Indian Cooperator

ഇന്ത്യയിലെ പാലും പാലുല്‍പന്നങ്ങളും ലോകരാജ്യങ്ങള്‍ക്ക് പ്രീയപ്പെട്ടതാകുന്നു; ഇസ്രയേലുമായും ധാരണയിലെത്തി

യൂറോപ്പിലും ഗള്‍ഫിലും മറ്റനേകം രാജ്യങ്ങളിലും തങ്ങളുടെ പാലുത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുള്ള അമുലിന്റെ അടുത്ത നോട്ടം ഇസ്രായേല്‍വിപണിയാണ്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേലില്‍ എത്തിയ കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി പിയൂഷ് ഗോയല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണാടിസ്ഥാനത്തിലുള്ള വളര്‍ച്ചയുടെ സാധ്യതകള്‍ വിലയിരുത്തി.

കാര്‍ഷിക, സാങ്കേതികവിദ്യാ, സഹകരണമേഖലകളിലെ വളര്‍ച്ചയ്ക്കാണ് ഇരുരാജ്യങ്ങളും ഊന്നല്‍ നല്‍കുന്നത്. അഗ്രിടെക്, ജല മാനേജ്മെന്റ്, സമൂഹാടിസ്ഥാനത്തിലുള്ള കാര്‍ഷികമാതൃകകള്‍ എന്നീ രംഗങ്ങളില്‍ ഇസ്രായേലുമായി ഇന്ത്യ സഹകരിക്കും. ഇസ്രായേല്‍ കാര്‍ഷിക-ഭക്ഷ്യസുരക്ഷാ മന്ത്രി എവി ഡിഷര്‍ ഇസ്രായേലിന്റെ തനതായ ദീര്‍ഘകാല ഭക്ഷ്യസുരക്ഷാ പദ്ധതികളെയും വിത്തുഗുണം വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യകളെയും കൃഷിയില്‍ വെള്ളത്തിന്റെ പുനരുപയോഗത്തെയുംകുറിച്ച് മന്ത്രി പിയൂഷ് ഗോയലിനു വിശദീകരിച്ചുകൊടുത്തു.

പശ്ചിമേഷ്യയില്‍ കൂടുതല്‍ വിപണി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അമുലിന്റെ ഉടമസ്ഥരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( ജി.സി.എം.എം.എഫ് ) ഇസ്രായേലുമായി സഹകരണത്തിനുള്ള സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണു മന്ത്രി പിയൂഷ് ഗോയലിന്റെ ഇസ്രായേല്‍സന്ദര്‍ശനം. ലോകത്തെ ഏറ്റവും വലിയ പാലുത്പാദകരാജ്യമായ ഇന്ത്യയും ഇസ്രായേലും തമ്മില്‍ സംയുക്തസംരംഭങ്ങള്‍ തുടങ്ങാനും സാങ്കേതികവിദ്യാകൈമാറ്റത്തിനും വിപണീവിപുലീകരണത്തിനും സഹകരണം നിര്‍ണായകസംഭാവനകള്‍ നല്‍കും. സ്വതന്ത്രവ്യാപാരക്കരാറിനുവേണ്ടിയുള്ള പരാമര്‍ശവിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാര്‍ നടപ്പായാല്‍ സഹകരണോത്പന്നങ്ങളുടെയും ക്ഷീരോത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും കയറ്റുമതിക്കു പുതിയ അവസരങ്ങള്‍ തുറക്കും.

ഇപ്പോള്‍ത്തന്നെ അമുല്‍ഉത്പന്നങ്ങള്‍ ലോകത്തെ അമ്പതിലധികം രാജ്യങ്ങളില്‍ വില്‍ക്കുന്നുണ്ട്. വടക്കെ അമേരിക്ക, മധ്യേഷ്യ, ഏഷ്യ എന്നിവയിലെ രാജ്യങ്ങള്‍ ഇതില്‍പ്പെടും. ഈയടുത്തു സ്പെയിനിലെ വിപണിയും സ്വന്തമാക്കി യൂറോപ്പിലേക്കും അമുല്‍ കാലെടുത്തുവെച്ചുകഴിഞ്ഞു. നെയ്യ്, പാല്‍, പനീര്‍, പാല്‍ക്കട്ടി തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടങ്ങളില്‍ വില്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, യു.എസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണു തുടക്കത്തില്‍ അമുലിനു വിപണിയുണ്ടായിരുന്നത്. വടക്കേ അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലും വിപണിയുറപ്പിച്ചു. 2024 ലാണു സ്പെയിനില്‍ വിപണി കണ്ടെത്തിയത്. ഇനി ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളാണു ലക്ഷ്യമിടുന്നത്. ലോകത്തെ വന്‍കിട ഡെയറികമ്പനികളില്‍ എട്ടാംസ്ഥാനമാണ് ഇപ്പോള്‍ അമുലിനുള്ളത്. ഇതു മൂന്നാംസ്ഥാനത്തെത്തിക്കാനാണു ഇന്ത്യയിലെ ഏറ്റവും വലിയ എഫ്.എം.സി.ജി. ( ഏറ്റവും വേഗം വിറ്റഴിയുന്ന ഉപഭോക്തൃവസ്തു ) ബ്രാന്റായ അമുലിന്റെ ശ്രമം.

കേരളത്തിന്റെ അഭിമാനമായ മില്‍മയും വിദേശവിപണികള്‍ പിടിക്കാനുള്ള ശ്രമത്തിലാണ്. പനീര്‍, പായസം മിക്സ്, ഡെയറി വൈറ്റ്നര്‍ എന്നിവ ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ വിപണികളില്‍ എത്തിക്കാനുള്ള ധാരണാപത്രത്തില്‍ മില്‍മ ഒപ്പിട്ടത് ഈയിടെയാണ്. ഇപ്പോള്‍ത്തന്നെ ഒട്ടേറെ ഗള്‍ഫ് രാജ്യങ്ങളില്‍ മില്‍മഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. യു.എസ്, മാലെദ്വീപ് എന്നിവിടങ്ങളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമം മില്‍മ തുടങ്ങിക്കഴിഞ്ഞു.

Related posts

പുതിയ അര്‍ബന്‍ബാങ്കുകള്‍തത്കാലം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Indian Cooperator

പിന്തുടര്‍ച്ചാവകാശത്തര്‍ക്കത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

Indian Cooperator

സംഘങ്ങള്‍ ലാഭവിഹിതവരുമാനം അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്താല്‍ നികുതികിഴിവ് കിട്ടും

Indian Cooperator
error: Content is protected !!