Indian Cooperator

ആറാം വാര്‍ഷികം ആഘോഷിച്ച് കേരള ബാങ്ക്; ആറാണ്ടില്‍ നേട്ടങ്ങളേറെ

കേരളാബാങ്ക് രൂപവത്കരിച്ച് ആറുവര്‍ഷം പൂര്‍ത്തിയാകുകയാണ്. കേരളത്തില്‍ ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരളാബാങ്ക് രൂപവത്കരിച്ചത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ 2019 നവംബര്‍ 29നാണ് ഔദ്യോഗികമായി കേരളാബാങ്ക് നിലവില്‍വന്നത്. ആറ് ആണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഒട്ടേറെ നേട്ടം കേരളാബാങ്കിന് ഉണ്ടാക്കാനായിട്ടുണ്ടെന്ന് ബാങ്ക് മാനേജ്‌മെന്റ് അവകാശപ്പെട്ടു. പി.മോഹനന്‍മാസ്റ്ററുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ഭരണസമിതി ചുമതലയേറ്റതിന് ശേഷമാണ് ആറാം വാര്‍ഷികാഘോഷം നടക്കുന്നത്. ഇനിയും ഒട്ടേറെ മുന്നോട്ടുപോകാന്‍ കേരളാബാങ്കിനുണ്ടെന്ന് ചുമതലയേറ്റ ഘട്ടത്തില്‍തന്നെ പി.മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളാബാങ്ക് രൂപവത്കരണത്തിന്റെ ആറാം വാര്‍ഷികം സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് റീജണല്‍ ഓഫീസില്‍ ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. തിരുവനന്തപുരത്ത് ഹെഡ് ഓഫീസില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ പതാക ഉയര്‍ത്തി. സംസ്ഥാനത്ത് ബാങ്കിന്റെ ഏഴ് റീജണല്‍ ഓഫീസുകളിലും 14 ക്രഡിറ്റ് പ്രൊസസിങ് സെന്ററുകളിലും (ജില്ലാ കേന്ദ്രങ്ങളിലും), ശാഖകളിലും പതാക ഉയര്‍ത്തലും മധുര പലഹാര വിതരണവും സംഘടിപ്പിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശാഖകളില്‍ ഇടപാടുകാരുടെ സംഗമം നടന്നു. കേരള ബാങ്കിന്റെ മൊത്തം ബിസിനസ് നിലവില്‍ 1.25 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. അമ്പതിനായിരം കോടി രൂപയുടെ വായ്പ ബാക്കിനില്‍പ്പ് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാന സഹകരണ ബാങ്കും കേരളത്തില്‍ ഈ നേട്ടം കൈവരിച്ച അഞ്ച് ബാങ്കിലൊന്നും കേരള ബാങ്കാണ്.

ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും കേരളത്തിന്റെ സാമൂഹിക വികാസത്തില്‍ പങ്കുവഹിച്ചും കേരള ബാങ്ക് മുന്നോട്ടുപോകും-പി.മോഹനന്‍മാസ്റ്റര്‍, പ്രസിഡന്റ്

ശാഖകളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ ബാങ്ക് ആയ കേരള ബാങ്ക് വയനാട് പ്രകൃതി ദുരന്ത ബാധിതരായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശവാസികളുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. സഹകരണ ബാങ്കിംഗ് മേഖലയില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരള ബാങ്ക്, ആര്‍.ബി.ഐ. നിയന്ത്രണത്തില്‍ എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും നല്‍കിവരുന്നു. 2025 ഒക്ടോബര്‍ 31ന് അവസാനിച്ച നൂറു ദിന സ്വര്‍ണ്ണ പണയ ക്യാമ്പയിന്‍ വഴി കേരള ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പയില്‍ 2071 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

Related posts

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

Indian Cooperator

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

Indian Cooperator

വയനാട് ദുരിതാശ്വാസനിധിയിലേക്ക് കെ.സി.ഇ.യു. 1,00,52,257 രൂപകൂടി നല്‍കി; ഇതുവരെ നല്‍കിയത് മൂന്ന് കോടി

Indian Cooperator
error: Content is protected !!