Indian Cooperator

കേരളബാങ്കിന് പുതിയ ഭരണസമിതി; ഇടതുപക്ഷത്തിന് പൂര്‍ണവിജയം

കേരളാബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപാനലിന് സമ്പൂര്‍ണ വിജയം. മലപ്പുറം ഒഴികെയുള്ള ജില്ലകളിലെയും അര്‍ബന്‍ ബാങ്കിന്റെയും പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് തിങ്കളാഴ്ച നടന്നത്. വോട്ടെണ്ണലിന് ശേഷം പുതിയ ഭരണസമിതി ചുമതലയേറ്റ് ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. കോഴിക്കോട് നിന്ന് ജനറല്‍ വിഭാഗത്തില്‍ ജയിച്ച പി.മോഹനന്‍ മാസ്റ്ററെ കേരളാബാങ്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. കണ്ണൂരില്‍നിന്നുള്ള പ്രതിനിധിയും മുന്‍ എം.എല്‍.എ.യുമായ ടി.വി.രാജേഷാണ് വൈസ് പ്രസിഡന്റ്. 26വരെയായിരുന്നു നിലവിലെ ഭരണസമിതിക്ക് കാലാവധിയുണ്ടായിരുന്നത്.

14 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യു.ഡി.എഫ്. പാനല്‍ മത്സരത്തിനുണ്ടായിരുന്നു. സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ് മത്സരിച്ചത്. പക്ഷേ, വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പിന് ബഹിഷ്‌കരിക്കുകയാണെന്ന് സഹകരണ ജനാധിപത്യവേദി പ്രഖ്യാപിച്ചിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റതിന് ശേഷമാണ് പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുക.

കൊല്ലം, തിരുവനന്തപുരം, കാസര്‍കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ സംവരണ വിഭാഗത്തിലുള്ളവരാണ്. കൊല്ലത്തുനിന്ന് 40 വയസിന് താഴെ പ്രായമുള്ള യുവാവിനായിരുന്നു സംവരണം. എ.അധിന്‍ ഈ വിഭാഗത്തില്‍നിന്ന് ജയിച്ചു. 40 വയസിന് താഴെയുള്ള വനിതാ സംവരണം ഇടുക്കിയില്‍നിന്നായിരുന്നു. ശ്രീജ എം.എസ്. ആണ് വിഭാഗത്തില്‍നിന്നുള്ള വിജയി. വനിതാ സംവരണ മണ്ഡലമായ തിരുവനന്തപുരം, കാസര്‍ക്കോട് ജില്ലകളില്‍നിന്ന് അഡ്വ.ശ്രീജ ഷൈജുദേവും എ.എം.മേരിടീച്ചറും പ്രതിനിധികളായെത്തി. പട്ടികവിഭാഗ സംവരണമായ പാലക്കാടുനിന്ന് ഒ.വി. സ്വാമിനാഥന്‍ ഭരണസമിതി അംഗമായി. ഷിബു ടി.സി.യാണ് അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധി.

ജനറല്‍ വിഭാഗത്തില്‍ എട്ടുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി.ഗാനകുമാര്‍ (ആലപ്പുഴ), അഡ്വ.ജോസ് ടോം(കോട്ടയം), അഡ്വ.വി.സലീം (എറണാകുളം), എം.ബാലാജി (തൃശൂര്‍), പി.മോഹനന്‍ മാസ്റ്റര്‍ (കോഴിക്കോട്), പി.ഗഗാറിന്‍ (വയനാട്), ടി.വി.രാജേഷ് (കണ്ണൂര്‍) എന്നിവരാണ് ജനറല്‍ വിഭാഗത്തില്‍ ജയിച്ചത്. ഇതില്‍ പി.ഗാനകുമാര്‍, പി.ഗഗാറിന്‍ എന്നിവര്‍ നിലവിലെ ഭരണസമിതിയില്‍ അംഗങ്ങളായിരുന്നവരാണ്.

Related posts

നെല്ലിന്റെ ഗുണനിലവാരം സപ്ലൈകോ പരിശോധിക്കും; കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് സംഘങ്ങള്‍

Indian Cooperator

കാന്താരി മോരും ബനാന ബര്‍ഫിയുമടക്കം അഞ്ച് പുതിയ ഉല്‍പന്നങ്ങളുമായി മില്‍മ

Indian Cooperator

ഊരാളുങ്കലിന്റെ പുതിയ പദ്ധതിക്ക് 75.85 കോടിരൂപ ചെലവ്; എന്‍.സി.ഡി.സി. നല്‍കുന്നത് 66.46 കോടി

Indian Cooperator
error: Content is protected !!