സഹകരണാധിഷ്ഠിത ഭാരത് ടാക്സിസര്‍വീസ് മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യമുഴുവന്‍ പ്രവര്‍ത്തനം തുടങ്ങും. തുടക്കത്തില്‍ ഡല്‍ഹിയിലെയും ഗുജറാത്തിലെയും ഏഴു നഗരങ്ങളിലാണു ഭാരത് ടാക്സി വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്.
ഇതിനകം പത്തു ലക്ഷം പേര്‍ ഈ ടാക്സിയില്‍ യാത്രചയ്തുകഴിഞ്ഞു എന്നാണു കണക്ക്. ഇതുവരെ മൂന്നു ലക്ഷം ഡ്രൈവര്‍മാരാണ് ‘ സാരഥി ഹൈ മാലിക് ( ഡ്രെവറാണ് ഉടമ ) എന്ന ഈ ടാക്സിസര്‍വീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഗുജറാത്തിലെ അഹമ്മദാബാദ്, രാജ്കോട്ട്, സോമനാഥ്, ദ്വാരക എന്നിവിടങ്ങളിലുമാണ് ഇപ്പോള്‍ സര്‍വീസുള്ളത്. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരമാണ് ഈ സീറോ കമ്മീഷന്‍ ടാക്സി പ്ലാറ്റ്ഫോം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ടു പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ പിന്തുണയോടെ തുടങ്ങിയിട്ടുള്ള ഭാരത് ടാക്സിയില്‍നിന്നുള്ള വരുമാനം പൂര്‍ണമായും ഡ്രൈവര്‍മാര്‍ക്കുള്ളതാണ്. ഭാരത് ടാക്സി പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കു കാര്‍, ത്രീവീലര്‍, ടൂവീലര്‍ എന്നിവ ബുക്ക് ചെയ്യാം. ടാക്സിസര്‍വീസ് പ്രവര്‍ത്തനം തുടങ്ങിയശേഷം ഒരു ദിവസം പതിനായിരത്തിലധികം യാത്രകളാണു നടത്തുന്നത്. ഇതുവരെയായി പത്തു കോടി രൂപ ഡ്രൈവര്‍മാര്‍ക്കു വരുമാനമായി കിട്ടിക്കഴിഞ്ഞു.
ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ ( എന്‍.സി.ഡി.സി ), ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് ( ഇഫ്കോ ), അമുല്‍ എന്നറിയപ്പെടുന്ന ഗുജറാത്ത് കോ-ഓപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( ജി.സി.എം.എം.എഫ് ), നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ് (നബാര്‍ഡ് ), ക്രിഷക് ഭാരതി കോ-ഓപറേറ്റീവ് ലിമിറ്റഡ് ( ക്രിഭ്കോ ), നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( നാഫെഡ് ), നാഷണല്‍ ഡെയറി ഡവലപ്മെന്റ് ബോര്‍ഡ് ( എന്‍.ഡി.ഡി.ബി ), നാഷണല്‍ കോ-ഓപറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് ( എന്‍.സി.ഇ.എല്‍ ) എന്നിവയാണു ഭാരത്ടാക്സിയെ പിന്തുണയ്ക്കുന്ന എട്ടു സഹകരണസ്ഥാപനങ്ങള്‍. ഭാരത്ടാക്സിയുടെ അംഗീകൃതമൂലധനമായി 300 കോടി രൂപയാണ് ഈ എട്ടു സ്ഥാപനങ്ങള്‍ ചേര്‍ന്നു നല്‍കിയത്.
ഒല, യൂബര്‍ ടാക്സിസര്‍വീസുകള്‍ക്കു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മള്‍ട്ടി സ്റ്റേറ്റ് സഹകാരി ടാക്സി സഹകരണസംഘം ലിമിറ്റഡായി 2025 ജൂണ്‍ ആറിനാണ് എട്ടു സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ പിന്തുണയോടെ ഭാരത് ടാക്സിസര്‍വീസ് രജിസ്റ്റര്‍ ചെയ്തത്. ഡ്രൈവര്‍മാര്‍ക്കു മികച്ച വരുമാനം നല്‍കുക, യാത്രക്കാര്‍ക്കു സുരക്ഷിതവും താങ്ങാവുന്ന ചെലവുവരുന്നതുമായ സര്‍വീസ് കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു തുടങ്ങിയത്.
ലോകത്തു സഹകരണാടിസ്ഥാനത്തിലുള്ള ആദ്യത്തെയും വലുതുമായ റൈഡ് ഹെയ്ലിങ് സര്‍വീസ് ( ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകാന്‍ മൊബൈല്‍ ആപ്പ് വഴി കാറും ഡ്രൈവറെയും ബുക്ക് ചെയ്യുന്ന സര്‍വീസ് ), ലോകത്തു ഡ്രൈവര്‍മാര്‍ ഉടമകളായ ഏറ്റവും വലിയ ടാക്സിസര്‍വീസ് എന്നീ പ്രത്യേകതകളുണ്ട് ഭാരത് ടാക്സിക്കെന്നു കേന്ദ്ര സഹകരണമന്ത്രാലയം അവകാശപ്പെടുന്നു.
