Indian Cooperator

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി; ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി സ്വീകരിക്കാം

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് അതത് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാമെന്ന് റിസര്‍വ് ബാങ്ക്. മതിയായ സെക്യൂരിറ്റികള്‍ ഈടായി നല്‍കിയാല്‍ റൂറല്‍ സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും കര്‍ശനനിബന്ധനകളോടെ വായ്പകള്‍ അനുവദിക്കാമെന്നാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 20 ല്‍ റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ചു ഭേദഗതി വരുത്തി.

ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 20 പ്രകാരം റൂറല്‍ സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ക്കും അവര്‍ക്കു താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ പാടില്ല. സ്വാര്‍ഥലാഭത്തിനായി ഔദ്യോഗിക കടമകള്‍ മറികടക്കുന്നതും നിക്ഷേപകരുടെ പണം ദുരുപയോഗം ചെയ്യപ്പെടുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. സെക്ഷന്‍ 20 ന്റെ കാര്യത്തില്‍ സഹകരണസ്ഥാപനങ്ങളെ കമ്പനിയായോ സ്ഥാപനമായോ പരിഗണിക്കരുതെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.

സര്‍ക്കാര്‍ സെക്യൂരിറ്റികളുള്‍പ്പെടെയുള്ള സെക്യൂരിറ്റികള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, സ്വന്തം പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ എന്നിവ ഈടു നല്‍കി ഡയറക്ടര്‍മാര്‍ക്കു വായ്പയെടുക്കാം എന്നാണു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ നല്‍കുന്ന സെക്യൂരിറ്റികളുടെ റിയലൈസബിള്‍ വാല്യൂ ( വില്‍പനയില്‍നിന്നു ലഭിക്കാവുന്ന മൂല്യം ) വിന്റെ 100 ശതമാനത്തിലധികം വരുന്ന തുക വായ്പയായി കൊടുക്കാന്‍ പാടില്ല എന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു. ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവരുള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്കു റൂറല്‍ സഹകരണബാങ്കിലെ ജീവനക്കാര്‍ക്കു ബാധകമായ അതേ പരിധിയില്‍ത്തന്നെയായിരിക്കും വായ്പ അനുവദിക്കുക. ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പലിശയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവര്‍ക്കു പലിശ നിശ്ചയിക്കാന്‍ പാടില്ല. ഇത്തരം വായ്പകളെടുത്ത് ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍പോലുള്ള സാമ്പത്തിക ആസ്തികളില്‍ നിക്ഷേപിക്കാനോ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടാനോ പാടില്ലെന്നു നിര്‍ദേശമുണ്ട്.

2026 ഏപ്രില്‍ ഒന്നിനാണ് ഈ ഭേദഗതിനിര്‍ദേശങ്ങള്‍ നിലവില്‍ വരിക. എന്നാലും, റൂറല്‍ സഹകരണബാങ്കുകള്‍ക്ക് വേണമെങ്കില്‍ അതിനു മുമ്പുതന്നെ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്‍കിയിട്ടുണ്ട്.

Related posts

റിസര്‍വ് ബാങ്കിന്റെ പുതിയ വ്യവസ്ഥകള്‍ചോദ്യം ചെയ്ത് കര്‍ണാടക അര്‍ബന്‍ബാങ്ക് ഫെഡറേഷന്‍ ഹൈക്കോടതിയില്‍

Indian Cooperator

കമ്മീഷനില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പണം ലഭിക്കും; സ്ഥാപനങ്ങള്‍ക്കും സേവനം

Indian Cooperator

തമിഴ്‌നാട്ടില്‍ സംഘങ്ങളില്‍ നിന്നെടുത്ത എല്ലാ കാര്‍ഷികവായ്പകളും എഴുതിത്തള്ളണമെന്നു കര്‍ഷകര്‍

Indian Cooperator
error: Content is protected !!