പ്രാഥമിക സഹകരണസംഘങ്ങള്‍ നടത്തുന്ന പ്രതിമാസ നിക്ഷേപപദ്ധതികള്‍ക്ക് ( എം.ഡി.എസ് ) ജി.എസ്.ടി. ബാധകമാണെന്നും ജി.എസ്.ടി. രജിസ്ട്രേഷന്‍ എടുക്കണമെന്നുമുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഒരു ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. സ്ഥിരംനിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു ചുമതല നല്‍കണമെന്ന നിര്‍ദേശവും ഇതോടെ സ്റ്റേ ചെയ്യപ്പെട്ടു.
നേരത്തേയുള്ള ഡിവിഷന്‍ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാഹര്‍ജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസുമാരായ സുശ്രുത് എ ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പുന:പരിശോധനാഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും.
സ്ഥിരംനിക്ഷേപങ്ങള്‍ തിരികെക്കിട്ടണമെന്നാവശ്യപ്പെട്ടുള്ള നാല്‍പതോളം അപ്പീല്‍ഹര്‍ജികള്‍ തീര്‍പ്പാക്കിയാണു നേരത്തേ ഡിവിഷന്‍ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ജി.എസ്.ടി. ഒഴിവാക്കാനാണു ചിട്ടിക്കു പകരം എം.ഡി.എസ്. നടത്തുന്നതെന്നു വിലയിരുത്തിയാണു ഹൈക്കോടതി ജി.എസ്.ടി. എടുക്കണമെന്നു നിര്‍ദേശിച്ചത്. സഹകരണബാങ്കുകള്‍ നല്‍കുന്ന അപേക്ഷകളില്‍ വായ്പാകുടിശ്ശികക്കാര്‍ക്കെതിരെ റവന്യൂ റിക്കവറിയിലൂടെ ജില്ലാകളക്ടര്‍മാര്‍ തിരിച്ചുപിടിക്കുന്ന തുകകള്‍ പ്രത്യേക അക്കൗണ്ടുകള്‍ തുടങ്ങി മുന്‍ഗണന നിശ്ചയിച്ച് കളക്ടര്‍മാര്‍തന്നെ വിതരണം ചെയ്യണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. അഞ്ചു സഹകരണബാങ്കുകള്‍ക്കു സര്‍ക്കാര്‍ചെലവില്‍ ഒരു സെയില്‍ഓഫീസറെ വീതം നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍. ആധികാരികരേഖകളുടെ പിന്‍ബലമില്ലാതെയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം. പ്രത്യേക അക്കൗണ്ട് തുറന്നു നിക്ഷേപം തിരികെ നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കുനല്‍കിയ നിര്‍ദേശം നിയമപരമല്ലെന്നും അഞ്ചു സഹകരണബാങ്കുകള്‍ക്ക് ഒരു സെയില്‍ ഓഫീസറെവീതം നിയമിക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതേത്തുടര്‍ന്നാണു മുന്‍ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍ക്കാറിനുവേണ്ടി അഡ്വക്കറ്റ്ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പും സ്പെഷല്‍ ഗവ. പ്ലീഡര്‍ പി.പി. താജുദ്ദീനും ഹാജരായി.
