ഇന്‍ഡോനേഷ്യ പാലുത്പാദനം വര്‍ധിപ്പിക്കാനുള്ള തീവ്രയജ്ഞത്തിലാണ്. ഇതിനായി അത്യുത്പാദനശേഷിയുള്ള പശുക്കളെ ഇറക്കുമതി ചെയ്തു രാജ്യത്തെ ക്ഷീര സഹകരണസംഘങ്ങളെ ഏല്‍പ്പിക്കുകയാണു സര്‍ക്കാര്‍. ഓസ്‌ട്രേലിയയില്‍നിന്നാണു പ്രധാനമായും പശുക്കളെ കൊണ്ടുവരുന്നത്. അതും പാലുത്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഹോള്‍സ്റ്റീന്‍ ഫ്രീസിയന്‍ പശുക്കളെ. ലാറാസ് അറ്റി ക്ഷീര സഹകരണസംഘത്തിലേക്ക് ഈയിടെ എത്തിയത് ഗര്‍ഭിണികളായ 200 പശുക്കളാണ്.
രാജ്യത്തിപ്പോള്‍ 2,20,00 പശുക്കളാണുള്ളത്. ഇവയുടെ എണ്ണം അഞ്ചു വര്‍ഷംകൊണ്ട് 10 ലക്ഷമാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിപുലമായ മാസ്റ്റര്‍പ്ലാന്‍തന്നെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ 8.3 കോടി കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. വിദേശത്തുനിന്നു പശുക്കളെ വാങ്ങാന്‍മാത്രം 300 കോടി ഡോളറാണു ചെലവാക്കുക. ജനസംഖ്യയില്‍ ലോകത്തു നാലാംസ്ഥാനത്തുനില്‍ക്കുന്ന ( 2025 നവംബറിലെ കണക്കനുസരിച്ച് ജനസംഖ്യ 28.65 കോടി ) ഇന്‍ഡോനേഷ്യയില്‍ ആവശ്യമുള്ള പാല്‍പ്പൊടി എത്തുന്നത് ന്യൂസിലന്റില്‍നിന്നും അമേരിക്കയില്‍നിന്നുമാണ്. കഴിഞ്ഞ കൊല്ലം അധികാരത്തിലേറിയ പ്രസിഡന്റ് പ്രഭാവോ സുബിയാന്തോയുടെ പ്രധാന തിരഞ്ഞെടുപ്പുവാഗ്ദാനമായിരുന്നു കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമുള്ള സൗജന്യഭക്ഷണവിതരണം.
കഴിഞ്ഞ ഡിസംബറിലാണു രാജ്യത്ത് ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിച്ചത്. കാര്യങ്ങള്‍ പക്ഷേ, മന്ദഗതിയിലാണു നീങ്ങുന്നത്. ഇക്കൊല്ലം രണ്ടു ലക്ഷം വിദേശപശുക്കളെ ഇറക്കുമതി ചെയ്യാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ജൂലായ് വരെ 11,375 പശുക്കളേ എത്തിയിട്ടുള്ളു. പദ്ധതിയുടെ വിജയത്തിനായി ബിസിനസ് സ്ഥാപനങ്ങളുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. പശുക്കളെ ഇറക്കുമതി ചെയ്യാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ സഹായിക്കണം. ഈ പശുക്കളെ ക്ഷീര സഹകരണസംഘങ്ങള്‍ പരിപാലിക്കും. ബിസിനസ് സ്ഥാപനങ്ങള്‍ക്കു വരുമാനത്തിലൊരു പങ്ക് നല്‍കും.
ഇന്‍ഡോനേഷ്യയിലെ സഹകരണപ്രസ്ഥാനത്തിന് ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1895 ലാണു സഹകരണസംഘങ്ങളുടെ തുടക്കം. പില്‍ക്കാലത്ത് പ്രസിഡന്റ് സുഹാര്‍തോ അധികാരത്തിലെത്തിയപ്പോള്‍ സഹകരണസംഘങ്ങളുടെ വളര്‍ച്ചയ്ക്കു തടയിട്ടു. രാജ്യത്ത് ഇടതുപക്ഷാശയങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നതു സുഹാര്‍തോയെ ഭയപ്പെടുത്തി. ഇടതുപക്ഷസ്വാധീനമുള്ള സഹകരണസംഘങ്ങളെ അദ്ദേഹം പിരിച്ചുവിട്ടു. 1966 ല്‍ 73,000 ത്തിലധികം സഹകരണസംഘങ്ങള്‍ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ സംഘങ്ങളുടെ എണ്ണം പന്ത്രണ്ടായിരത്തില്‍ താഴെയായെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനുശേഷം സുഹാര്‍തോ സ്വന്തംരീതിയില്‍ സഹകരണസംഘങ്ങളെ ഗ്രാമീണയൂണിറ്റുകളാക്കി മാറ്റി കേന്ദ്രസര്‍ക്കാരിനു കീഴില്‍ കൊണ്ടുവന്നു.
1970 കളിലും 80 കളിലും ഇത്തരം സംഘങ്ങളാണു രാജ്യത്തുണ്ടായിരുന്നത്. ഗ്രാമതലത്തില്‍ സര്‍ക്കാരിന്റെ സാന്നിധ്യം നിലനിര്‍ത്തുകയായിരുന്നു സുഹാര്‍തോയുടെ ലക്ഷ്യം. താഴെത്തട്ടില്‍നിന്നാണു സഹകരണസംഘങ്ങള്‍ രൂപംകൊള്ളേണ്ടതെന്നു സഹകരണവിദഗ്ധനായ സുറോതോ അഭിപ്രായപ്പെടുന്നു. മേലേനിന്ന് അടിച്ചേല്‍പ്പിച്ചാല്‍ അവയ്ക്കു സുഹാര്‍തോയുടെ കാലത്തെ ഗതിവരും അദ്ദേഹം പറഞ്ഞു. രണ്ടായിരമാണ്ടാകുമ്പോഴേക്കും ഇന്‍ഡോനേഷ്യയില്‍ സഹകരണപ്രസ്ഥാനം കരുത്താര്‍ജിച്ചുതുടങ്ങി. 1998 ല്‍ 52,000 സംഘങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 2001 ല്‍ അവയുടെ എണ്ണം 1,03,000 ആയി വര്‍ധിച്ചു.
