Indian Cooperator

ക്ഷീരസംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് ഈ മാസം മുതല്‍ അംഗീകാരം; പുതിയ ചട്ടം വിജ്ഞാപനം ചെയ്തു

മിഴ്നാട്ടില്‍ ക്ഷീരോത്പാദക സഹകരണസംഘങ്ങളില്‍നിന്നു വിരമിക്കുന്ന ജീവനക്കാര്‍ക്ക് സമാശ്വാസ പെന്‍ഷന്‍ ( കംപാഷണേറ്റ് പെന്‍ഷന്‍ ) അനുവദിക്കാനുള്ള പദ്ധതിക്കു സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രാഥമിക ക്ഷീരോത്പാദക സഹകരണസംഘങ്ങളില്‍നിന്നും പ്രാഥമിക ക്ഷീര ഉപഭോക്തൃ സഹകരണസംഘങ്ങളില്‍നിന്നും വിരമിച്ചവര്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. പെന്‍ഷന്‍ ഈ മാസംതന്നെ കൊടുത്തുതുടങ്ങിയേക്കും. ഏതാണ്ട് രണ്ടായിരം പേര്‍ക്കു ഈ പെന്‍ഷന്‍ കിട്ടും. ജില്ലാ ക്ഷീര സഹകരണയൂണിയന്‍, സംസ്ഥാനതല ഫെഡറേഷന്‍ എന്നിവയില്‍നിന്നു വിരമിക്കുന്നവര്‍ക്ക് നിലവില്‍ പെന്‍ഷന്‍ കിട്ടുന്നുണ്ട്.

പ്രാഥമിക പാലുത്പാദകസംഘങ്ങളില്‍നിന്നു വിരമിച്ച ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണു സമാശ്വാസ പെന്‍ഷന്‍ അനുവദിച്ചത്. മൃഗസംരക്ഷണ-ക്ഷീരവികസന-ഫിഷറീസ്-മത്സ്യത്തൊഴിലാളി ക്ഷേമവകുപ്പ് കഴിഞ്ഞാഴ്ച പെന്‍ഷന്‍സംബന്ധിച്ച് റിട്ടയേഡ് പ്രൈമറി മില്‍ക്ക് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കംപാഷണേറ്റ് പെന്‍ഷന്‍ റൂള്‍സ് – 2026 ( ആവിന്‍ ക്ഷേമനിധി ) പുറപ്പെടുവിച്ചു.

ക്ഷീരോത്പാദക സഹകരണമേഖല തമിഴ്നാട്ടില്‍ മൂന്നു തലങ്ങളിലായാണു പ്രവര്‍ത്തിക്കുന്നത്. താഴെത്തട്ടിലെ പ്രാഥമികതലത്തില്‍ ക്ഷീരോത്പാദക സഹകരണസംഘങ്ങളാണ്. പിന്നെ ജില്ലാ ക്ഷീരോത്പാദക സഹകരണയൂണിയനും തമിഴ്നാട് സഹകരണ ക്ഷീരോത്പാദക ഫെഡറേഷന്‍ ലിമിറ്റഡുമാണു വരുന്നത്. പ്രാഥമികസംഘങ്ങളിലെ ജീവനക്കാരാണു ഈ രംഗത്തു പ്രധാനപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍, അവര്‍ക്കു റിട്ടയര്‍മെന്റ്ആനുകൂല്യങ്ങളൊന്നും നിലവിലില്ല. ഈ പെന്‍ഷന്‍ വലിയൊരു ആശ്വാസമാണവര്‍ക്ക്.

ജില്ലായൂണിയനില്‍പ്പെട്ടവര്‍ക്കു നല്‍കുന്നതുപോലുള്ള പെന്‍ഷന്‍ തങ്ങള്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് 2025 ആഗസ്റ്റിലാണു പ്രാഥമിക ക്ഷീര സഹകരണസംഘങ്ങളില്‍നിന്നു വിരമിച്ച ജീവനക്കാര്‍ സര്‍ക്കാരിനു നിവേദനം നല്‍കിയത്. സൗജന്യ ആരോഗ്യഇന്‍ഷുറന്‍സും നിത്യേന സൗജന്യമായി അരലിറ്റര്‍ പാലും ഉത്സവകാലത്തു നെയ്യും അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിലും പാല്‍ വിതരണം ചെയ്യുന്നതിലും സജീവമായി പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്കു ജില്ലായൂണിയനിലും സംസ്ഥാന ഫെഡറേഷനിലുമുള്ളവരെപ്പോലെ വിരമിക്കല്‍ആനുകൂല്യമൊന്നും കിട്ടുന്നില്ലെന്നായിരുന്നു അവരുടെ ആവലാതി.

1995 സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാരിന്റെ എംപ്ലോയീസ് പ്രോവിഡന്റ്ഫണ്ട് പദ്ധതി തമിഴ്നാട്ടിലെ ക്ഷീരോത്പാദക സഹകരണമേഖലയില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും പ്രാഥമികസംഘങ്ങളിലെ അമ്പതു ശതമാനത്തില്‍ത്താഴെ ജീവനക്കാരേ അതില്‍ ചേര്‍ന്നിട്ടുള്ളു. പി.എഫ്. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കു പ്രതിമാസം ആയിരം രൂപ മുതല്‍ 2,374 രൂപവരെ മാത്രമാണു പെന്‍ഷന്‍ കിട്ടുന്നത്. തമിഴ്നാട്ടില്‍ 12,585 പ്രാഥമിക ക്ഷീരോത്പാദക സഹകരണസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു കണക്ക്.

Related posts

പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരസംഘങ്ങളെ സജീവമാക്കി നിലനിര്‍ത്തണമെന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

Indian Cooperator

ഫണ്ട് വാങ്ങിയിട്ടുംറോഡുകള്‍ പണിതില്ല; യു.പി.യിലെ മള്‍ട്ടി സ്റ്റേറ്റ്സഹകരണസംഘം അടച്ചുപൂട്ടുന്നു

Indian Cooperator

സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്കായെന്ന് വിശദീകരണം

Indian Cooperator
error: Content is protected !!