Indian Cooperator

കര്‍ണാടകയില്‍ സംഘത്തില്‍നിന്നു 65 കോടി തട്ടി സ്വത്ത് വാങ്ങിക്കൂട്ടിയ പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ഇ.ഡി. പൂട്ടി

സഹകരണസംഘത്തിന്റെ 65 കോടി രൂപ തട്ടിയെടുത്ത് സ്ഥലവും സ്വത്തും വാങ്ങിക്കൂട്ടിയ ദമ്പതിമാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൂട്ടി. കര്‍ണാടകയിലെ ശ്രീവൈഭവ സൗഹാര്‍ദ പട്ടിണ സഹകാരിസംഘത്തിന്റെ പ്രസിഡന്റും സി.ഇ.ഒ.യുമാണു തട്ടിപ്പുകേസില്‍ കുടുങ്ങിയത്. ഇവരുടെ 16.95 കോടി രൂപയുടെ 11 സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി. സംഘം പ്രസിഡന്റ് നാഗവല്ലി ബി.എസ്, ഭര്‍ത്താവും സി.ഇ.ഒ.യുമായ രാജേഷ് വി.ആര്‍. എന്നിവരാണു കുടുങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് ( പി.എം.എല്‍.എ ) നടപടിയെന്ന് ഇ.ഡി.യുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇരുവരുടെയും വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഇ.ഡി.യുടെ ബംഗളൂരു സോണല്‍ ഓഫീസ് ഇറക്കിയതു ഫെബ്രുവരി 12 നാണ്. രാമനഗര, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലായി ദമ്പതിമാര്‍ വാങ്ങിയ ഭൂമിയും കെട്ടിടങ്ങളുമാണു കണ്ടുകെട്ടിയത്. ബംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്. കര്‍ണാടക സ്റ്റേറ്റ് ഫെഡറല്‍ കോ-ഓപറേറ്റീവിന്റെ മാനേജിങ് ഡയറക്ടറാണു പരാതി നല്‍കിയത്. സഹകരണസംഘം പ്രസിഡന്റിന്റെയും സി.ഇ.ഒ.യുടെയും ഉടമസ്ഥതയിലുള്ള വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും പേരില്‍ മതിയായ ജാമ്യമൊന്നും ഇല്ലാതെയാണു വായ്പകളെടുത്തത്. വായ്പകളൊന്നും തിരിച്ചടയ്ക്കാതെ നിക്ഷേപകര്‍ക്കു നഷ്ടമുണ്ടാക്കി എന്നാണു പരാതിയില്‍ പറയുന്നത്.

പൊതുജനങ്ങളുടെ നിക്ഷേപം തട്ടിയെടുത്തു സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനായി നാഗവല്ലിയും രാജേഷും ചേര്‍ന്നു 2011 ല്‍ രൂപവത്കരിച്ചതാണു സഹകരണസംഘം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൃത്രിമമാര്‍ഗങ്ങളിലൂടെ ഏതാണ്ട് 65 കോടി രൂപയാണു ദമ്പതിമാരും കൂട്ടാളികളും തട്ടിയെടുത്തത്. ഈ പണമെല്ലാം സ്വന്തം ബാങ്ക് അക്കൗണ്ടുകളിലും വ്യാജഅക്കൗണ്ടുകളിലുമൊക്കെ നിക്ഷേപിച്ചു. ഭൂമി വാങ്ങാനും ബിസിനസ്സുകളില്‍ മുതല്‍മുടക്കാനും സ്വന്തം ആവശ്യങ്ങള്‍ക്കുമാണു പണമെല്ലാം ഉപയോഗിച്ചത്. കേസില്‍ അന്വേഷണം തുടരുകയാണ്. ആദ്യത്തെ നടപടിയായാണു 16.95 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് – ഇ.ഡി. ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

ഒരു ലിറ്റര്‍ പാലിന് ഒരു രൂപഓഫറുമായി ഇ-കൊമേഴ്‌സ് ഭീമന്‍;കര്‍ണാടകയില്‍ വന്‍പ്രതിഷേധം

Indian Cooperator

നാഫെഡിന്റെ സഹായത്തോടെ ആസാംതേന്‍ യു.എസ്സിലേക്ക്

Indian Cooperator

ഡേറ്റ ഫയല്‍ ചെയ്യുന്നതിലെപിഴവു കാരണം കര്‍ഷകരുടെവിള ഇന്‍ഷുറന്‍സ്തുകപിടിച്ചുവെക്കാനാവില്ല-രാജസ്ഥാന്‍ ഹൈക്കോടതി

Indian Cooperator
error: Content is protected !!