Indian Cooperator

കേന്ദ്ര നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ കണക്ക് പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

രാജ്യത്തെ സഹകരണ, വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തുകയുടെ 41.5 ശതമാനം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( ഡി.ഐ.സി.ജി.സി ) വഴി ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. ഈ ബാങ്കുകളിലെ മൊത്തം അക്കൗണ്ടുകളില്‍ 97.6 ശതമാനവും ( 286.5 കോടി അക്കൗണ്ടുകള്‍ ) ഡി.ഐ.സി.ജി.സി.യില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. 2025 മാര്‍ച്ച് വരെയുള്ള ഈ കണക്ക് റിസര്‍വ് ബാങ്കാണു പുറത്തുവിട്ടിരിക്കുന്നത്. ഓരോ നിക്ഷേപകനും പരമാവധി അഞ്ചു ലക്ഷം രൂപയാണു ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുക.

2025 മാര്‍ച്ച് 25 വരെ സഹകരണ, കമേഴ്സ്യല്‍ ബാങ്കുകളിലുള്ള ആകെ നിക്ഷേപം 241.08 ലക്ഷം കോടി രൂപയാണ്. ഇതില്‍ 100.12 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്‍ഷുര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷം 94.12 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്‍ഷുര്‍ ചെയ്തിരുന്നത്. ഇത് ആകെ നിക്ഷേപത്തുകയുടെ 43.1 ശതമാനമായിരുന്നു. 2025 സാമ്പത്തികവര്‍ഷം ലിക്വിഡേഷനിലോ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തുന്ന AID ( All Inclusive Directions ) പോലുള്ള നിയന്ത്രണങ്ങളിലോ ഉള്‍പ്പെട്ട 43 അര്‍ബന്‍ സഹകരണബാങ്കുകളിലെ നിക്ഷേപകര്‍ക്കു ഡി.ഐ.സി.ജി.സി. 476 കോടി രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയായി വിതരണം ചെയ്തിട്ടുണ്ട്.

സേവിങ്സ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, കറന്റ് അക്കൗണ്ട് എന്നിവയിലുള്‍പ്പെടെ നിക്ഷേപിച്ചിട്ടുള്ളവര്‍ക്കു ബാങ്കുകള്‍ തകരുമ്പോള്‍ സാമ്പത്തികസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണു റിസര്‍വ് ബാങ്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ രൂപവത്കരിച്ചിട്ടുള്ളത്. ഒരു നിക്ഷേപകനു പരമാവധി അഞ്ചു ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കുക. നേരത്തേ ഒരു ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി നിക്ഷേപകനു നല്‍കിയിരുന്നത്. 2020 ഫെബ്രുവരിയില്‍ ഇത് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി.

1978 ജൂലായ് പതിനഞ്ചിനാണു ഡി.ഐ.സി.ജി.സി. രൂപവത്കരിച്ചത്. നേരത്തേയുണ്ടായിരുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ലയിപ്പിച്ചാണു ഡി.ഐ.സി.ജി.സി.ക്കു രൂപം കൊടുത്തത്. 2021-2022 സാമ്പത്തികവര്‍ഷം 8,517 കോടി രൂപയും 2023-24 ല്‍ 1,432 കോടി രൂപയുമാണു ഡി.ഐ.സി.ജി.സി. ഇന്‍ഷുറന്‍സ് പരിരക്ഷയായി നിക്ഷേപകര്‍ക്കു നല്‍കിയത്.

Related posts

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

Indian Cooperator

പണയ സ്വര്‍ണം മറ്റൊരിടത്ത് പണയംവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും

Indian Cooperator

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; തിങ്കളാഴ്ച അവസാന തീയതി

Indian Cooperator
error: Content is protected !!