ്പു നടത്താനാവശ്യമായ ജീവനക്കാരുടെ സമഗ്രമായ ഒരു ഡേറ്റാബേസ് തയ്യാറാാക്കുന്നതിനുള്ള നടപടി എന്ന നിലയിലാണു കമ്മീഷന്റെ വിജ്ഞാപനത്തെ കാണേണ്ടത് കമ്മീഷന്‍ വാദിച്ചു. തിരഞ്ഞെടുപ്പുകമ്മീഷന്റെ ഈ വാദങ്ങളെല്ലാം നിരാകരിച്ചുകൊണ്ടാണു കല്‍ക്കത്ത ഹൈക്കോടതി സഹകരണമേഖലയ്ക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.

Related posts

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator

ക്ഷീരസംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് ഈ മാസം മുതല്‍ അംഗീകാരം; പുതിയ ചട്ടം വിജ്ഞാപനം ചെയ്തു

Indian Cooperator

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator
error: Content is protected !!