സഹകരണ സംഘങ്ങളില്‍ നിയമപ്രകാരം സൂക്ഷിക്കേണ്ട തരളധനം അടക്കമുള്ള ഫഌയിഡ് റിസോഴ്‌സസിന്റെ വ്യവസ്ഥകളില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കാമെന്ന് സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. ചട്ടത്തിലും ഇതനുസരിച്ച് മാറ്റം വരുത്തിയാണ്. അതാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ചുമതല നല്‍കിയത്.
കേരള സഹകരണ സംഘം നിയമങ്ങളിലെ 63(2), സഹകരണ സംഘങ്ങളിലെ ഫഌയിഡ് റിസോഴ്‌സസ് പരിപാലിക്കുന്നതിനുള്ള ഫോമുകള്‍, മാനദണ്ഡങ്ങള്‍ അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കാനോ, ഇളവ് ചെയ്യാനോ, വ്യക്തമാക്കാനോ സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ വ്യവസ്ഥകളില്‍ ഇളവുനല്‍കാമെന്നാണ് വ്യവസ്ഥ. നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവന്നെങ്കിലും അത്തരമൊരു അധികാരം കൈമാറിയിട്ടില്ലെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്.
1969 ലെ കേരള സഹകരണ സംഘ നിയമങ്ങളിലെ ചട്ടം 63(2) പ്രകാരം, ചട്ടം 63(1) പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്ന ഫോമുകളോ മാനദണ്ഡങ്ങളോ നിയമങ്ങളില്‍ വിവരിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി രജിസ്ട്രാര്‍ക്ക് ഇനി പരിഷ്‌കരിക്കാന്‍ കഴിയും. അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സഹകരണ സംഘങ്ങള്‍ക്ക് അവരുടെ എളുപ്പത്തില്‍ പണമാക്കിയെടുക്കാന്‍ കഴിയുന്ന ആസ്തികള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ വഴക്കം നല്‍കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപകര്‍ പണത്തിനായി എത്തുമ്പോള്‍ അത് നല്‍കുന്നതിനാണ് നിശ്ചിതശതമാനം തരളധനമായും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ കഴിയുന്ന ആസ്തികളായും സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
